ഹരാരെ: സിംബാബ്വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 49.5 ഒാവറില്‍ 168 റണ്‍സിന് ഓള് ഔട്ടായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ധോണിയുടെ നേതൃത്വത്തിലുള്ള യുവനിര 45 പന്തുകള്‍ ബാക്കിനില്‍ക്കേ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 173 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിങ്സാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.
115 പന്തില്‍ 7 ഫോറും ഒരു സിക്സറുമടക്കമാണ് രാഹുല്‍ പുറത്താകാതെ 100 റണ്‍സെടുത്തത്. 120 പന്തില്‍ നിന്ന് 62 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അമ്പാട്ടി റായിഡു ലോകേഷിന് മികച്ച പിന്തുണ നല്കി. മറ്റൊരു അരങ്ങേറ്റക്കാരനായ മലയാളി താരം കരുണ്‍ നായര്‍ 7 റണ്‍സിന് പുറത്തായി.
നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ജസ്പ്രീത് ബൂംറയുടെ തകര്‍പ്പന്‍ ബൗളിങിന്റെ കരുത്തിലാണ് സിംബാബ്വെയെ 168-ല്‍ തളച്ചത്. 9.5 ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് ബൂംറ വീഴ്ത്തി. തുടക്കത്തിലേ തന്നെ പതറിയ സിംബാംബ്വേക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു.
41 റണ്‍സെടുത്ത ചിഗുംബുരയാണ് ടീമിലെ ടോപ് സ്കോറര്‍. ധവാല്‍ കുല്‍ക്കര്‍ണി, ബരീന്ദര്‍ ശ്രാണ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ അക്സര്‍ പട്ടേല്‍, ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: