ലിലെ: യൂറോ 2016ല്‍ നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മ്മനിക്ക് ഇന്ന് ആദ്യ അങ്കം. ഗ്രൂപ്പ് സിയില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ കരുത്തരായ ഉക്രെയിന്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് കിക്കോഫ്. ലോക റാങ്കിങില്‍ ജര്‍മ്മനി നാലാമതും ഉക്രെയിന്‍ 19-ാം സ്ഥാനത്തുമാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പോളണ്ടും അയര്‍ലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 9.30ന് നീസിലാണ് കിക്കോഫ്.
1996നുശേഷം ആദ്യമായൊരു യൂറോകപ്പ് കിരീടമാണ് ജര്‍മ്മന്‍ പോരാളികളുടെ സ്വപ്‌നം. 2008-ല്‍ ഫൈനലില്‍ കൡച്ചെങ്കിലും സ്‌പെയിനിനോട് പരാജയപ്പെട്ടു. കഴിഞ്ഞ തവണ സെമിയിലും പുറത്തായി. മൂന്നുതവണ യൂറോകപ്പ് നേടിയവരാണ് ജര്‍മ്മനി. 1972, 80, 96 ടൂര്‍ണമെന്റുകളിലായിരുന്നു കിരീടധാരണം. മൂന്നുതവണ റണ്ണേഴ്‌സുമായി. 1972, 96, 2008 വര്‍ഷങ്ങളില്‍. ഇത്തവണ ലോകചാമ്പ്യന്മാരെന്ന പകിട്ടുമായി എത്തുന്ന ജര്‍മ്മനിക്ക് ലക്ഷ്യം നാലാം യൂറോ കിരീടം.
നാല് തവണ ലോകകപ്പും നേടിയിട്ടുണ്ട് ജര്‍മ്മന്‍ ടാങ്കറുകള്‍. എന്നാല്‍ അവര്‍ക്ക് പ്രശ്‌നം ഫോമില്ലായ്മയാണ്. കഴിഞ്ഞ ലോകകപ്പില്‍ കളിച്ചതിന്റെ നിഴല്‍ മാത്രമാണ് ജര്‍മ്മനി ഇപ്പോള്‍. അന്ന് കളിച്ചവരൊക്കെത്തന്നെയാണ് ഇന്നും ടീമിലെ ബഹുഭുരിപക്ഷവും. എങ്കിലും എന്തോ ഒരു പോരായ്മ അവര്‍ക്കുണ്ട്.
യോഗ്യതാ റൗണ്ടില്‍ കളിച്ച പത്ത് കളികളില്‍ ഏഴ് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമടക്കം 22 പോയിന്റുമായി ഡി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ജര്‍മ്മനി ഫൈനല്‍ റൗണ്ടിലേക്കുള്ള ടിക്കറ്റെടുത്തത്. അയര്‍ലന്‍ഡ് റിപ്പബ്ലിക്കിനോടും പോളണ്ടിനോടുമായിരുന്നു യോഗ്യതാ റൗണ്ടിലെ പരാജയം.
24 ഗോളുകള്‍ അടിച്ചപ്പോള്‍ 9 എണ്ണം വഴങ്ങുകയും ചെയ്തു. 2006 മുതല്‍ ടീമിനെ പരിശീലിപ്പിക്കുന്ന ജോക്വിം ലൗ തന്നെ ഇപ്പോഴും കോച്ച്. കഴിഞ്ഞ ലോകകപ്പിനുശേഷം ഫിലിപ്പ് ലാം, പീര്‍ മെറ്റ്‌സാകര്‍, മിറോസ്ലാവ് ക്ലോസെ എന്നിവര്‍ വിരമിച്ചതാണ് ജോക്വിം ലൗവിനെ കുഴപ്പത്തിലാക്കിയത്. എങ്കിലും കരുത്തുറ്റ താരനിരതന്നെയാണ് അവര്‍ക്കുള്ളത്. 128 മത്സരങ്ങളില്‍ നിന്ന് 48 ഗോളുകള്‍ നേടിയ ലൂക്കാസ് പൊഡോള്‍സ്‌കിയും 115 മത്സരങ്ങള്‍ കളിച്ച മധ്യനിര താരവും ക്യാപ്റ്റനുമായ ബാസ്റ്റിയന്‍ ഷ്വയ്ന്‍സ്റ്റീഗറും ഏറ്റവും പരിചയസമ്പന്നര്‍. എന്നാല്‍ ഷ്വയ്ന്‍സ്റ്റീഗര്‍ പരിക്കിന്റെ പിടിയിലാണ്.
മെസ്യൂട്ട് ഓസില്‍, ടോണി ക്രൂസ്, ആന്ദ്രെ ഷ്‌റള്‍, ജൂലിയന്‍ ഡ്രാക്‌സലര്‍, ജോഷ്വ കിമ്മിച്ച്, സമി ഖദീരെ തുടങ്ങിയവര്‍ മധ്യനിരയിലെ മറ്റ് പ്രമുഖര്‍. 71 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകള്‍ നേടിയ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ തോമസ് മുള്ളറുടെ ഫോമാണ് ടീമിന് ഏറെ നിര്‍ണായകം. മരിയോ ഗോട്‌സെയും മരിയോ ഗോമസും ടീമിലെ പ്രധാന സ്‌ട്രൈക്കര്‍മാര്‍. 64 കളികളില്‍ നിന്ന് 27 ഗോളുകള്‍ നേടിയ മരിയോ ഗോമസും മികച്ച ഫോമിലാണെന്നത് അവരുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രതിരോധത്തില്‍ മാറ്റ് ഹമ്മല്‍സും ജെറോം ബോട്ടെങും പ്രധാനികള്‍. ഒപ്പം എംറെ കാന്‍, ബെനഡിക്ട് ഹൊവാട്‌സ്, ജോനാസ് ഹെക്ടര്‍, സ്‌കോഡ്രാന്‍ മുസ്തഫി എന്നിവര്‍ പ്രതിരോധത്തിലെ മറ്റുള്ളവര്‍.
ഗോള്‍ പോസ്റ്റിന് കീഴെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മാനുവല്‍ ന്യുയര്‍ തന്നെ. എന്നാല്‍ അവസാന അഞ്ച് മത്സരങ്ങളിലും ജര്‍മ്മനിയുടെ പ്രകടനം അത്ര മെച്ചമല്ല. സ്ലോവാക്യ, ഇംഗ്ലണ്ട്, ഫ്രാന്‍സ് ടീമുകളോട് പരാജയപ്പെട്ടപ്പോള്‍ ഹംഗറി, ഇറ്റലി എന്നിവര്‍ക്കെതിരെ മാത്രം വിജയം.
അവസാന അഞ്ച് മത്സരങ്ങളിലും പരാജയമറിയാതെയാണ് ഉക്രെയിനിന്റെ വരവ്. പ്രാദേശിക ലീഗുകളില്‍ കളിക്കുന്നവരാണ് ടീമിലെ ഭൂരിഭാഗം പേരും. 143 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള മധ്യനിരതാരം അനറ്റൊളി ടിമോഷ്ചുക് ക്യാപ്റ്റന്‍. യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയതാണ് ടീം. മുന്നേറ്റനിരയില്‍ യെവ്ഹന്‍ സെലസ്‌നോവ്, ബുദ്കിവ്‌സ്‌കി, റോമന്‍ സൊസുലിയ എന്നിവരും മധ്യനിരയില്‍ ക്യാപ്റ്റനുപുറമെ ഒലക്‌സാണ്ടര്‍ സിന്‍ചെങ്കോ, വിക്ടര്‍ കൊവലെങ്കോ, റുസ്‌ലാന്‍ റൊട്ടന്‍, യോഗ്യതാ റൗണ്ടിലെ ടോപ്‌സ്‌കോറര്‍ ആന്ദ്രെ യാര്‍മിലെങ്കൊ, ടരാസ് സ്‌റ്റെപാനെങ്കോ തുടങ്ങിയവരും ഉള്‍പ്പെടുന്നു. വ്യാഷെസ്‌ലാവ് ഷെവ്ചുക്ക്, ഒലെക്‌സാണ്ടര്‍ ഷുച്ചര്‍, ആര്‍ടെം ഫെഡെറ്റ്‌സിക, യറോസ്ലാവ് യാകിറ്റ്‌സ്‌കി തുടങ്ങിയവരാണ് പ്രതിരോധത്തിലെ കരുത്തര്‍.
ആന്ദ്രെ പെയ്‌റ്റോവ്, ഡെനിസ് ബൊയ്‌കോ, മിഖ്യത ഷെവ്‌ചെങ്കോ എന്നിവര്‍ ഗോളികളും. ജര്‍മ്മനിയുടെ മുന്നണിപോരാളികളെ തടഞ്ഞുനിര്‍ത്തുക എന്നതാണ് ഉക്രെയിന്‍ പ്രതിരോധത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരാവുകയും പിന്നീട് പ്ലേ ഒാഫ് കളിച്ച് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുകയുമായിരുന്നു ഉക്രെയിന്‍.
പ്ലേ ഓഫില്‍ സ്ലോവേനിയയെ തകര്‍ത്തു. ഉക്രെയിനെതിരെ ജര്‍മ്മനി ഇതുവരെ ഒരു പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെട്ടില്ല. കളിച്ച നാല് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍. ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങാന്‍ ഇരുടീമുകളും കച്ചമുറുക്കുമ്പോള്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: