കല്‍പ്പറ്റ : പുതിയ അധ്യയന വര്‍ഷം പുതിയ യാത്രാപാസ്സുകള്‍ നല്‍കിയിട്ടില്ലെന്നിരിക്കെ മുഴുവന്‍ നിരക്കും നല്‍കാത്ത വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസുകളില്‍ നിന്ന് ഇറക്കിവിടുന്നതായി പരാതി. ജില്ലയിലെ പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. പുതിയ യാത്രാ പാസുകള്‍ ഇല്ലാത്തതിനാല്‍ ടിക്കറ്റിന് മുഴുവന്‍ തുകയും കൈവശമില്ലാത്ത കുട്ടികള്‍ സ്വകാര്യ ബസ് ജീവനക്കാരുടെ പരിഹാസത്തിനും ആക്ഷേപത്തിനും ഇരയാവുകയാണ്. കഴിഞ്ഞ ദിവസം കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും സ്വകാര്യ ബസില്‍ കയറിയ കല്‍പ്പറ്റ കോഓപ്പറേറ്റീവ് കോളേജിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കണ്ടക്ടര്‍ യാത്രക്കാരുടെ ഇടയില്‍ വെച്ച് പരിഹസിക്കുകയും ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തതായി ആക്ഷേപമുണ്ട്. ജില്ലയില്‍ ആര്.ടി.ഒ. ഓഫീസുകളില്‍ നിന്നാണ് സ്വകാര്യ ബസുകളില്‍ സൗജന്യ നിരക്കില്‍ യാത്ര ചെയ്യുന്നതിനുള്ള യാത്രാ പാസുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അധ്യയന വര്‍ഷം തുടങ്ങി ഒരു മാസം കഴിയുമ്പോഴാണ് യാത്രാപാസുകള്‍ വിതരണം ചെയ്തിരുന്നത്. അതുവരെ കുട്ടികള്‍ പഴയ പാസുകള്‍ കാണിച്ചാല്‍ മതിയെന്നാണ് ആര്.ടി.ഒ. ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശം. യൂണിഫോം ധരിച്ച കുട്ടികള്‍ക്ക് പുതിയ യാത്രാ പാസുകള്‍ വിതരണം ചെയ്യുന്നതുവരെ പഴയ പാസില്ലെങ്കിലും യാത്രാ ചെയ്യാമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളോ, പാരലല്‍ കോളേജ് അധികൃതരോ ഇത് സംബന്ധിച്ച് പരാതിപ്പെടുമ്പോഴൊക്കെ ബസുകളുടെ നമ്പരും പേരും കുറിച്ചുകൊടുക്കുവാനാണ് ബന്ധപ്പെട്ടവര്‍ പറയാറ്. ഇതല്ലാതെ അധികൃതര്‍ നടപടി എടുക്കാറില്ലെന്ന് പാരലല്‍ കോളജ് അധികൃതര്‍ ആരോപിക്കുന്നു. ജില്ലയിലെ സമാന്തര കോളേജുകളില്‍ പഠിക്കുന്ന കുട്ടികളിലധികവും തോട്ടം തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ചെറുകിട കര്‍ഷകര്‍, ആദിവാസികള്‍ തുടങ്ങിയവരുടെ മക്കളാണ്.
യാത്രാപാസ് ലഭിക്കുന്നതുവരെ ദിവസവും മുഴുവന്‍ ടിക്കറ്റ് നിരക്കും നല്കി വിദ്യാലയങ്ങളിലെത്തുകയെന്നത് ഇവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മിക്ക കുട്ടികളും ക്ലാസ്സുകളില്‍ വരാനാവാതെ വീട്ടിലിരിക്കുകയാണ്. ചില ജീവനക്കാര്‍ കുട്ടികളെ പെരുവഴിയിലിറക്കി വിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മറ്റു ചിലര്‍ ഗുണ്ടകളെ പോലെയാണ് കുട്ടികളോട് പെരുമാറുന്നതെന്ന് ആക്ഷേമുണ്ട്. റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് അധികൃതരോ വിദ്യാര്‍ത്ഥി യൂണിയന് നേതാക്കളോ പ്രശ്നത്തില്‍ ഇടപെടാത്തത് സ്വകാര്യ ബസ്സ് ജീവനക്കാര്‍ക്ക് തണലായിരിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: