കഴിഞ്ഞ ആഴ്ച എറണാകുളത്തെ ആദ്യകാല സ്വയംസേവകരില്‍പെട്ട അഡ്വക്കേറ്റ് റായ്ഷേണായിയുടെ നവതി സംബന്ധിച്ച് അനുസ്മരണം നടത്തിയെങ്കില്‍ ഇത്തവണ ശതാഭിഷിക്തനാകുന്ന അനന്തപ്രഭുവിനെ കുറിച്ചാകട്ടെ എഴുതുന്നത് എന്നു വിചാരിക്കുന്നു. ഒരിക്കല്‍ കണ്ടു സംസാരിച്ചാല്‍ പിന്നെ ഒരിക്കലും മറക്കാനാവാത്തതും വിവരിക്കാന്‍ കഴിയാത്തതുമായ എന്തോ ഒന്ന് അദ്ദേഹത്തിലുണ്ട്.
എറണാകുളം മാര്‍ക്കറ്റിലെ അരിക്കച്ചവടക്കാരനാണദ്ദേഹമെന്നു പറഞ്ഞാല്‍ അതദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗം മാത്രമേ ആകുന്നുള്ളൂ. സമാജത്തിനുവേണ്ടിയുള്ള ആ ജീവിതത്തിന്റെ ചരിത്രം സംഘര്‍ഷനിര്‍ഭരവും സഹനത്തിന്റെ ഇതിഹാസവും കൂടിയായിരുന്നുവെന്നു പറയുകയാവും ശരി. 1956 ല്‍ ചെന്നൈയിലെ വിവേകാനന്ദ കോളേജില്‍ നടന്ന ശിക്ഷാവര്‍ഗില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് ഭാസ്കര്‍ റാവുജിയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം അയച്ച കാര്‍ഡിലൂടെയാണ് ഞങ്ങളുടെ ആദ്യ സമ്പര്‍ക്കം.
ശിബിരത്തില്‍ ആദ്യദിവസം വൈകുന്നേരം എനിക്കെത്താന്‍ കഴിയാത്ത വിവരം ഭാസ്കര്‍ റാവുജിയെ നേരത്തെ അറിയിച്ചിരുന്നതിനാല്‍ അടുത്തനാള്‍ എറണാകുളത്തെത്തുമ്പോള്‍ യാത്രയ്ക്കുമുമ്പ് അവിടെയെന്തു ചെയ്യണമെന്ന നിര്‍ദ്ദേശമാണ് അനന്ത പ്രഭു അറിയിച്ചത്. മനോഹരമായ കൈപ്പടയും ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമായ നിര്ദ്ദേശവുമടങ്ങിയ ആ കാര്‍ഡ് അടിയന്തരാവസ്ഥക്കാലത്തു നഷ്ടപ്പെട്ട വസ്തുക്കളുടെ കൂടെപ്പെട്ടുപോയി.
പിന്നീട് പ്രചാരകനായ ശേഷമാണ് അദ്ദേഹവുമായി കൂടുതലടുത്തത്. പരമേശ്വര്‍ജിയോടൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച ഓര്മ ഇന്നും പച്ചപിടിച്ചുനില്‍ക്കുന്നു. ഗൗഡസാരസ്വത ഭവനത്തില്‍ ഞാന്‍ ആദ്യമായി ഭക്ഷണം കഴിച്ചതവിടന്നായിരുന്നു. അവിടത്തെ മുഖമണ്ഡപം പോലത്തെ മുറി ഒരു കാര്യാലയത്തിന്റെ പ്രതീതി നല്‍കുന്നതായിരുന്നു. അവിടെ പ്രമുഖ സ്ഥാനത്ത് സംഘാധികാരിമാരുടെ ചിത്രങ്ങളുണ്ടായിരുന്നു. എന്നാല്‍ എന്നെ ആകര്‍ഷിച്ച ഒന്ന് ഡോ.രാജേന്ദ്രപ്രസാദ്, എറണാകുളത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമൊരുമിച്ചുള്ള ഒരു ചിത്രമായിരുന്നു. രാജന് ബാബു കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ എറണാകുളത്ത് അദ്ദേഹത്തിന് ആതിഥേയത്വം നല്കാന് പ്രമുഖ നേതാക്കള്‍ ഭയന്നുപോയെങ്കിലും അനന്ത പ്രഭുവിന്റെ അച്ഛന് ദാമോദര്‍ പ്രഭു സ്വഗൃഹത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഉറച്ചകോണ്ഗ്രസുകാരനായ അദ്ദേഹം കടുത്ത സംഘവിരോധിയുമായിരുന്നു. മകന് ശാഖയില്‍ പോകാന്‍ തുടങ്ങിയത് അദ്ദേഹത്തിന് സഹിക്കാനായില്ല. ശാഖയില്‍ പോക്കും വീട്ടില്‍ താമസവും ഒരുമിച്ച സാധ്യമാകുമെന്ന ഘട്ടം വന്നപ്പോള്‍, അച്ഛനെപ്പോലെ ആദര്‍ശനിഷ്ഠയും സഹനശേഷിയുമുണ്ടായിരുന്ന മകന്, ഭാസ്കര്‍ റാവുവിന്റെ ഉപദേശം തേടുകയും തല്‍ക്കാലത്തേക്ക് കാലടി ശ്രീരാമകൃഷ്ണാശ്രമത്തില്‍ ആഗമാനന്ദസ്വാമികളുടെ അനുഗ്രഹത്തോടെ താമസിക്കുകയും ചെയ്തു.
ഭാസ്കര്‍റാവുജിയുടെ ഉചിതമായ സമീപനം മൂലം അച്ഛന് മകനെ തിരിച്ചു സ്വീകരിക്കുകയും ശാഖയില്‍ തടസ്സമില്ലാതെ പോകാന്‍ അവസരമുണ്ടാക്കുകയും ചെയ്തു. മാത്രമല്ല യുവാക്കളെ ഇത്ര ആദര്ശനിഷ്ഠരാക്കുന്ന സംഘത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ ദാമോദര്‍ പ്രഭു ശ്രമിച്ചു. പൂജനീയ ഗുരുജിയുടെ ആതിഥേയനാകാന്‍ പിന്നെ വൈകിയില്ല. ശ്രീഗുരുജിയുടെ എറണാകുളത്തെ സ്വന്തം വീടായി അതെന്നു പറയുന്നതാവും ഉചിതം. ആ ഭവനത്തിന്റെ ആതിഥ്യം അനുഭവിക്കാത്ത സംഘപരിവാര്‍ പ്രമുഖര്‍ ഉണ്ടാവില്ല.
ജനസംഘത്തിന്റെ മഹിളാവിഭാഗം സജീവമായിരുന്ന കാലത്ത് ദേവകിയമ്മയും വിനോദിനിയമ്മയും അവിടെ താമസിച്ചിരുന്നു.
ഏറ്റവും പ്രധാനമായ ഒരു സംഭവംകൂടി ഇവിടെ കുറിക്കട്ടെ. 1957 ല്‍ ശ്രീഗുരുജിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഡര്‍ബാര്‍ ഹാള്‍ മൈതാനത്തു നടന്ന പരിപാടിയുടെ അധ്യക്ഷന്‍ മന്നത്ത് പത്മനാഭനായിരുന്നു. അതിനെത്തിയ അദ്ദേഹം താമസിച്ചത് ശ്രീഗുരുജിയോടൊപ്പം അനന്തപ്രഭുവിന്റെ വീട്ടിലായിരുന്നു. അദ്ദേഹത്തിന്റെ സമ്പൂര്‍ണകൃതികളിലെ ഡയറിക്കുറിപ്പുകളില്‍ ആ കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
സാധാരണയായി മന്നത്തു പത്മനാഭന് ചങ്ങനാശ്ശേരിക്കു പുറത്തുപോകുമ്പോള്‍ എന്‍എസ്എസില്‍ ചുമതലയുള്ള ആരുടെയെങ്കിലും വീടുകളിലേ താമസിക്കുമായിരുന്നുള്ളൂ. 1942-43 കാലത്ത് എന്റെ പിതാമഹന് തൊടുപുഴ താലൂക്ക് യൂണിയന് പ്രസിഡന്റായിരുന്നപ്പോള്‍ മന്നത്തുപത്മനാഭ പിള്ള വീട്ടില്‍ വന്നു താമസിച്ചത് ഓര്‍മയില്‍ നിഴലിക്കുന്നുണ്ട്.
അനന്തപ്രഭുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ശ്രീഗുരുജിയും ഡോക്ടര്‍ ആബാഥത്തേയും പ്രത്യേകമായി വരികയും എറണാകുളത്തുനിന്ന് വിവാഹപാര്‍ട്ടിയോടൊപ്പം ബോട്ടില്‍ വധൂഗൃഹസ്ഥലമായ വരാപ്പുഴയ്ക്ക് പോകുകയും ചെയ്തിരുന്നു.
വിവാഹത്തോടനുബന്ധിച്ച് അനന്തപ്രഭുവിന്റെ മാതാപിതാക്കളോടൊപ്പം എടുത്ത ഫോട്ടോ ജന്മശതാബ്ദി വേളയില്‍ പ്രസിദ്ധീകരിച്ച ചിത്രാഞ്ജലി എന്ന ഛായാചിത്ര സമാഹാരത്തിന്റെ 65-ാം പറുത്തുകാണാം.
1964-65 കാലത്ത് കേരളത്തില്‍ ഭാസ്കര്‍റാവുജി ഒരു വിസ്താമക യോജന നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നു. സംഘത്തിന്റെ സാമ്പത്തികസ്ഥിതി ഏറ്റവും ദയനീയാവസ്ഥയിലായിരുന്ന കാലഘട്ടമായിരുന്നു അത്. പക്ഷേ ഭാസ്കര്‍റാവുജിയും മുതിര്‍ന്ന പ്രചാരകന്മാരും; മറ്റും ചേര്‍ന്ന് അതിന് പോംവഴിയും കണ്ടെത്തി.
സംഘശിക്ഷാവര്ഗിനുമുമ്പ് ഒരു മാസമെങ്കിലും പുതിയൊരു സ്ഥലത്തുപോയി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള സ്വയംസേവകരെ കണ്ടെത്തി നിയോഗിക്കാനാണുദ്ദേശിച്ചിരുന്നത്. അവര്‍ക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള വ്യവസ്ഥ ചെയ്യുന്നതിന് തദ്ദേശീയ ഏര്പ്പാടുകളുണ്ടാക്കണമെന്നും മറ്റത്യാവശ്യമായി വരുന്ന തുകയ്ക്ക് അനന്തപ്രഭുവിനെ സമീപിച്ചാല്‍ അയച്ചുതരുമെന്നും കാണിച്ച് ഭാസ്കര്‍റാവുജി എഴുതിയിരുന്നു. അന്നതിന് വ്യവസ്ഥ അദ്ദേഹത്തിനു നല്‍കിയതായാണ് മനസ്സിലായത്.
വ്യക്തിപരമായ ഒന്നുരണ്ടനുഭവം കൂടി പറഞ്ഞുകൊണ്ട് ഇതവസാനിപ്പിക്കാം. 1958 ലാണ് എന്റെ ഒരനുജത്തിയുടെ ആരോഗ്യസ്ഥിതി എറണാകുളത്തെ പ്രശസ്ത ഡോക്ടര്‍ എന്‍.വാസുദേവനെ കാണിക്കാന്‍ ശ്രമം നടത്തി.
വിവരം അനന്തപ്രഭുവിനെ അറിയിച്ചു. അച്ഛനും അനുജത്തിയുമൊത്ത് ഞാന്‍ അന്ന് ബോട്ട് ജട്ടിയിലായിരുന്ന ബസ്സ്റ്റാന്റിലെത്തി. അനന്തപ്രഭു അവിടെയെത്തി സ്വീകരിക്കുക മാത്രമല്ല ഡോക്ടറെ കാണാനും തുടര്‍ന്നു ഞങ്ങളെ തിരിച്ച് ബസ്സില്‍ കയറ്റിവിടുന്നതുവരെ ഒരുമിച്ചുവരികയും ചെയ്തു. അതിനിടെ വീട്ടില്‍ കൊണ്ടുപോയി പരിചയപ്പെടുത്താനും മറന്നില്ല. പിന്നീട് ഡോ.വാസുദേവന്‍ ആഴ്ചയിലൊരിക്കല്‍ തൊടുപുഴയില്‍ വരാന്‍ തുടങ്ങിയപ്പോള്‍ ചികിത്സ തുടരാനും സാധിച്ചു.
അച്ഛന് അവസാനകാലത്ത് രണ്ടുമാസത്തിലേറെക്കാലം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പുറത്തുവ്രണങ്ങളുണ്ടാവാതിരിക്കാന് ജലം നിറച്ച കിടക്ക ഉപയോഗിച്ചാല്‍ നന്നെന്ന വിവരം ഡോക്ടര്‍ പറഞ്ഞപ്പോള്‍, അതു സംഘടിപ്പിക്കാനുള്ള യാത്രയായി. എറണാകുളത്ത് ഒരു കടയിലും കിട്ടാതെ വന്നു. കാര്യാലയത്തില്‍ മോഹന്‍ജിയുടെ സഹായം തേടിയപ്പോള്‍ അനന്തപ്രഭുവിന്റെ കൈവശം ഉണ്ടെന്നറിഞ്ഞു. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. വളരെക്കാലത്തിനുശേഷം കണ്ട അദ്ദേഹത്തിന്റെ സന്തോഷം പറയാനില്ലായിരുന്നു. വാട്ടര്‍ബെഡും അതിന്റെ പ്രയോഗവിധവും പറഞ്ഞുമനസ്സിലാക്കിത്തന്നയച്ചു. അതുവളരെ ഗുണകരമാവുകയും ചെയ്തു.
റായ് ഷേണായിയെപ്പറ്റിയുള്ള കുറിപ്പ് വായിച്ചശേഷം വാ.ലക്ഷ്മണപ്രഭു അയച്ച എസ്എംഎസിലൂടെയാണ് അനന്തപ്രഭു ശതാഭിഷിക്തനാകുന്ന വിവരം അറിഞ്ഞത്. ശാന്തനും നിഷ്ഠാവാനുമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹത്തെപ്പറ്റി ഈയവസരത്തില്‍ ഏതാനും വാക്കുകള്‍ കുറിച്ചത്, തീര്‍ച്ചയായും എന്റെ അറിവിലെ കാഴ്ചപ്പാടു മാത്രമാണ്. അതിലും എത്രയോ വിശാലമായ വൃത്തത്തില്‍ അദ്ദേഹം അറിയപ്പെടുന്നുണ്ട് എന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: