പന്തീരാങ്കാവ്: നേമം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ നേടിയ വിജയവും മറ്റു മണ്ഡലങ്ങളില്‍ ബിജെപി നടത്തിയ മുന്നേറ്റവും കേരളത്തില്‍ വരാന്‍പോകുന്ന രാഷ്‌ട്രീയ പരിവര്‍ത്തനത്തിന്റെ തുടക്കമാണെന്ന് ബിജെപി ദേശീയ സമിതി അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. നേമത്തെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ബിജെപി പുത്തൂര്‍മഠം കമ്മിറ്റി സംഘടിപ്പിച്ച ജനസംഘം പ്രവര്‍ത്തകരെ ആദരിക്കല്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന പ്രവര്‍ത്തരായ ഇ.കെ. നാരായണന്‍നായര്‍, കുറുങ്ങോട്ടുമ്മല്‍ അപ്പുട്ടി, കൃഷ്ണന്‍നായര്‍, പുതിയോട്ടില്‍ വേലായുധന്‍, സി.പി. ബാലന്‍, തനിയന്‍ ബാലന്‍, കെ. ഗോപാലന്‍, ടി.ടി. ബാലന്‍, പി. ദാമോദരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഇ.കെ. നാരായണന്‍ നായര്‍ ഉപഹാരം നല്‍കി. ഹരിദാസ് പൊക്കിനാരി, പി. സുബ്രഹ്മണ്യന്‍, എം. ഗിരീഷ്, കെ.പി. ശ്രീനിവാസന്‍, കെ.പി. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
















