കോട്ടയം ജില്ലയിലെ വടവാതൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വക സ്ഥലത്ത് ചിലര്‍ അതിക്രമിച്ചു കയറിയെന്ന വാര്‍ത്ത കണ്ടു. വടവാതൂര്‍ എന്ന സ്ഥലത്തെ ഈ ക്ഷേത്രത്തിനു ചില പ്രത്യേകതകള്‍ ഉള്ളതിനാല്‍ അതിനെക്കുറിച്ച് എഴുതാം.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ സര്‍വസാധാരണമായി സംഭവിക്കുന്ന ഒന്നാണ് പ്രതിഷ്ഠ നടത്തിയ സമയത്തെ സങ്കല്‍പ്പത്തില്‍ നിന്നുള്ള വ്യതിയാനം. അത് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കുനതാണ്. പ്രത്യേകിച്ചും വിഷ്ണു ക്ഷേത്രങ്ങളിലും ഭഗവതി ക്ഷേത്രങ്ങളിലും. ശംഖ ചക്ര ഗദാ പദ്മ ധാരിയായി ആണ് ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും വിഷ്ണു പ്രതിഷ്ഠ. ചില മഹാക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയ ആചാര്യന്മാര് അത്തരം വിഷ്ണു വിഗ്രഹങ്ങളെ നരസിംഹമായും ത്രിവിക്രമനായ വാമനനായും ഖരാന്തകനായ ശ്രീരാമനായും ശ്രീകൃഷ്ണനായും സങ്കല്പ്പിച്ചു ക്ഷേത്ര ചടങ്ങുകള്‍ ക്രമപ്പെടുത്തി. കാലാന്തരത്തില്‍ കാരായ്മയായിരുന്ന മേല്‍ശാന്തി, തന്ത്രി പദവികള്‍ കൈമാറ്റം ചെയ്യപ്പെട്ട് കഴിഞ്ഞപ്പോള്‍ ഈ സങ്കല്പങ്ങളെല്ലാം വിഷ്ണു സങ്കല്‍പ്പത്തില്‍ തന്നെ പൂജിക്കപ്പെടുകയും വിഷ്ണു ക്ഷേത്രങ്ങളായി അറിയപ്പെടുകയും ചെയ്തു. കുറെയധികം വിഷ്ണു ക്ഷേത്രങ്ങള്‍ പിന്നീട് കൃഷ്ണ ക്ഷേത്രങ്ങളായി പ്രസിദ്ധമായി. രാമ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ സങ്കല്പം പലയിടത്തും അവ്യക്തമായി. പല രാമക്ഷേത്രങ്ങളും വിഷ്ണു ക്ഷേത്രങ്ങളായി. ചില വാമന ക്ഷേത്രങ്ങളും കൃഷ്ണ ക്ഷേത്രങ്ങളായി മാറി.
അത്തരം ക്ഷേത്രങ്ങളില്‍ ഒന്നാണ് വടവാതൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. ഇന്ന് ശ്രീകൃഷ്ണ ക്ഷേത്രം എന്നറിയപ്പെടുന്നുവെങ്കിലും പ്രതിഷ്ഠ ത്രിവിക്രമനായ വാമനന്റെയാണ്. അസുര ചക്രവര്‍ത്തി മഹാബലിയോടു വാങ്ങിയ മൂന്നടി സ്ഥലം അളന്നെടുക്കാന്‍ ശംഖ ചക്ര ഗദാ പദ്മ ധാരിയായി വലതുകാല്‍ ഉയര്‍ത്തി നില്ക്കുന്ന രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. വടു രൂപിയായ വാമനന്റെ സ്ഥലം എന്നതിനാല്‍ വടുവാമനയൂര് എന്നായിരുന്നു മുന്‍കാലങ്ങളില്‍ ഇവിടം അറിയപ്പെട്ടിരുന്നത്. ഇത് രൂപാന്തരം പ്രാപിച്ചാണ് വടവാതൂര്‍ എന്ന പേരുണ്ടായത് എന്ന് കരുതപ്പെടുന്നു.
വിജയപുരം പഞ്ചായത്തിലാണ് വടവാതൂര്‍ ക്ഷേത്രം. പതിനൊന്നാം നൂറ്റാണ്ടില്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. വിജയാദ്രി എന്നറിയപ്പെടുന്ന വെന്നിമലയില്‍ ശ്രീ രാമ ലക്ഷ്മണ ക്ഷേത്രം നിര്‍മ്മിച്ച ചേര ചക്രവര്‍ത്തി രാമവര്‍മ്മ കുലശേഖര പെരുമാള്‍ ആണ് ഈ ക്ഷേത്രവും നിര്‍മിച്ചത്. പില്ക്കാലത്ത് ക്ഷേത്രം തെക്കുംകൂര്‍ രാജാക്കന്മാരുടെ കീഴില്‍ പരിപാലിക്കപ്പെട്ടു വന്നു. 1749 വരെ തെക്കുംകൂറിനായിരുന്നു പരമാധികാരം. 1812 മുതല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഭരണത്തിനു കീഴിലും 1950 മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുമാണ് ക്ഷേത്രം. തരണനല്ലൂര്‍ ഇല്ലത്തിനായിരുന്നു ആദ്യകാലത്ത് തന്ത്രി സ്ഥാനം. പിന്നീട് ആ അവകാശം കടിയക്കോല്‍ ഇല്ലത്തിനും ഒടുവില്‍ താഴമണ്‍ ഇല്ലത്തിനും ലഭിച്ചു.
ചെമ്പു മേഞ്ഞ ഇരുനില ചതുര ശ്രീകോവിലും കൊടിമരവും ആനക്കൊട്ടിലും ഉള്ള ഈ ക്ഷേത്രം ആനപ്പള്ള മതിലിനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മീനത്തിലെ തിരുവോണം ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം ആഘോഷിക്കപ്പെടുന്നു. തെക്കോട്ട് അഭിമുഖമായി ദക്ഷിണാമൂര്‍ത്തി പ്രതിഷ്ഠയുള്ള അപൂര്‍വ്വം വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നുമാണ് വടവാതൂര്‍ ത്രിവിക്രമ ക്ഷേത്രം. കോട്ടയത്ത് നിന്ന് എട്ടു കിലോമീറ്റര്‍ ദൂരമുണ്ട് ഈ ക്ഷേത്രത്തിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: