കോഴിക്കോട്: കോഴിക്കോട് നഗരസഭയുടെ ഉറവിട മാലിന്യ സംസ്‌ക്കരണ പദ്ധതിക്ക് ആറ് വാര്‍ഡുകളില്‍ നാളെ തുടക്കം കുറിക്കും. തിരുത്തിയാട്, അത്താണിക്കല്‍, എരഞ്ഞിപ്പാലം, നടക്കാവ്, കാരപ്പറമ്പ്, ചക്കോരത്ത്കുളം എന്നീ വാര്‍ഡുകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുകയെന്ന് ഡപ്യൂട്ടി മേയര്‍ മീരാദര്‍ശക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകീട്ട് 4ന് അശോകപുരം കൃഷ്ണ ആര്‍ക്കേഡിലെ ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ ഹാളില്‍ മേയര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഡെന്റല്‍ ഫോര്‍ റിസര്‍ച്ച്ആന്റ് ഡവലപ്‌മെന്റ് ഇന്‍ ഹെല്‍ത്ത് ഹൈജീന്‍ ആന്റ്എന്‍വയോണ്‍മെന്റ് എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീട്ടുടമകളില്‍ നിന്ന് പ്രതിമാസം 200 രൂപവീതം ഈടാക്കും. പെര്‍ഫറേറ്റഡ് ബാന്നില്‍ ഇനോകുലം ചേര്‍ത്ത ചകിരിചോറ് ജൈവമാലിന്യങ്ങളുമായി ഇടകലര്‍ത്തി നിറയ്‌ക്കുകയാണ് മാലിന്യസംസ്‌ക്കരണ രീതി. 25 ദിവസത്തിനുള്ളില്‍ ഇത് വളമായി മാറും. പരിസ്ഥിതി സംരക്ഷകവീടുകള്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ കെ.വി. ബാബുരാജ്, ടി.വി. ലളിതപ്രഭ, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, എന്‍.പി. പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.
















