മാമ്പഴത്തെ പഴങ്ങളുടെ രാജാവായിട്ടാണ് അറിയപ്പെടുന്നത്. നല്ല മണമുള്ള, സ്വാദുള്ള ഈ പഴവര്‍ഗം എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. നാരുവര്‍ഗം, ഇരുമ്പ്, ജീവകം എ, സി, ഇ, കെ, ഫോസ്ഫറസ്, മാങ്കനീസ്, പൊട്ടാസ്യം, ഫ്ലേവനോയിഡ്, പോളിഫിനോള്‍ ആന്റി ഓക്സിഡന്റുകള്‍ എന്നിവയും ഈ പഴവര്‍ഗ്ഗത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് പല ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ഇതില്‍ ജീവകം സി അടങ്ങിയിരിക്കുന്നതിനാല്‍ ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായകമാകുന്നു.
അതുകൊണ്ട് ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും മാമ്പഴം വളരെ നല്ലതാണ്. ജീവകം എ യും ഫ്ലേവനോയ്ഡും മാങ്ങയില്‍ ഉള്ളതിനാല്‍ ബീറ്റാകരോട്ടിന്‍, ആല്‍ഫാ കരോട്ടിന്‍, എന്നിവ കാഴ്ചയ്ക്ക് കൂടുതല്‍ പ്രയോജനം ചെയ്യും. കണ്ണിനെ ബാധിച്ചേക്കാവുന്ന പല പ്രശ്നങ്ങള്‍ക്കും മാങ്ങ ഒരു പരിഹാരമാണ്. വരണ്ട കണ്ണുകള്‍, പുകച്ചില്‍, ചൊറിച്ചില്‍, എന്നിവ മാങ്ങയുടെ ഉപയോഗത്തിലൂടെ പരിഹരിക്കപ്പെടും.
മാങ്ങയുടെ ഗ്ലൈക്കാമിക് ഇന്റക്സ് 41 നും 60 നും ഇടയ്ക്കാണ്. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറയ്ക്കുന്നു. മാവിലയിട്ട് തിളപ്പിച്ചവെള്ളം കുടിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഉത്തമമാണ്.
സൗന്ദര്യവര്‍ദ്ധനവിനും സഹായിക്കുന്നു. ജീവകം എ ഉള്ളതിനാല്‍ ചര്‍മം മൃദുവാകാനും തിളക്കമുള്ളതാക്കാനും മാമ്പഴം കഴിക്കുന്നതിലൂടെ സാധിക്കും. മാമ്പഴത്തിന്റെ പള്‍പ് മുഖക്കുരു ഉള്ളിടത്ത് തേച്ചുപിടിപ്പിച്ചാല്‍ അഴുക്കും കുരുവും മാറും. മാങ്ങയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍ ആന്റി ഓക്സിഡന്റ് കോമ്പൗണ്ടുകള്‍ ബ്രസ്റ്റ് കാന്‍സറിനും കൊളോണ്‍ കാന്‍സറിനും എതിരെ പോരാടുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ഇത് കരോട്ടിനുകളാലും സമൃദ്ധമാണ്.
അതിനാല്‍ കരള്‍, വായ എന്നിവിടങ്ങളിലുണ്ടാകുന്ന കാന്‍സറുകളില്‍ നിന്നും ശരീരത്തെ കാത്തുസൂക്ഷിക്കുന്നു.
മാങ്ങയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ആമാശയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുന്നു. മലബന്ധത്തെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.
മാങ്ങയില്‍ ദഹനസഹായിയായ എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു. തന്മൂലം അസിഡിറ്റി പ്രശ്നത്തില്‍ നിന്നും ആശ്വാസം ലഭിക്കുന്നു. ദഹനപ്രക്രിയ സുഗമമായി നടക്കാനും സഹായിക്കുന്നു.
പച്ചമാങ്ങയില്‍ പെക്റ്റിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പച്ചമാങ്ങ ആവിയില്‍ വേവിച്ചെടുത്ത് പള്‍പ്പാക്കി പഞ്ചസാരയും ഇന്തുപ്പും ജീരകവും ആയി ചേര്‍ത്തിളക്കി കുടിക്കുന്നത് വേനല്‍ക്കാലത്തെ അതികഠിനമായ ചൂടില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ നല്ലതാണ്. മാങ്ങ ധാരാളമുള്ള ഇക്കാലത്ത് ഇവ നന്നായുപയോഗിച്ച് ആരോഗ്യവും സൗന്ദര്യവുമൊക്കെ വര്‍ധിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: