ഇത് കല്പന പ്രദീപ് ഹെബ്ലേകര്. കോര്‍പറേറ്റ് ബാങ്കിലെ ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്നത്തിന് പിന്നാലെ പോയവള്‍. സ്വപ്നം സ്വന്തം ഉന്നമനം ആയിരുന്നില്ല എന്നിടത്താണ് കല്പന വ്യത്യസ്തയാകുന്നത്. സ്ത്രീകളെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തയാക്കുക, അവര്‍ക്ക് ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം അഭിമുഖീകരിക്കിക്കാന് ആത്മവിശ്വാസം നല്‍കുക, ഇതായിരുന്നു കല്പനയുടെ സ്വപ്നം.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കല്പന രണ്ട് സംരംഭങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. കരകൗശല ഉത്പന്നങ്ങള്‍ നിര്‍മിച്ചുകൊണ്ട്, അവയ്ക്ക് വിപണി കണ്ടെത്തി സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയാണ് കല്പന.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ത്രീകളെ ശാക്തീകരിക്കുകയും അവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്കുന്നതിനുമായി 1995 ലാണ് കല്പന തന്റെ ബിസിനസിന് തുടക്കമിടുന്നത്. സാമ്പത്തികവും സാമൂഹികവുമായി സ്ത്രീകളെ പരാശ്രയം കൂടാതെ നിലനില്ക്കാന് പ്രാപ്തരാക്കുകയെന്നതായിരുന്നു പ്രധാന ഉദ്ദേശ്യം. രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള വനിതകളെയും സഹായിക്കാന്‍ ഇവര്‍ ഒരുക്കവുമാണ്.
മുംബൈയിലാണ് കല്പന ജനിച്ചുവളര്‍ന്നത്. കൊമേഴ്സില്‍ ബിദുദം നേടിയശേഷം കോര്‍പറേറ്റ് ബാങ്കില്‍ ജോലി നേടി. ഒമ്പത് വര്‍ഷക്കാലം അവിടെ സേവനം അനുഷ്ഠിച്ച ശേഷമാണ് ജോലി രാജിവയ്ക്കുന്നത്. കല്പന
തൊഴില്‍ വൈദഗ്ധ്യം നേടിയ വനിതാ സംരംഭകരുടെ ഒരു ശ്യംഖല രൂപീകരിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് കല്പന പറയുന്നു. പേപ്പര്‍ ഉത്പന്നങ്ങള്‍, വാഴ നാരുകൊണ്ടുള്ള ഉത്പന്നങ്ങള്‍, ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ എന്നിങ്ങനെ പോകുന്നു ആ നിര. തൊഴില്‍ വൈദഗ്ധ്യത്തിന്റെ ഏത് മേഖലവേണമെങ്കിലും ആര്‍ക്കും തിരഞ്ഞെടുക്കാം. അത്ര വിശാലമാണ് ആ മേഖലയെന്നും കല്പന പറയുന്നു.
യുകെ, നെതര്‍ലാന്‍ഡ്, ചൈന, ശ്രീലങ്ക, ആഫ്രിക്ക എന്നീരാജ്യങ്ങളില്‍ വരെ വിപണികണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഭാരതത്തില്‍ ചെറുകിട വ്യവസായം തുടങ്ങുന്നതിനായി നാല്‍പ്പതിനായിരത്തോളം വനിതകളെ പരിശീലിപ്പിച്ചെടുക്കുവാന്‍ ഇതിനോടകം കഴിഞ്ഞു. തന്റെ കാഴ്ചപ്പാടും ദൗത്യവും മനസ്സിലാക്കാന്‍ സാധിക്കുന്ന വിശ്വസ്തരായവരെയാണ് സംരംഭത്തില്‍ പങ്കാളികളാക്കുകയെന്നും കല്പന പറയുന്നു.
1993 ല്‍ മുംബൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് താമസം മാറ്റി. എവിടെ ബിസിനസ് തുടങ്ങണമെന്നത് ആദ്യം ആശയക്കുഴപ്പം സൃഷ്ടിച്ചു. പ്രാദേശിക ഭാഷ വശമില്ല എന്നത് ഒരു വെല്ലുവിളിയായി. വീടിനുതൊട്ടടുത്തുള്ള വീട്ടമ്മമാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തയ്യാറായതുവഴി അവിടുത്തെ പ്രാദേശിക ഭാഷ മനസ്സിലാക്കാന്‍ സാധിച്ചുവെന്നും കല്പന. പിന്നെ അവരോടൊപ്പം ചേര്‍ന്ന് ടെഡി ബിയര്‍ പോലുള്ള കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കിതുടങ്ങി. പക്ഷെ സാധനങ്ങള്‍ ഉത്പാദിപ്പിച്ചതുകൊണ്ടുമാത്രം പ്രയോജനമില്ലെന്ന് മനസ്സിലാക്കി അത് വിപണനം ചെയ്യുന്നതിനും വഴികണ്ടെത്തി. അങ്ങനെയാണ് 1995 ല്‍ ഹാന്‍ഡിക്രാഫ്റ്റ് സോഴ്സിങ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്.
മൂന്ന് ആണ്മക്കളടങ്ങുന്ന കുടുംബവും ബിസിനസും ഒരുമിച്ചുകൊണ്ടുപോകാന്‍ സാധിക്കുന്നു എന്നതാണ് കല്പനയെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം. പുറമെനിന്നുള്ള സാമ്പത്തിക സഹായം ഒന്നും ഇല്ലാതെതന്നെ കഴിഞ്ഞ 20 വര്‍ഷമായി ഈ സംരംഭവുമായി അവര്‍ മുന്നോട്ടുപോകുന്നു. തൊഴില്‍ വൈദഗ്ധ്യം നേടിയവരില്‍ ആയിരത്തിലേറെപ്പേര്‍ ഭാരതത്തിലെ വിവിധ ഭാഗങ്ങളിലും വികസിത രാജ്യങ്ങിലും ചെറുകിട വ്യവസായ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കല്പന പറയുന്നു.
അവസരം ചെറുതാണെങ്കിലും അത് സ്ത്രീകളുടെ ജീവിതം മാറ്റുമെന്നുകരുതുന്ന കല്പന തന്നെ സമീപിക്കുന്ന ഏതൊരാള്‍ക്കും കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതെങ്ങനെയെന്ന് പഠിപ്പിക്കാനും തയ്യാറാണ്. ഭാരതത്തിലെ 80 ഓളം ഗ്രാമങ്ങളിലും ആഫ്രിക്ക, ശ്രീലങ്ക, തായ്ലന്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇതിനോടകം തന്നെ കരകൗശല വിദ്യ പഠിപ്പിക്കുന്നതിനായി യാത്രകള്‍ നടത്തിയിട്ടുണ്ട്.
ഗ്രാമീണ സ്ത്രീകള്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഹസ്ത് എന്ന ബ്രാന്‍ഡ് നാമത്തില്‍ വിദേശങ്ങളിലേക്ക് കയറ്റുമതി നടത്തുകയും ചെയ്യുന്നുണ്ട്. പുനചംക്രമണവും പുനരുപയോഗവും സാധ്യമായ വസ്തുക്കള്‍ക്കൊണ്ടാണ് ഉത്പന്നങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. രാസപദാര്‍ത്ഥങ്ങള്‍ ഒന്നും തന്നെ ഇതില്‍ അടങ്ങിയിട്ടില്ല. മുളകൊണ്ടുള്ള ടി-ഷര്‍ട്ട്, വാഴനാരുകൊണ്ടുള്ള ഉത്പന്നങ്ങള്‍ തുടങ്ങി നൂതനമായ പലതും കല്പനയും സംഘവും സമൂഹത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്.
ഏത് സമയത്തും സംഘാങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ കല്പന സന്നദ്ധയാണ്. സ്കൈപ് മുഖേനയാണ് കല്പനയുമായി ഇവര്‍ ആശയവിനിമയം നടത്തുന്നത്. ഹാന്‍ഡിക്രാഫ്റ്റ്, ടെക്സ്റ്റൈല്‍സ്, കൃഷി. ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം തൊഴില്‍ വൈദഗ്ധ്യം നേടിയ സ്ത്രീകള്‍ ഉണ്ടാവണമെന്നതാണ് കല്പനയുടെ ഏറ്റവും വലിയ സ്വപ്നവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: