കോട്ടയം: കേരളം നാളികേര ഉത്പാദനത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഒന്നും രണ്ടും സ്ഥാനത്ത് യഥാക്രമം തമിഴ്നാടും കര്‍ണാടകവുമാണ്. കഴിഞ്ഞ വര്‍ഷംവരെ നാളികേര ഉത്പാദനത്തില്‍ കേരളത്തിന് പിന്നില്‍നിന്നിരുന്ന കര്‍ണാടകമാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയത്. നാളികേര വികസന ബോര്‍ഡ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് നാളികേര ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒമ്പത് സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ജില്ലകളില്‍ നിന്നാണ് ഉത്പാദനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തെങ്ങുകൃഷിയിടം കേരളത്തിലാണ്. കേരളത്തെ അപേക്ഷിച്ച് കൃഷിയിടങ്ങള്‍ കുറവും വിപരീത കാലാവസ്ഥയുമുള്ള തമിഴ്നാടാണ് ഇപ്പോള്‍ ഉത്പാദനത്തില്‍ മുന്നില്‍.
നാളികേരത്തിന്റെ നാടായ കേരളത്തിലേക്ക് നാളികേരം ഇറക്കുമതി ചെയ്യുന്നതിലേറെയും തമിഴ്നാട്ടില്‍ നിന്നുമാണ്.
കേരളത്തിന്റെ ഉത്പാദനക്ഷമത ഒരു ഹെക്ടര്‍ കൃഷിയിടത്തില്‍നിന്ന് 8,118 നാളികേരമെന്ന തോതില്‍. തമിഴ്നാട്ടില്‍ ഹെക്ടറില്‍ 11,537 നാളികേരമാണ് ഉത്പാദനക്ഷമത. കര്‍ണാടക 515.03 ഹെക്ടര്‍ സ്ഥലത്ത് നിന്ന് 5,141.15 മില്യണ്‍ നാളികേരം ഉത്പാദിപ്പിക്കുന്നു. നാളികേര വികസന ബോര്‍ഡിന്റെ 2016-ലെ കണക്കുപ്രകാരം കേരളത്തില്‍ 649.85 ഹെക്ടര്‍ സ്ഥലത്ത് നിന്ന് 4896.61 മില്യണ്‍ നാളികേരം മാത്രമാണ് ഉത്പാദിപ്പിച്ചത്.
എന്നാല്‍, തമിഴ്നാട് 465.11 ഹെക്ടര്‍ സ്ഥലത്തുനിന്ന് മാത്രമായി 6,917.46 മില്യണ്‍ ഉത്പാദിപ്പിക്കുന്നു. കര്‍ണാടകത്തിന്റെ ഉത്പാദന ക്ഷമത ഹെക്ടറില്‍ 6,968 നാളികേരം. കോഴിക്കോടാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല.
കേരളത്തില്‍ 18 കോടിയിലേറെ തെങ്ങുണ്ട്.
42 ലക്ഷത്തിലധികം നാളികേര കര്‍ഷകരും. ഇവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടുക്കിയിലും കോട്ടയത്തും ഉത്പാദനം 50 ശതമാനം കുറഞ്ഞു. കേരളത്തില്‍ തെങ്ങിന്റെ രോഗവും വരള്‍ച്ചയും കാറ്റുവീഴ്ചയും കൊമ്പന്‍ചെല്ലിയുടെ ആക്രമണവും രൂക്ഷമായത് ഉത്പാദനം കുറയാന്‍ കാരണമായതായും പഠനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: