തേഞ്ഞിപ്പലം: പരിസരത്തെ മരങ്ങളുടെ പേര് പോലും അറിയാതെ കൃഷിയില്‍ നിന്നും പ്രകൃതിയില്‍ നിന്നും തികച്ചും അകന്നുപോയ പുതിയ തലമുറയില്‍ കാര്‍ഷിക സംസ്കൃതിയുടെ മഹത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് പ്രശസ്ത ചലച്ചിത്ര നടന് ശ്രീനിവാസന് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ 5000 ചെടികള്‍ നട്ട് പരിപാലിക്കുന്ന ‘ഒരാള്‍ ഒരു മരം’ എന്ന പരിസ്ഥിതി സംരക്ഷണ ബൃഹത് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷരഹിതമായ ആഹാരത്തിലൂടെ രോഗബാധയില്ലാത്ത ശരീരം കാത്തുസൂക്ഷിക്കുകയെന്നതാവണം ലക്ഷ്യം. ഭക്ഷണമാണ് മരുന്ന് എന്ന ഹിപ്പോക്രാറ്റസിന്റെ ആശയം ഉള്‍കൊള്ളണം. പ്ലാവ്, മുരിങ്ങ, പപ്പായ, തെങ്ങ് എന്നിവ വെച്ച് പിടിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ഭക്ഷണശീലമാണ്. സര്‍വകലാശാലാ കാമ്പസില്‍ ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി നാടന്‍ വൃക്ഷ ഇനങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത് ഏറ്റവും ശുഭകരമായ നീക്കമാണെന്നും ശ്രീനിവാസന് പറഞ്ഞു.
സ്വാര്‍ത്ഥ ലാഭേച്ഛയില്ലാതെ അന്യരെ സഹായിക്കുന്നതിന്റെ ഉത്തമ മാതൃകയാണ് വൃക്ഷങ്ങള്‍ എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ അധ്യക്ഷനായിരുന്നു. കേരള ജൈവവൈവിധ്യ ബോര്‍ഡിന്റെ മുന്‍ ഡയരകടറും ഗാഡ്ഗില്‍ കമ്മറ്റി അംഗവുമായിരുന്ന വി.എസ്.വിജയന് മുഖ്യപ്രഭാഷണം നടത്തി. ഡോ.ബി.എസ്.ഹരികുമാരന്‍ തമ്പി സംസാരിച്ചു. സാമൂഹ്യ വനവല്‍ക്കരണ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.പി.അബ്ദുല്‍ സമദ് ഞാവല്‍ മരത്തിന്റെ തൈ വൈസ് ചാന്‍സലര്‍ക്ക് കൈമാറി. രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് സ്വാഗതവും ‘ഒരാള്‍ ഒരു മരം’ പദ്ധതിയുടെ കണ്‍വീനറും ബോട്ടണി പഠനവകുപ്പ് മേധാവിയുമായ ഡോ.ജോണ്‍ ഇ. തോപ്പില്‍ നന്ദിയും പറഞ്ഞു.
ചലച്ചിത്ര നടന് ശ്രീനിവാസന് ആദ്യ തൈ നട്ടു. ഓരോ ദിവസവും 245 വീതം തൈകള്‍ വ്യത്യസ്ത പഠനവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിവിധ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ 21 ദിവസം കൊണ്ട് നടും. ഇതിനുള്ള അയ്യായിരത്തിലേറെ കുഴികള്‍ ഒരുക്കികഴിഞ്ഞു. ഭാവിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കാത്ത ഇടങ്ങളിലാണ് തൈകള്‍ നടുക. കാമ്പസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും പദ്ധതിയുമായി സഹകരിക്കും. ഓരോ ചെടിക്കും സംരക്ഷണ വളയവും വെക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: