പെരിന്തല്‍മണ്ണ: മഞ്ഞളാംകുഴി അലിയെ ചൊല്പ്പടിയില് നിര്‍ത്താന്‍ ലീഗും ലീഗിനെ വരുതിയിലാക്കാന്‍ അലിയും കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ പെരിന്തല്‍മണ്ണ മുസ്ലിം ലീഗിലെ അന്തപുര രഹസ്യങ്ങള്‍ നാട്ടിലെങ്ങും പാട്ടായി തുടങ്ങി.
നിറംകെട്ട തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാറ്ട്ടിക്കുള്ളില് ശുദ്ധികലശം നടത്താന്‍ അലി കച്ചകെട്ടി ഇറങ്ങിയതാണ് ഇക്കുറി പൊട്ടിത്തെറിക്ക് വഴി തെളിച്ചത്. ഭൂരിപക്ഷം കുറയാനുള്ള കാരണങ്ങള്‍ പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ കണ്ടെത്തിയെങ്കിലും അതിലൊന്നും അലി തൃപ്തനായില്ല. ഇതോടെയാണ് മുസ്ലിം ലീഗിനുള്ളിലെ കലഹം കൂടുതല്‍ വഷളായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയിലെത്തിയ അലി, ലീഗ് നേതൃത്വത്തിന് വഴങ്ങുന്നില്ലെന്നും പാര്‍ട്ടി സംവിധാനത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും ഏറെനാളായി ഉയരുന്ന ആക്ഷേപമാണ്. വെറും എംഎല്‍എ മാത്രമായി ഇരിക്കേണ്ട അലി ഏറെ വിവാദം സൃഷ്ടിച്ച് മന്ത്രി സ്ഥാനം കൂടി നേടിയതോടെ ശക്തനാവുകയും ലീഗിന്റെ അനിഷേധ്യ നേതാവായി മാറുകയും ചെയ്തു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലമാണ് പുതിയ കലഹത്തിന് വഴിവച്ചിരിക്കുന്നത്.
വോട്ടു ചോര്‍ച്ച സംഭവിച്ച വിവാദങ്ങള്‍ മുസ്ലിം ലീഗിലെ പ്രമുഖ നേതാക്കന്മാരെ തന്നെ തിരിഞ്ഞ് കൊത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവായ തുക അലിയുടെ മുകളില്‍ കെട്ടി വെക്കാനാണ് ലീഗ് നീക്കം. എന്നാല്‍ ഭാഗ്യം കൊണ്ടുമാത്രം ജയിച്ച അലി വോട്ട് ചോര്‍ച്ചയില്‍ കുപിതനാണ്. അതുകാരണം ഈ ഭാരിച്ച ചിലവ് വഹിക്കില്ലെന്ന നിലപാടിലാണ് അലി. തര്‍ക്കം രൂക്ഷമായതോടെ തെരഞ്ഞെടുപ്പ് ചിലവുകളിലേക്ക് നല്‍കാനുള്ള ലക്ഷങ്ങള്‍ നല്‍കാതെ നേതൃത്വവും അലിയും മുഖത്തോടു മുഖം നോക്കുകയാണ്. പണം ലഭിക്കാനുള്ളവരാണ് ഇതോടെ വെട്ടിലായിരിക്കുന്നത്.
മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷത്തില്‍ വന്ന വന്‍ഇടിവാണ് പെരിന്തല്‍മണ്ണയില്‍ വിഭാഗീയത ശക്തിപ്പെടാന്‍ ഇടവരുത്തിയതും ഫണ്ട് വഹിക്കാന്‍ ആളില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചതും. മുസ്ലിംലീഗിലെ ചില നേതാക്കള്‍ അലി തോല്‍ക്കാനായി ശ്രമിച്ചെന്നും നല്ലൊരു ശതമാനം ആളുകള്‍ വോട്ട് മറിച്ചെന്നുമാണ് അലിയെ അനുകൂലിക്കുന്നവറ് പറയുന്നത്. ഇതില്‍ ലീഗിന്റെ മണ്ഡലം നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ക്ക് പങ്കുണ്ടെന്നാണ് അലി അനുകൂലികളുടെ വാദം.
579 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മഞ്ഞളാംകുഴി അലി ഇത്തവണ വിജയിച്ചത്. ഭൂരിപക്ഷം കുറഞ്ഞതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി കൈകൊള്ളാമെന്ന ഉറപ്പാണ് നേതൃത്വം അലിക്ക് നല്‍കിയത്. കഴിഞ്ഞ തവണ സിപിഎം പാളയം വിട്ട് തന്റെ സ്ഥിരം സീറ്റായ മങ്കടയില്‍ നിന്നും മാറി ഇടത് കോട്ടയായ പെരിന്തല്‍മണ്ണയില്‍ മത്സരിച്ച് 9589 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അലി വിജയിച്ചത്. അതിന്റെ പത്തിലൊന്ന് പോലും ഭൂരിപക്ഷം നേടാന്‍ ഇക്കുറി ആയില്ല. മാത്രമല്ല, ജയിച്ച മന്ത്രിമാരില്‍ ഏറ്റവും ഭൂരിപക്ഷം കുറഞ്ഞ ആളെന്ന ദുഷ്പേരും ചാര്‍ത്തികിട്ടി. കുറഞ്ഞത് ആയിരം വോട്ടെങ്കിലും ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കില്‍ ഈ നാണക്കേടില്‍ നിന്നെങ്കിലും രക്ഷപ്പെടാമായിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ചെലവുകള്‍ ആര് വഹിക്കും എന്നതിനെ ചൊല്ലി ലീഗിനുള്ളില്‍ വന്‍ തര്‍ക്കം നടക്കുകയാണ്.
തെരഞ്ഞെടുപ്പ് സമയത്ത് താമസം, ഭക്ഷണം, പ്രചാരണ വാഹനങ്ങള്‍, മൈക്ക് സെറ്റ് തുടങ്ങി നല്ലൊരു തുക ലീഗ് നേതൃത്വം പലര്‍ക്കായി നല്‍കാനുണ്ട്. പാര്‍ട്ടിയിലെ കലഹംമൂലം കിട്ടേണ്ട തുക ലഭിക്കാതെ നട്ടംതിരിയുകയാണ് ഹോട്ടലുടമകളും വാഹന, ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളും. അലിയും പാര്‍ട്ടിക്കാരും ഒരുപോലെ കയ്യൊഴിഞ്ഞതോടെ പണം ലഭിക്കാനുള്ളവര്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: