കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ കൊളംബിയക്ക് മിന്നുന്ന വിജയം. ഇന്നലെ രാവിലെ നടന്ന പോരാട്ടത്തില്‍ ആതിഥേയരായ യുഎസ്എയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഹോസെ പെക്കര്‍മാന്റെ കുട്ടികള്‍ തകര്‍ത്തുവിട്ടത്. ക്രിസ്റ്റിയന്‍ സബാറ്റയും ജെയിംസ് റോഡ്രിഗസും കൊളംബിയയുടെ സ്കോറര്‍മാര്‍. ദേശീയ ടീമിന് വേണ്ടി ക്രിസ്റ്റിയന്‍ സബാറ്റയുടെ ആദ്യ ഗോളാണിത്.
തുല്ല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മല്‍സരത്തില്‍ യുഎസ്എ തീര്‍ത്തും നിറം മങ്ങുന്ന കാഴ്ച്ചയാണ് ഗ്രൗണ്ടില്‍ കണ്ടത്. കളിയുടെ ഒരു ഘട്ടത്തിലും യുഎസ്എ കൊളംബിയക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല. പന്ത് കൈവശം വെക്കുന്നതില്‍ മാത്രമായിരുന്നു അവരുടെ മിടുക്ക്. എന്നാല്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ മെനയുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അവര്‍ കൊളംബിയയേക്കാള്‍ ഏറെ പിന്നിലായിരുന്നു.
കളി തുടങ്ങി എട്ടാം മിനിറ്റില്‍ കൊളംബിയ ആദ്യഗോള്‍ നേടി. എഡ്വിന് കാര്‍ഡോനയുടെ കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഗോള്‍. കാര്‍ഡോന എടുത്ത കോര്‍ണര്‍ ബോക്സിനുള്ളില്‍ ആരാലും മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ക്രിസ്റ്റിയന്‍ സബാറ്റ തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചപ്പോള്‍ അമേരിക്കന്‍ ഗോളി കാഴ്ചക്കാരനായി.
പിന്നീട് നിരന്തരം ആക്രമണവുമായി കൊളംബിയ മുന്നേറിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. 22-ാം മനിറ്റില്‍ കാര്‍ഡോനയുടെ ഒരു ശ്രമം യുഎസ്എ ഗോളി വിഫലമാക്കി. 36-ാം മിനിറ്റില്‍ യുഎസ്എയുടെ ഡെംപ്സിയും സര്ദേസും ചേര്‍ന്ന് നല്ലൊരു മുന്നേറ്റം നടത്തി. മുന്നേറ്റത്തിനൊടുവില്‍ ഡെംപ്സി ബോക്സിന്റെ മുന്നില്‍ നിന്നും പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് അടിച്ച ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.
42-ാം മിനിറ്റില്‍ റോഡ്രിഗസിലൂടെ കൊളംബിയയുടെ രണ്ടാം ഗോള്‍ പിറന്നു. ബോക്സിനുള്ളില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ യെദ്ലിന്റെ കൈയില്‍ പന്ത് തട്ടിയതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത റോഡ്രിഗസിന് പിഴച്ചില്ല. റോഡ്രിഗസിന്റെ കരിയറിലെ 15-ാം അന്തര്‍ദേശീയ ഗോളായിരുന്നു അത്. ഇതോടെ ആദ്യ പകുതിയില്‍ കൊളംബിയ 2-0ന്റെ ലീഡ് നേടി.
രണ്ടാം പകുതിയില്‍ യുഎസ്എ തിരിച്ചുവരവിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. 52-ാം മിനിറ്റിലും 60-ാം മിനിറ്റിലും രണ്ട് അവസരങ്ങള്‍ അവര്‍ നഷ്ടപ്പെടുത്തി. 64-ാം മിനിറ്റില്‍ യുഎസ്എയുടെ ഡെംപ്സിയെടുത്ത ഫ്രീ കിക്ക് കൊളംബിയന്‍ ഗോളി ഒസ്പിന മനോഹരമായി രക്ഷപ്പെടുത്തി.
ഇതിനിടയില്‍ തോളിന് നിസാര പരിക്കേറ്റ റോഡ്രിഗസ് കളിക്കളം വിടുന്നതിനും മല്‍സരം സാക്ഷിയായി. ഗ്രൗണ്ടില്‍ വീണ് തോളിന് പരിക്കേറ്റ റോഡ്രിഗസിനെ പെക്കര്മാന് 73-ാം മിനിറ്റില്‍ പിന്‍വലിച്ചു. കളി തീരാന്‍ 78-ാം മിനിറ്റില്‍ ഒറ്റക്ക് പന്തുമായി മുന്നേറിയ ശേഷം കൊളംബിയയുടെ കാര്‍ലോസ് ബക്ക പായിച്ച ഷോട്ട് ക്രോസ്ബാറില്‍ത്തട്ടി തെറിച്ചു.
ജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റുമായി കൊളംബിയ ഒന്നാമതെത്തി. എട്ടിന് കോസ്റ്ററിക്കയ്ക്കെതിരെയാണ് യുഎസ്എയുടെ അടുത്ത മല്‍സരം. അന്നുതന്നെ കൊളംബിയ പരാഗ്വെക്കെതിരെയും കളിക്കിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: