കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നും അഡ്വക്കേറ്റ് ആര്.സി. ഷേണായ് വിളിച്ചു. ധനഞ്ജയന് എന്ന് സംഘവൃത്തങ്ങളില്‍ അറിയപ്പെടുന്ന അദ്ദേഹവുമായി എനിക്ക് ആറ് പതിറ്റാണ്ടുകാലത്തെ സൗഹൃദമുണ്ട്. കേരളത്തില്‍ നിന്ന് സംഘനേതൃത്വത്തിലെ ഏറ്റവും ഉന്നതമായ അഖില ഭാരത ബൗദ്ധിക് പ്രമുഖ് എന്ന ചുമതല വഹിക്കുകയും പൂജനീയ ഗുരുജിയുടെ സമഗ്ര വാങ്മയം സങ്കലനം ചെയ്യുന്ന വിവിധ ഭാരതീയ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നതിന് നടുനായകത്വം വഹിച്ച്, ഇന്നും ‘ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത പൊന്‍പേന’യുമായിക്കഴിയുന്ന ഹരിയേട്ടന്റെ അനുജന് എന്ന നിലയ്ക്കായിരുന്നു അന്ന് പരിചയപ്പെട്ടത്.
‘ ആരോടും പരിഭവമില്ലാതെ” എന്ന എം.കെ.കെ. നായരുടെ ആത്മകഥയിലെ ലഘുപരാമര്‍ശത്തില്‍ നിന്ന് കൊച്ചു ഷേണായി എന്നദ്ദേഹം വാത്സല്യപൂര്‍വ്വം വിളിച്ച ധനഞ്ജയന്റെ അഭിഭാഷകവൃത്തിയിലുള്ള പ്രാവീണ്യം അറിയാന്‍ കഴിയും.
എറണാകുളത്തെ ആദ്യകാല സ്വയംസേവകരില്‍ പ്രമുഖനായ അഡ്വക്കേറ്റ് റായ് ഷേണായിയുടെ നവതി പ്രമാണിച്ച് അവിടത്തെ ശാഖയില്‍ ഒരു സാംഘിക് നടക്കുന്നുവെന്നറിയിക്കാനായിരുന്നു ധനഞ്ജയന് വിളിച്ചത്.
റായ് ഷേണായിയുമായി എനിക്കധികം അടുപ്പം ഉണ്ടായിട്ടില്ല. എന്നാലും 1944 മുതലെങ്കിലും സംഘസ്വയംസേവകനായ അദ്ദേഹത്തിന്റെ മനസ്സില്‍ സംഘത്തിനുള്ള പ്രതിഷ്ഠ എത്രയെന്നറിയാന്‍ ധാരാളം അവസരങ്ങളുണ്ടായി. ഏതാണ്ട് മുഴുവനായും സംഘത്തിന്റേത് എന്നുപറയാവുന്ന ഒരു വിശാല കുടുംബത്തിന്റെ ഇന്നത്തെ തലമൂത്തയാളാണദ്ദേഹമെന്നുപറയാം.
ഞാന്‍ 1957 ലാണ് ആദ്യമായി എറണാകുളത്തെ സ്വയംസേവകരുമായി അടുക്കുന്നത്.
എന്നാല്‍ അതിനുമുമ്പ് 1955 ല്‍ തൊടുപുഴയില്‍ ശാഖ ആരംഭിക്കുമ്പോള്‍, എറണാകുളം ശാഖയിലെ തൊടുപുഴക്കാരന് സ്വയംസേവകനായ ശിവശങ്കര്‍ ദാസില്‍ നിന്ന് റായ് ഷേണായി, വെങ്കടേശ്വര്‍ ഷേണായി, പുരുഷോത്തമ ഷേണായ്, ഗുണഭട്ട്, അയ്യനേത്ത് ദാമോദരന്‍, അനന്തപ്രഭു തുടങ്ങിയവരെക്കുറിച്ച് കേട്ടിരുന്നു. മിക്കവാറും അവരൊക്കെയുമായി ഏറെ അടുത്തറിയുവാനും കഴിഞ്ഞിട്ടുണ്ട്.
ഗുണഭട്ട് എന്ന കെ.ജി. വാധ്യാരും ടി.എം.വി. ഷേണായിയും ജനസംഘത്തിലും ബിജെപിയിലും എന്നുമാത്രമല്ല ജന്മഭൂമിയുടെ പ്രവര്‍ത്തനത്തിലും ഗുരുതുല്യരായ സഹപ്രവര്‍ത്തകരുമായിരുന്നു. അപ്പോഴേക്കും റായ് ഷേണായി അഭിഭാഷകനെന്ന നിലയ്ക്ക് കാലുറപ്പിക്കാനുള്ള ശ്രമത്തിലേര്പ്പെട്ടതിനാല് സജീവരംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അതുകൊണ്ടാവാം അടുപ്പം അധികമുണ്ടാവാതിരുന്നത്.
രണ്ടവസരങ്ങളില്‍ അദ്ദേഹവുമായി സംസാരിക്കാനും ഏറെസമയം ചെലവഴിക്കാനും കഴിഞ്ഞത് വല്യനേട്ടമായി. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ചരിത്രവും സ്വര്‍ഗീയ ഭാസ്കര്‍റാവുജിയുടെ ജീവചരിത്രവും തയ്യാറാക്കുന്ന പരിശ്രമത്തിനിടെയായിരുന്നു അത്. അതുവരെ എന്റെ ശ്രദ്ധയില്‍പെടാതിരുന്ന ഒരുകാര്യം അന്നറിയാന്‍ കഴിഞ്ഞിരുന്നു. 1949-50 കാലത്ത് നടന്ന ഹിന്ദുമഹാമണ്ഡലപ്രവര്ത്തനത്തിന്റെ ഭാഗമായി എറണാകുളത്തുചേര്‍ന്ന ഒരാലോചനായോഗത്തില് സംഘത്തിന്റെ പ്രതിനിധിയായി താന്‍ പങ്കെടുത്തിരുന്നുവത്രെ. മഹാമണ്ഡലത്തിന്റെ ആവേശവും മറ്റും പഴയതിരുവിതാംകൂര്‍ പ്രദേശത്തുമാത്രമായിരുന്നല്ലോ മുഖ്യമായുണ്ടായിരുന്നത്.
തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ആലുവയ്ക്ക് എറണാകുളവുമായുള്ള സാമിപ്യം മൂലമാണ് അല്പമെങ്കിലും താല്പര്യമുണ്ടായത്.
സംഘപ്രവര്‍ത്തനത്തിലായിരുന്നു റായ് ഷേണായിയുടെ ശ്രദ്ധമുഴുവന്‍. 1948 ല്‍ സംഘനിരോധനത്തെത്തുടര്ന്നുണ്ടായ പ്രവര്‍ത്തനങ്ങളുടെ എറണാകുളത്തെ മുഖ്യപങ്ക് അദ്ദേഹത്തിനുണ്ടായിരുന്നു. അവിടത്തെ ആദ്യകാല സ്വയംസേവകരെല്ലാം സത്യഗ്രഹത്തിലും മറ്റ് ഒളിപ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിരുന്നു.
ഭാസ്കര്‍ റാവുജിയായിരുന്നു കേരളത്തിലെ ആ പ്രവര്‍ത്തനങ്ങളുടെ മൊത്തത്തിലുള്ള മേല്‍നോട്ടം വഹിച്ചുവന്നത്. അന്നത്തെ മദിരാശി പ്രസിഡന്‍സിക്ക് പുറത്തുനിന്നുവന്ന പ്രചാരകന്മാരെ സര്‍ക്കാര്‍ പുറത്താക്കിയതിനാല്‍, താന്‍ കസ്റ്റഡിയില്പ്പെടുവെങ്കിലും അന്നുപ്രസിഡന്സിയുടെ ഭാഗമായിരുന്ന ദക്ഷിണകര്‍ണാടക ജില്ലയിലെ മൂലകുടുംബത്തിന്റെ വിലാസം നല്കി ഭാസ്കര്‍റാവുജി വിട്ടയയ്ക്കപ്പെടുകയായിരുന്നു.സത്യഗ്രഹത്തില്‍ പങ്കെടുത്ത എറണാകുളത്തെ രണ്ടുസ്വയംസേവകരുടെ അനുഭവങ്ങള്‍ അവരില്‍ നിന്നുതന്നെ കേള്‍ക്കാന്‍ സാധിച്ചു. കൊച്ചിയില്‍ നിന്നും എറണാകുളത്തുനിന്നും കോഴിക്കോട്ടെത്തി സത്യഗ്രഹം നടത്തിയ തങ്ങളെ അറസ്റ്റുചെയ്തു വയനാട് ചുരത്തിനുമുകളില്‍ വൈത്തിരിയില്‍ ഇറക്കിവിട്ടുവെന്നും പി.എന്‍. വെങ്കിടേശ്വര പ്രഭു പറഞ്ഞു.
തിരിച്ച് കോഴിക്കോട് വന്ന് അവര്‍ വീണ്ടും സത്യഗ്രഹം നടത്തി. വീണ്ടും അവര്‍ ശിക്ഷിക്കപ്പെട്ടു. ഇത്തവണ വയനാട്ടില്‍ വൈത്തിരി സബ്ജയിലിലാണ് കിടന്നത്. അവരവിടെ ജയിലിനുപുറത്തുള്ള അരുവിയില്‍ കുളിച്ചു. അടുത്തുള്ള തോട്ടത്തിലെ മധുരനാരങ്ങ പറിച്ചുതിന്നും സുഖമായി കഴിഞ്ഞുവത്രെ- എട്ടുദിവസം കഴിഞ്ഞ് സത്യഗ്രഹം പിന്‍വലിച്ചതിനെ തുടര്‍ന്ന് മോചിതരായി.
റായി ഷേണായിയും ആദ്യം വയനാട്ടിലാണ് ഇറക്കിവിടപ്പെട്ടത്.
ഓരോരുത്തരായി ഇറക്കിവിടപ്പെട്ടവര്‍ ഒരുമിച്ചുചേര്‍ന്ന് വീണ്ടും കോഴിക്കോട്ടെത്തി സത്യഗ്രഹം നടത്തി. അപ്പോഴേക്കും അറസ്റ്റു ചെയ്തുനീക്കുന്ന പരിപാടി അധികൃതര്‍ നിര്ത്തിവെച്ചുവത്രെ. അപ്പോള്‍ തിരുവിതാംകൂറില്‍ തിരുവനന്തപുരത്തും കൊച്ചിയില്‍ എറണാകുളത്തും സത്യഗ്രഹം നടത്താന്‍ ഭാസ്കര്‍ റാവു നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് റായ് ഷേണായിയും കൂട്ടരും രാജേന്ദ്രമൈതാനത്ത് സത്യഗ്രഹം നടത്തി. 11 പേരും അറസ്റ്റിലായി അവര്‍ക്ക് രണ്ടുമാസത്തെ തടവുശിക്ഷയാണ് വിധിക്കപ്പെട്ടത്.
എറണാകുളം സബ്ജയിലില്‍, സ്വാതന്ത്ര്യസമരകാലത്ത് പനമ്പിള്ളി ഗോവിന്ദമേനോനെ പാര്‍പ്പിച്ച മുറിയാണ് അവര്‍ക്ക് ലഭിച്ചതെന്ന് റായ് ഷേണായ് പറഞ്ഞു. ആലുവയിലെ കേശു എന്ന സ്വയംസേവകന് ഒന്നാന്തരം പാചകക്കാരനായിരുന്നു. ജയിലില്‍ ഭക്ഷണം തയ്യാറാക്കാന്‍ അനുമതി കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ ‘നളപാകം’ അനുഭവിക്കാന്‍ അവര്‍ക്ക് സാധിച്ചു. അതിനിടെ പരീക്ഷാ സമയം ആകയാല്‍ വിദ്യാര്‍ത്ഥികളെ അതിനനുവദിക്കാന്‍ കൊച്ചിസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതുമൂലം ആറുപേര്‍ മോചിതരായി. ബാക്കിയുള്ളവര്‍ രണ്ടുമാസവും ശിക്ഷ അനുഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
1954 ല്‍ ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് ആരംഭിക്കാനുള്ള ശ്രമങ്ങളുമായി ദീനദയാല്‍ജി വന്നപ്പോള്‍ നടന്ന ആലോചനായോഗങ്ങളിലും റായ് ഷേണായ് പങ്കെടുത്തിരുന്നു.
എറണാകുളത്തെ ആദ്യകാല സ്വയംസേവകരില്പെടുന്ന അദ്ദേഹം നവതിയിലെത്തിയ അവസരത്തില്‍ അദ്ദേഹത്തിന്റെ ആദ്യകാല സംഭാവനകളെ നാം കൃതജ്ഞതാപൂര്‍വം ഓര്‍ക്കേണ്ടതുണ്ട്. അവരുടെ അടുത്ത ഘട്ടത്തിലുള്ളവരായ ഹരിയേട്ടനും ഭാസ്കര്‍ജിയും ഡി. അനന്തപ്രഭുവും മറ്റും ഇന്നും നമുക്ക് പ്രചോദനം നല്കുന്നുവെന്നതുസന്തോഷകരമാണ്. റായ് ഷേണായി പുരുഷായുസ്സ് പൂര്‍ത്തീകരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: