ഓര്‍മകളെ കഥകളാക്കുകയാണ് പ്രവാസിയായ പ്രശാന്ത് ബാലചന്ദ്രന് എന്ന യുവകഥാകൃത്ത് തന്റെ ആദ്യകഥാസമാഹാരമായ എന്റെ ജാതകകഥകളില്‍. എന്റെ ജാതകകഥകള്‍ എന്ന പേരില്‍ത്തന്നെ ഒരു പുതുമയുണ്ട്. ആ പുതുമ കഥകളിലും പ്രകടമാണ്. എട്ട് കഥകള്‍ അടങ്ങുന്നതാണ് ഈ കഥാസമാഹാരം. ‘എന്റെ ജാതകകഥകള്‍’ എന്ന് പേരിട്ടിരിക്കുന്ന കഥയിലെ കഥാനായകന്റെ ജീവിതപ്രശ്നങ്ങള്‍ക്ക് കാരണം ഗ്രഹനിലയിലെ തകരാറാണെന്ന ജ്യോത്സന്റെ വാക്കുകള്‍ വിശ്വസിച്ച അയാള്‍ ജീവിതത്തില്‍ നേരിടുന്ന ആത്മസംഘര്‍ഷങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. കഥാഖ്യാനരീതിയും വായനക്കാരന് വേറിട്ട അനുഭവമായിരിക്കും നല്‍കുക.
നിസാരമെന്ന് തോന്നുന്ന സംഭവങ്ങളെപ്പോലും കഥാരൂപത്തിലാക്കുകയാണ് പ്രശാന്ത് ബാലചന്ദ്രന്. ‘ഒരു വിദഗ്ദ്ധനായ മൂട്ടപിടുത്തക്കാരന്റെ കഥ’ അത്തരത്തിലുള്ളതാണ്. വിദേശത്തുള്ള സുഹൃത്തിനെത്തേടി നാട്ടില്‍ നിന്നെത്തുന്ന മനോഹരന് അവിടെ പ്രശ്നക്കാരായിമാറുകയാണ് മൂട്ടകള്‍. ആ മൂട്ടകളില്‍ നിന്നും രക്ഷനേടുന്നതിന് അയാള്‍ പല തന്ത്രങ്ങളും ആവിഷ്കരിക്കുന്നു. താമസസ്ഥലം മാറിയിട്ടും പ്രശ്നത്തിന് പരിഹാരമാകുന്നില്ല.
ശത്രുക്കളുടെ ക്ഷുദ്രപ്രയോഗമാണ് മൂട്ടകള്‍ തന്നെ വിടാതെ പിന്തുടരാന് കാരണമെന്നും അയാള്‍ കരുതുന്നു. അതിന് പരിഹാരം തേടി അയാള്‍ നാട്ടിലേക്ക് തിരിക്കുന്നു. നിസാരമെന്ന് തോന്നുന്ന ഒരുകാര്യത്തെ അവതരിപ്പിച്ചിരിക്കുന്ന രീതി വേറിട്ടുനില്ക്കുന്നു.
വാര്‍ത്തകള്‍ തുടരുന്നു, ശൂന്യതയുടെ ശരിയായ അര്‍ത്ഥം, സേവ് ദ പ്ലാനറ്റ് എര്‍ത്ത് തുടങ്ങിയകഥകള്‍ സമകാലീന വിഷയത്തില്‍ ഊന്നിയുള്ളതാണ്. ഇതില്‍ വാര്‍ത്തകള്‍ തുടരുന്നു എന്ന കഥ ടി.പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെടുത്തി വായിക്കാം. വാര്‍ത്തകള്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ ആഘോഷമാകുന്നതെന്നും കൈകാര്യം ചെയ്യുന്നതെന്നും ഈ കഥയിലൂടെ മനസ്സിലാക്കാം.
ഇത്തരത്തില്‍ കഥകളെല്ലാംതന്നെ ഏതെങ്കിലും അനുഭവങ്ങളും ഓര്‍മകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശക്തമായ ചില നവീനബിംബങ്ങളും ഓരോ കഥകളിലും ആസ്വാദകരെ കാത്തിരിക്കുന്നുണ്ട്. കഥാപാത്രങ്ങള്‍ക്ക് പലപ്പോഴും നമുക്കിടയിലുള്ളവരുമായി വളരെയേറെ സാമ്യം കാണാം. വാക്കുകള്‍ക്കൊണ്ടുള്ള കസര്ത്തൊന്നും ഇല്ലാതെ ലളിതപദങ്ങളിലൂടെയാണ് കഥ പറയുന്നത്. അവതാരപുരുഷന്റെ അച്ഛന് എന്ന കഥ മികച്ചൊരു വായനാനുഭവമാണ് പകരുന്നത്.
ഭാര്യയുടെ ആദ്യത്തെ ഗര്‍ഭധാരണവും ഭര്‍ത്താവിന്റെ ആകുലതകളും പ്രതീക്ഷകളും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ഒരിക്കലും നിനച്ചിരിക്കാത്ത വഴിത്തിരിവിലേക്കാണ്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയിലെ അസ്വാഭാവികതയില്‍ ആശ്വസിക്കാന്‍ വഴിതേടുന്ന ഭര്‍ത്താവിനെയാണോ കഥാകാരന് വരച്ചിടുന്നതെന്ന് വായനക്കാരന് സംശയം തോന്നിയേക്കാം. തന്റെ കുഞ്ഞൊരു അവതാരപുരുഷനാണെന്ന് വിശ്വസിക്കാനാണ് അയാള്‍ ഇഷ്ടപ്പെടുന്നത്. അത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരന് വിട്ടുകൊണ്ടാണ് കഥ അവസാനിക്കുന്നത്.
കഥാകൃത്തുക്കളുടെ ഇടയിലേക്ക് എന്റെ ജാതകകഥകള്‍ എന്ന കഥാസമാഹാരത്തിലൂടെ ധൈര്യത്തോടെ പ്രശാന്ത് ബാലചന്ദ്രനും കടന്നുവരാം എന്ന് നിസംശയം പറയാം. എഴുത്തിലെ കയ്യടക്കവും കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതിയും കാണുമ്പോള്‍ ഈ എഴുത്തുകാരനില്‍ നിന്നും ഇനിയും കൂടുതല്‍ കഥക്കൂട്ടുകള്‍ പ്രതീക്ഷിക്കാമെന്ന് ഉറപ്പിക്കാം. പരം പുസ്തകാലയമാണ് എന്റെ ജാതക കഥകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
-വിവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: