പറഞ്ഞാല്‍ മറക്കണം, ഉണ്ടാല്‍ ദഹിക്കണം എന്നൊരു ചൊല്ലുണ്ട്. ഭൂമി മലയാളത്തില്‍ മാത്രമല്ല എവിടെയും അത്തരമൊരു സ്ഥിതിവിശേഷം വരണമെന്ന് ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. മനുഷ്യര്‍ എന്നു പറയുമ്പോള്‍ മാനവികത, അതായത് സഹജീവി സ്നേഹം, ആര്‍ദ്രത, അനുതാപം, ദയ, വാത്സല്യം, കാരുണ്യം, തന്നെപ്പോലെ അപരനെയും കരുതല്‍ തുടങ്ങിയ ഒട്ടുവളരെ വികാരങ്ങള്‍ ഒന്നിച്ചുകൂടി കെട്ടുപിണഞ്ഞ് നില്ക്കുന്ന സ്ഥിതിവിശേഷമാണ്. അത് സാധാരണഗതിയില്‍ എല്ലാവര്ക്കും ഉണ്ടെന്ന് പറയാം.
എന്നാല്‍ ഇവിടെയൊരു പക്ഷേയുണ്ട്. ഒരു വലിയ പക്ഷേ. അതിനെക്കുറിച്ച് നമുക്ക് ഇത്തിരിനേരം സംസാരിച്ചിരിക്കാം.
ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്കുള്ള യാത്രയില്‍ ബിജെപിയിലെ ഒരാളെയും കൂട്ടില്ല എന്ന് ശപഥം ചെയ്തിരിക്കുകയാണ് സോണിയ മെയ്നോയുടെയും യച്ചൂരി മുതലാളിയുടെയും കക്ഷികള്‍. അനുവദിക്കില്ല, അവരെക്കൊണ്ട് അക്കൗണ്ട് തുറപ്പിക്കാന്‍ എന്ന് ഭീക്ഷ്മ പ്രതിജ്ഞയെടുത്താണ് ഇരുപാര്‍ട്ടികളും രംഗത്തുണ്ടായിരുന്നത്.
ഒരു പടികൂടിക്കടന്ന് അറയ്ക്കപ്പറമ്പിലെ കാര്ന്നോര് മറ്റു ചിലതും പറഞ്ഞുവെച്ചു. ബിജെപി നിയമസഭയില്‍ എത്തിയാല്‍ അത് സംസ്ഥാനത്തിന് വലിയ ദോഷം വരുത്തുമെന്നും ഇവിടെ വര്‍ഗീയാസ്വാസ്ഥ്യം ഉണ്ടാവുമെന്നും ആയിരുന്നു ടിയാന്റെ പൊരിഞ്ഞുപൊട്ടല്. എത്ര ഉന്നത സ്ഥാനത്തെത്തിയാലും ഏതൊക്കെ മഹാന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാലും പിറവിയില്‍ കിട്ടിയത് അങ്ങനെ തന്നെയായിരിക്കുമെന്നതിന് ഇതു തന്നെ ധാരാളമല്ലേ?
ഏതായാലും ജനങ്ങള്‍ നെഞ്ചേറ്റിയ ഒരു പ്രസ്ഥാനമായതുകൊണ്ട് ബിജെപിക്ക് നിയമസഭയില്‍ പ്രവേശിക്കാനായി. പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവിനു തന്നെയാണ് ആ സ്ഥാനലബ്ധിയുണ്ടായത്. ദേശീയധാരയുടെ ഭാഗമാകാതെ നിന്ന പ്രബുദ്ധ കേരളത്തിന്റെ തിരുനെറ്റിയില്‍ ആ സിന്ദൂരക്കുറി വീണതോടെ പരിഭ്രാന്തിയിലായവര് ഇപ്പോള്‍ എന്തു ചെയ്യേണ്ടൂ എന്നറിയാത്ത നിലയിലാണ്.
പ്രതിപക്ഷനേതാവിന്റെ സ്ഥാനം വേണ്ടെന്ന് പറഞ്ഞ പുതുപ്പള്ളിക്കാരനില് നിന്ന് മേപ്പടി അംഗവസ്ത്രം ചെന്നിത്തലക്കാരന് ഏറ്റെടുത്തു.
അല്പന് അധികാരം കിട്ടിയാല്‍ എന്തോ സാധനം അര്‍ദ്ധരാത്രി പിടിക്കുമെന്നോ മറ്റോ കേട്ടിട്ടില്ലേ? ഏതാണ്ട് അതുപോലെയായി കാര്യങ്ങള്‍. ജനകീയാംഗീകാരം നേടി നിയമസഭയിലെത്തിയവരെ അംഗീകരിക്കാതിരിക്കുകയും അവരെ രാഷ്ട്രീയ ദുഷ്ടലാക്കിന്റെ വാള്‍ത്തലകൊണ്ട് മുറിവേല്‍പ്പിക്കാന്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യുന്നയാളെ നമുക്ക് പൊതുപ്രവര്‍ത്തകന്റെ പട്ടികയില്‍ പെടുത്താനാവില്ല. അങ്ങനെ വരുമ്പോള്‍ ചെന്നിത്തലയിലെ പടനായരും ആ ലിസ്റ്റില്‍ നിന്ന് പുറത്ത്.
അതായത് നിയമസഭയില്‍ എത്തിയ ഒ. രാജഗോപാലിനെ അംഗീകരിക്കാനും അദ്ദേഹവുമായി സഹകരിക്കാനും സാധിക്കില്ല എന്നാണ് പടനായര് പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷനേതാവ് വാസ്തവത്തില്‍ പ്രതിപക്ഷസ്നേഹം എന്നൊരു സംഗതിയെക്കുറിച്ചുപോലും അജ്ഞനാണെന്ന് ചുരുക്കം. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അറയ്ക്കപ്പറമ്പിലെ കാര്‍ന്നോരും അദ്യത്തിന്റെ ശിങ്കിടികളും ഓക്കാനിച്ച വിഷത്തിന്റെ പത്തിരട്ടി വീര്യം കൂടിയ വിഷമാണിപ്പോള്‍ പടനായര് പേറുന്നതെന്ന് വ്യക്തമായില്ലേ? വാസ്തവത്തില്‍ രാജഗോപാലിനെയും മറ്റും തെരഞ്ഞെടുത്ത ജനങ്ങളെ പുറംകാല്‍കൊണ്ട് തൊഴിച്ചെറിയുന്ന സമീപനമല്ലേ അത്? നാം പൊതുവെ പറയാറുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എന്താണെന്ന് തികച്ചും വ്യക്തമാവുന്നു ഇതിലൂടെ. ഒരു ജനാധിപത്യരാജ്യത്ത് വ്യത്യസ്തരാഷ്ട്രീയ വിശ്വാസം വെച്ചുപുലര്‍ത്തുന്നവരെ മുച്ചൂടും നശിപ്പിക്കാന്‍ വര്‍ദ്ധിതവീര്യരായി വിപ്ലവക്കൂട്ടങ്ങള്‍ രംഗത്തിറങ്ങാറുണ്ട്.
അവര്‍ക്ക് ഭരണം കിട്ടിയ സാഹചര്യത്തില്‍ അത് അരങ്ങ് തകര്ത്താടുന്നുമുണ്ടുതാനും. എന്നാല്‍ ചെന്നിത്തലക്കക്ഷിയെ നമ്മള് അങ്ങനെ കരുതിയിരുന്നില്ല. കടിച്ചതിനെക്കാള്‍ വിഷം മാളത്തിലുള്ളതിന് എന്നു പറയുന്നത് ഇതിനെയൊക്കെയാണോ?
നമ്മളറിഞ്ഞിരുന്നില്ല, സോണിയ മെയ്നോയും കൂട്ടരും ഒന്നിച്ച് തീറെഴുതി വാങ്ങിയതാണ് ഈ ഇന്ത്യാരാജ്യമെന്ന്.
നമ്മളറിഞ്ഞിരുന്നില്ല, പുതുപ്പള്ളിക്കപ്യാരും സംഘവും ലേലത്തില്‍ പിടിച്ചതാണ് കേരള നിയമസഭയെന്ന്. നമ്മളറിഞ്ഞിരുന്നില്ല, ഇടതു-വലത് ജനപ്രതിനിധികള്‍ക്കു മാത്രമെ ഇവിടെ ജനാധിപത്യാവകാശങ്ങള്‍ ഉള്ളൂവെന്ന്. നമ്മള് എന്തൊരു മണ്ടന്മാര് അല്ലേ?
ഇനി ഇതിനെക്കുറിച്ച് കാലികവട്ടത്തിന്റെ പ്രിയപ്പെട്ട കണാരേട്ടന് ചിലതു പറായാനുണ്ട്. അതായത് ഒ. രാജഗോപാലിന്റെ ജനകീയാംഗീകാരവും ഔന്നത്യവും ചെന്നിത്തല പടനായര്‍ക്ക് ഇല്ലാത്തതിനാല്‍ കൂട്ടുകൂടാനാവില്ലത്രെ. അത് അയാള്‍ നേരെ ചൊവ്വെ പറഞ്ഞെന്നേയുള്ളൂ. രാജഗോപാലിനെ നോക്കുമ്പോള്‍ പോലും ടിയാന് മുട്ടിടിക്കുകയാണ്. പിന്നെങ്ങനെ സംസാരിക്കും? എങ്ങനെ സഹകരിക്കും? ഒരു പ്രയോഗം അര്ധോക്തിയില് നിര്‍ത്തി കണാരേട്ടന് പൊട്ടിച്ചിരിച്ചുകൊണ്ട് എന്റെ പുറത്തൊരടിയും തന്ന് ശരവര്‍ഷം പെയ്യുന്ന മഴയത്തേക്ക് ഇറങ്ങിനടന്നു. അത് ഇതായിരുന്നു:
ആകാരം കൊണ്ടും അംഗീകാരംകൊണ്ടും ഹിമാലയ പ്രൗഢിയുള്ളിടത്ത് ബോണ്‍സായ് ചെടിക്കെന്ത് പ്രസക്തി? അതു തന്നെയാണ് ഒരുവിധപ്പെട്ടവരൊക്കെ ചോദിക്കുന്നത്. ഈ രാഷ്ട്രീയ ദുഷ്ടലാക്കിനെതിരെ കേരളത്തിന്റെ മനസ്സാക്ഷി പ്രതികരിക്കുമെന്നു തന്നെ വിശ്വസിക്കാനാണ് കാലികവട്ടത്തിന് താല്‍പ്പര്യം.
**********
കേരളത്തിലെ പോലീസ് കഴിവ് തെളിയിക്കുന്നതിലും കഴിവ്കേട് തെളിയിക്കുന്നതിലും പലപ്പോഴായി ‘മികവ്’ പുലര്‍ത്തിയിട്ടുണ്ട്. ഒട്ടേറെ കേസുകളില്‍ സമഗ്രാന്വേഷണം നടത്തി പ്രതികളെ രംഗത്തു കൊണ്ടുവന്നത് നമുക്കറിയാം. ടി.പി. ചന്ദ്രശേഖന് വധക്കേസിലെ പ്രതികളിലൊരാളായ കൊടിസുനിയെ അങ്ങ് ഉത്തരേന്ത്യന്‍ കരിമ്പിന് കാട്ടില്‍ നിന്നും ഞൊടിയിടയില്‍ പിടികൂടി നിയമത്തിന്റെ മുമ്പിലെത്തിച്ചത് ഒരു പ്രധാന ഉദാഹരണം. അന്നവര്‍ അതു ചെയ്തത് തിരുവഞ്ചൂരിന്റെ കീഴിലായിരുന്നുവെങ്കില്‍ ഇന്ന് പെരുമ്പാവൂരിലെ ജിഷാവധത്തില്‍ തെളിവുകള്‍ കുഴിച്ചുമൂടി മികവ് കാട്ടിയത് ചെന്നിത്തലയുടെ കീഴിലാണെന്നത് മറ്റൊരു കാര്യം.
തിരുവഞ്ചൂരും ചെന്നിത്തലയും തമ്മില്‍ സ്ഥലപരമായി വലിയ അന്തരം ഇല്ലെങ്കിലും തെളിവുകള്‍ കണ്ടെടുക്കുന്നതിലും തെളിവുകള്‍ കുഴിച്ചുമൂടുന്നതിലും ഏറെ അന്തരമുണ്ട്. അത്തരത്തിലൊരാള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ ഒ. രാജഗോപാലിനെ ‘സഹകരിപ്പിക്കില്ല’ എന്നു പറഞ്ഞതില്‍ അതിശയോക്തിയൊന്നുമില്ല. അല്ലെങ്കിലും ഗ്രൂപ്പ് രോഗത്തിന്റെ പേരില്‍ മുന്‍ മുഖ്യനായ ഉമ്മച്ചനെ സഹകരിപ്പിക്കാത്ത ചെന്നിത്തലയ്ക്ക് എങ്ങനെ രാജഗോപാലിനെ സഹകരിപ്പിക്കാന്‍ കഴിയും. ഒന്നോര്‍ക്കുന്നത് നന്നായിരിക്കും.
നമ്മുടെ നിയമസഭ പ്രത്യേകിച്ചിട്ടാര്ക്കും എഴുതിവച്ചിട്ടൊന്നുമില്ല. ജനം അംഗീകരിക്കുന്നവര്‍ക്ക് (അംഗീകരിക്കുന്നവര്‍ക്ക് മാത്രം) പ്രവേശിക്കുന്നതില്‍ സഭയ്ക്ക് ഒട്ടും തടസ്സമില്ല. കേന്ദ്രമന്ത്രിയെന്ന നിലയ്ക്ക് രാജഗോപാല്‍ ചെയ്ത വലിയ സംഭാവനകളെ നന്ദിയോടെ ഓര്‍ക്കുന്ന പ്രബുദ്ധരായ വോട്ടര്‍മാരാണ് രാജഗോപാലിനെ തെരഞ്ഞെടുത്തത്. നന്ദികേടുള്ള ഇന്ദിരാഭവനിലെ ചിലര്‍ക്കത് രസിച്ചെന്നു വരില്ല. അക്കൂട്ടത്തിലൊരാളായ ചെന്നിത്തലയുടെ ആഗ്രഹങ്ങള്‍ക്ക് സഭയ്ക്കകത്തും പുറത്തും ഒട്ടും വിലയുമില്ല. ഒരുപക്ഷേ, ഇന്ദിരാഭവനില്‍ ഉണ്ടായേക്കാം.
**********
കാര്‍ട്ടൂണീയം
ഇങ്ങനെയൊരു ഗതികേട് ആര്‍ക്കും വരുത്തരുതെന്ന് ഒരു പക്ഷേ, ചിലര്‍ക്കൊക്കെ തോന്നുന്നുണ്ടാവാം. വേലിക്കകത്തുള്ളവന് ശരിക്കും അങ്ങനെ തന്നെയായി. പനമ്പഴം പാകമാകുമ്പോള്‍ വായ്പ്പുണ്ണുവരുന്ന കാക്കയുടെ പരുവത്തില്‍.
ഭരണത്തെ നിയന്ത്രിച്ച് ഒരുവിധമാക്കാമെന്നാണ് കരുതിയിരുന്നത്. പക്ഷേ, അദ്യം മനസ്സില്‍ കണ്ടത് വിവരമുള്ളവര്‍ മാനത്ത് കണ്ടു. അതോടെ മോഹങ്ങളെല്ലാം മാറാപ്പിലായി. പുതുപ്പള്ളി കപ്യാരാണെങ്കില് പ്രതിപക്ഷസ്ഥാനം പടനായര്‍ക്ക് കൊടുത്ത് വേദി കാലിയാക്കി. ഇവരുടെയും ആത്മാവിലേക്കിറങ്ങിച്ചെല്ലുന്ന കാര്‍ട്ടൂണ്‍ മംഗളത്തില്‍. മഴക്കാലമല്ലേ ചിരിച്ച് ശരീരം ചൂടാക്കുക.
തൊട്ടുകൂട്ടാന്‍
ഭരണാധികാരിക്ക് അല്പം കവിതകൂടിയുണ്ടെങ്കില് സമൂഹവുമായുള്ള ഇഴയടുപ്പത്തിന് ചാരുത കൂടും. അങ്ങനെയുള്ളയാളാണ് നമ്മുടെ മന്ത്രി ജി. സുധാകരന്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിത ‘കാവ്യനീതി’ കലാകൗമുദി (ജൂണ്‍ 05)യില്‍. ഇതാ അഞ്ചാറു വരി കണ്ടാലും.
ഈ പ്രപഞ്ച പ്രളയാദ്രീയതില്
മുങ്ങികാലക്കയറില് കുരുങ്ങി
ജീവശ്വാസം നിലയ്ക്കുന്നു; ദീനം
നീതി ക്രുദ്ധമലറിവിളിക്കേ
നാടെവിടെന് കുടിലിലെ കുഞ്ഞും
കൂട്ടുകാരിയും പുല്ക്കുടില് കൂടും!
കാലമെത്ര കടന്നുവന്നിട്ടും
കോരനിന്നും കുടിലിലെ കഞ്ഞി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: