കൃതിയില്‍ ഓരോന്നിനും ഓരോ ധര്‍മമുണ്ട്. ഓരോ മനുഷ്യനും അവര്‍ വ്യാപരിക്കുന്ന മണ്ഡലത്തിനും ഓരോ ധര്‍മമുണ്ട്. ആ ധര്‍മം എത്രത്തോളം പാലിക്കുന്നു എന്നതിനനുസരിച്ചിരിക്കും അതിന്റെ (ആളുടെ) പ്രസക്തിയും. ആ ധര്‍മം മറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അത് അശ്ലീലമായി തീരുന്നു. ധര്മത്തില് നിന്നും വ്യതിചലിക്കുകമാത്രമല്ല അതിനെ മറ്റൊന്നാക്കിമാറ്റുമ്പോഴും അങ്ങനെ തന്നെ.
താന്‍ ചെയ്യുന്നതിന്റെ വലുപ്പം മനസ്സിലാക്കി പ്രവര്‍ത്തിക്കാതെ പോകുന്നവര്‍ പലപ്പോഴും ‘ അപരാധം’ പോലും ചെയ്യുന്നു എന്ന് പറയാം. വളരെ വളരെ ചെറുതായിപ്പോയേക്കും.
ബിസി നാലാം നൂറ്റാണ്ടില്‍ ചൈനയില്‍ അസാധാരണ പണ്ഡിതനും തത്വജ്ഞാനിയുമായിരുന്ന ഒരാള്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരാണ് മെന്‍ഷ്യസ്. പ്രസിദ്ധ ചൈനീസ് ചിന്തകനായ കണ്ഫ്യൂഷിയസ്സിന്റെ പഠനങ്ങള്‍ പിന്‍തലമുറയ്ക്ക് കൈമാറുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഒരു പ്രധാനശിഷ്യനായിരുന്നു കുങ്.ടു. മെന്‍ഷ്യസിനോട് കുങ്.ടു ഒരിക്കല്‍ ചോദിച്ചു.
”മനുഷ്യരെല്ലാവരും മനുഷ്യന് എന്ന നിലയ്ക്ക് തുല്യരാണല്ലോ. എന്നാല്‍ ചിലര്‍ മാത്രം വലിയവരും മറ്റുചിലര്‍ ചെറിയവരുമായി കഴിയുന്നു. ഇതിന്റെ കാരണം എന്താണ്?”
”ആര് തങ്ങളിലെ ഉദാത്തമായ കഴിവുകളും സ്വഭാവ രീതികളും വളര്‍ത്തി എടുക്കുന്നുവോ അവര്‍ വലിയ മനുഷ്യരായി മാറുന്നു. എന്നാല്‍ ആര് അവരുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നുവോ, അവര്‍ ചെറിയവനായി തീരുന്നു”.
മെന്‍ഷ്യസ് മറുപടി പറഞ്ഞു. എന്നിട്ട് അദ്ദേഹം തുടര്‍ന്നു.’ ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലെ ശ്രേഷ്ഠവും മാന്യവുമായ ഘടകങ്ങള്‍ ഏവയാണെന്നും മനസ്സിലാക്കി അവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു ജീവിക്കട്ടെ. അങ്ങനെ ചെയ്താല്‍ ചെറിയ ചെറിയ കാര്യങ്ങള്‍ ജീവിതത്തിന്റെ ശോഭകെടുത്തില്ല’.
ധനം, അധികാരം, പ്രതാപം, എന്നതിനേക്കാള്‍ വലിയ കാര്യങ്ങളാണല്ലോ സ്നേഹം, സേവനം, കരുണ, ക്ഷമ തുടങ്ങിയവ. അതിനോടൊപ്പവും തങ്ങളുടെ യഥാര്‍ത്ഥ ധര്മ്മവുംവലിയ കാര്യം തന്നെ.
പക്ഷെ, എന്തെ നമ്മള് ശീലിച്ചുപോയതാകട്ടെ, വലിയ കാര്യങ്ങള്‍ ചെറുതായി കാണാനും, ചെറിയ കാര്യങ്ങള്‍ വലുതായികാണാനുമായിപ്പോയി. എന്തായാലും അതൊക്കെയിരിക്കട്ടെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സന്ധ്യകഴിഞ്ഞ സമയത്താണ് രണ്ടുപേര്‍ വീട്ടിലേക്ക് വന്നത്. അതില്‍ ഒരാളെ എനിക്കറിയാമായിരുന്നു. എന്താണ് ഒരുവര്‍ഷം മുമ്പ് അന്തരിച്ച പി.ടി. ആന്റണി ചേട്ടന്. അദ്ദേഹം ടെംപസ്റ്റ് പത്രത്തിന്റെ പത്രാധിപരും മറ്റുമായിരുന്നു.
അടിയന്തരാവസ്ഥയ്ക്കെതിരെ എഴുതി പത്രം അക്കാലത്ത് അടച്ചുപൂട്ടപ്പെട്ടു. ‘ടെംപസ്റ്റ് ആന്റണി’ എന്ന പേരിലാണ് അദ്ദേഹം പിന്നീട് അറിയപ്പെട്ടത്. അദ്ദേഹം നവഭൂമി എന്ന ഒരാഴ്ചപ്പതിപ്പ് ആംരംഭിച്ചപ്പോള്‍ അതില്‍ സ്ഥിരമായി എഴുതുന്ന ഒരാളായി ഞാന്‍. അദ്ദേഹം കൂടെവന്ന ആളെ പരിചയപ്പെടുത്തി.
‘മോഹന്‍… ഇത് മിസ്റ്റര്‍ ടി.ജെ. കോട്ടൂര്‍. ഇദ്ദേഹത്തിന് ഒരു പത്രമുണ്ട്. വാര്‍ത്ത എന്നാണതിന്റെ പേര്’. വാര്‍ത്ത ഒരു ഓണം സ്പെഷ്യല്‍ പ്രസിദ്ധീകരിക്കുന്നു. അതിന്റെ എഡിറ്ററായി ചെല്ലാമോ എന്നറിയാനായിരുന്നു അവര്‍ വന്നത്. ഞാന്‍ അക്കാലത്ത് നാടകവും മറ്റുമായി നടക്കുകയായിരുന്നു. ഏതായാലും ചെല്ലാമെന്ന് ഏറ്റു. വൈകാതെ വാര്‍ത്തയുടെ എഡിറ്ററായി ചാര്‍ജെടുത്തു. വാര്‍ത്ത സ്പെഷ്യല്‍ മാത്രം ഇറക്കുന്ന ഒരു ഏര്‍പ്പാടാണെന്ന് തുടര്‍ന്നാണ് മനസ്സിലായത്!.
വളരെ പ്രശസ്തമായ കോട്ടൂര്‍ തറവാട്ടില്‍ ജനിച്ച ആളായിരുന്നു ടി.ജെ. കോട്ടൂര്‍ എന്ന കോട്ടൂരാന് ചേട്ടന്. അദ്ദേഹത്തിന്റെ ബന്ധുക്കളൊക്കെ ഉന്നത നിലയില്‍. ഇദ്ദേഹവും പ്രശസ്തമായ രീതിയില്‍ ബിസിനസ് നടത്തിയിരുന്ന ആളാണ്. പിന്നീടെപ്പോഴോ ബിസിനസ് പരാജയപ്പെട്ടു. ബിസിനസ് കാലത്തെ സുഹൃത്തുക്കള്‍ ഇപ്പോഴും സുഹൃത്തുക്കളായി ഉണ്ട്.
പക്ഷെ-
പറയാന്‍ ഒന്നുവേണം. പ്രൗഢിക്ക് ഒന്നുവേണം. അതിനായിരുന്നു വാര്‍ത്താ വാരിക. ഒരുകാലത്ത് വിവേചന പ്രസ്ഥാനത്തിലും മറ്റും പങ്കെടുത്ത കോട്ടൂരാന് ചേട്ടന് വാര്‍ത്തയുടെ ഇന്ദിരാഗാന്ധി സ്പെഷ്യല്‍ , രാജീവ് ഗാന്ധി സ്പെഷ്യല്‍, കരുണാകരന് സ്പെഷ്യല്‍, മദര്‍ തെരേസ സ്പെഷ്യല്‍, ബിഷപ്പുമാരെക്കുറിച്ചുള്ള സ്പെഷ്യല്‍ എന്നിവയൊക്കെ പ്രസിദ്ധീകരിച്ചു. സുഹൃത്തുക്കളില്‍ നിന്നും പരസ്യവും സംഘടിപ്പിച്ചു.
ഇന്ദിരാഗാന്ധിയുടെ സ്പെഷ്യല്‍ ഇന്ദിരാഗാന്ധിയും രാജീവിന്റേത് രാജീവ് ഗാന്ധിയും തുടങ്ങി സ്പെഷ്യല്‍ പതിപ്പുകള്‍ അതിലേതായ ആളുകള്‍ തന്നെയാണ് റിലീസ് ചെയ്തത്. ഇന്ദിരാഗാന്ധിയോടൊപ്പം രാജീവ്ഗാന്ധിയോടൊപ്പമൊക്കെ സ്പെഷ്യല്‍ റിലീസ് ചെയ്യുന്നതിന്റെ ഫോട്ടോ വലുതാക്കി എടുത്ത് ഫ്രെയിം ചെയ്ത് ചുമരില്‍ തൂക്കി ആനന്ദം കണ്ടു.
എറണാകുളം നോര്‍ത്തിലും ഇല്ലം റോഡിലും പിന്നീട് വീണ്ടും നോര്ത്തിലുമൊക്കെയായി പത്ര ഓഫീസ് എന്ന പേരില്‍ റൂം എടുത്തു.
ആര്‍ക്ക് ഭക്ഷണം മേടിച്ചുകൊടുക്കുന്നതിനും സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും മടികാണിച്ചില്ല. ഞാനും അദ്ദേഹവും ഞങ്ങളുടെ കുടുംബങ്ങളും തമ്മില്‍ ഒരു ദൃഢസൗഹൃദം ഉണ്ടാകുകയും ചെയ്തു. അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രശസ്ത പത്രപ്രവര്ത്തകന് കെ.എം. റോയി ആയിരുന്നു അധ്യക്ഷന്‍. ഈയുള്ളവനും അതില്‍ ഒരു പ്രസംഗകനായിരുന്നു.
എങ്കിലും-
അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം എന്നത് ഒരു പ്രൗഢിക്കുള്ള കാര്യം മാത്രമായപ്പോള്‍, കോട്ടൂരാന് ചേട്ടന് ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എന്തായി..?. വാര്‍ത്തയുടെ സ്ഥാനം എന്തായി…?.
കാര്‍ ബ്രാക്കറായിരുന്ന സ്വാമി തുടങ്ങിയ സായാഹ്നദിനപത്രമായിരുന്നു ‘ദുര്‍മോഹം’. ഏതാണ്ട് ഒന്നോ ഒന്നരയോ മാസം മാത്രമായിരുന്നു അതിന്റെ ആയുസ്. കേരള ടൈംസ് പത്രത്തിലുണ്ടായിരുന്ന-എളങ്കുന്നപ്പുഴയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ പ്രവര്‍ത്തകനായിരുന്ന പീറ്ററുചേട്ടന്റെ മകന് ജോയി പീറ്ററായിരുന്നു പത്രത്തിന്റെ എഡിറ്റര്‍. സിറ്റി ലേഖകനായി ഞാനും പ്രവര്‍ത്തിച്ചു.
‘ദുര്‍മോഹം’. പത്രത്തിന്റെ പേര് അന്വര്‍ത്ഥമാക്കുന്ന രീതിയിലായിരുന്നു സാമിയുടെ പത്രാരംഭവും ലക്ഷ്യവും. എറണാകുളത്ത് സ്വാമിക്ക് കുറച്ച് ദേഷ്യക്കാരും ഇഷ്ടക്കാരും ഉണ്ടായിരുന്നു. പത്രം നന്നായി നടക്കണം എന്നൊന്നുമല്ല സാമിയുടെ ആഗ്രഹം. പകരം എറണാകുളം ജോസ് ജങ്ഷനിലും സൗത്തിലുമൊക്കെ സൗജന്യമായിപ്പോലും വിതരണം ചെയ്യാന്‍ പത്തമ്പതു പത്രം നാലുമണിക്ക് ലഭിക്കണം എന്നതുമാത്രമായിരുന്നു ഉദ്ദേശ്യം. വാര്‍ത്തകളുമായി ആ സമയത്ത് പത്രം പ്രിന്റ് ചെയ്ത് ലഭിക്കുക എന്നതിലുപരി അദ്ദേഹത്തിന്റെ ഇഷ്ടക്കാര്‍ക്ക് അനുകൂലമായി അതില്‍ എന്തെങ്കിലും വേണം.
ദേഷ്യമുള്ളവര്‍ക്ക് എതിരായി വാര്‍ത്ത കണ്ടുപിടിച്ച് എഴുതിക്കോളണം എന്നതും നിര്‍ബന്ധം. അങ്ങനേയും ഒരു സായാഹ്നപത്രം ഇവിടെ ഉണ്ടായി. തന്റെ ഇഷ്ടാനിഷ്ടക്കാരുടെ വാര്‍ത്ത കൊടുത്ത് വലുപ്പം കാണിക്കാനായി. സാമിക്ക് വലുപ്പം ഉണ്ടായോ ആവോ?.
പക്ഷെ,
‘ജനഭൂമി’, ‘നാടകമേള’ എന്നീ പ്രസിദ്ധീകരണങ്ങള്‍ നടത്തിയിരുന്ന ശങ്കര്‍ജി വെള്ളിമറ്റത്തിന്റെ പത്രപ്രവര്‍ത്തനം മറ്റൊന്നിനായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞു നില്ക്കുന്ന കാലം. പാലാരിവട്ടം ജനതയില്‍ ജനഭൂമിയെന്നും നാടകമേളയെന്നും പ്രസിദ്ധീകരണത്തിന്റെ പേരുകണ്ടാണ് ഒരുദിവസം ഞാനവിടേക്കുചെല്ലുന്നത്.
അത് ഒരു വീടായിരുന്നു. കറുത്ത് പൊക്കം കുറഞ്ഞ കുറിയ മനുഷ്യന്. ശങ്കര്‍ജി വെള്ളിമറ്റം. അദ്ദേഹവും കുടുംബവും താമസിക്കുന്ന കുടികിടപ്പുഭൂമിയിലെ വീട്. കുടികിടപ്പ് അവകാശം ലഭിക്കാന്‍ അന്ന് ശങ്കര്‍ജി കോടതികയറിയിറങ്ങിക്കൊണ്ടിരിക്കുന്ന കാലം. വെളുത്ത ഖദര്‍മുണ്ടും ഷര്‍ട്ടും. ഒരുകാലത്ത് നാടകരംഗത്ത് സുപരിചിതനായിരുന്ന ശങ്കര്‍ജി ഒരു നാടകനടിയെയാണ് വിവാഹം കഴിച്ചതും. എന്റെ ആവശ്യം മാറ്റര്‍ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു.
മാറ്റര്‍ അദ്ദേഹം വാങ്ങി. പരിശോധിക്കട്ടെ എന്നൊരു മറുപടിയും തന്നു. ജിജ്ഞാസ നിലയ്ക്കാത്ത ഞാന്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മാറ്ററിന്റെ സ്ഥിതി അറിയാന്‍ വൈകുന്നേരങ്ങളില്‍ അവിടേക്ക് നടക്കാന്‍ തുടങ്ങി. ശങ്കര്‍ജിയുടെ മക്കള്‍ പറയും ‘അച്ഛന് വന്നിട്ടില്ല. വരുമ്പോള്‍ പറയാം’. അവരും അച്ഛനെ നോക്കി നില്‍ക്കുകയാണ്. ഇതിനിടെ ശങ്കര്‍ജിയുടെ മൂത്തമകന് അജയനുമായി ഞാന്‍ നല്ല പരിചയത്തിലായി. അപ്പോഴാണ് കാര്യങ്ങള്‍ കുടുതല്‍ വ്യക്തമായത്. രാവിലത്തെ ഭക്ഷണം കഴിഞ്ഞാല്‍ ഉച്ചയ്ക്ക് ഭക്ഷണമില്ല. രാത്രി ശങ്കര്‍ജി രൂപയുമായി എത്തിയാലെ ഭക്ഷണത്തിനുള്ള കാര്യങ്ങള്‍ ശരിയാകൂ.
ഭക്ഷണത്തിന്റെ കാര്യത്തിനും മറ്റ് ആവശ്യത്തിനുമായാണ് കുട്ടികള്‍ ശങ്കര്‍ജിയെ കാത്തുനില്‍ക്കുന്നത്. പ്രസിദ്ധീകരണങ്ങള്‍ അങ്ങനെ മുറയ്ക്ക് ഇറങ്ങുന്ന പതിവൊന്നുമില്ല. ശങ്കര്‍ജി പരസ്യം പിടിക്കും. ആത്യാവശ്യകാര്യത്തിനുള്ള പണം ലഭ്യമായാല്‍ പ്രസിദ്ധീകരണം ഇറക്കും. പരസ്യക്കാര്‍ക്കുവേണ്ടി പിന്നെ കൂടി വന്നാല്‍ പത്തോ ഇരുപത്തിയഞ്ചോ കോപ്പികള്‍ വേറെയും.
മറ്റുചിലപ്പോഴൊക്കെ അധികം പരസ്യം കിട്ടിയെന്നുവരില്ല. പണത്തിന് അത്യാവശ്യവുമാകും. അപ്പോള്‍ ചെയ്യുക പ്രസിദ്ധീകരണത്തിന്റെ നാലുപേജ് പരസ്യം ചേര്‍ത്ത് അടിച്ച് പഴയ കോപ്പിയിലെ മറ്റുപേജുകള്‍ എടുത്തുവച്ച് കൊടുക്കുക എന്ന തന്ത്രമാണ്. ഈ തന്ത്രത്തേയും പത്രപ്രവര്‍ത്തനം എന്ന പേരിലാണ് ശങ്കര്‍ജി കൊണ്ടുനടന്നത്.
അദ്ദേഹത്തിന്റെ മകന് അജയന് വെള്ളിമറ്റം പിന്നീട് കോട്ടയത്തുനിന്ന് ഇറങ്ങിയിരുന്ന പൗരധ്വനിയിലും കാട്ടുമൈനയിലുമൊക്കെ പ്രവര്‍ത്തിച്ചു. അവിടെ നിന്നും തെറ്റിപ്പിരിഞ്ഞ വീണ്ടും എറണാകുളത്തെത്തിയ അജയന് ചില ‘നേരല്ലാത്ത’ പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടിയും ‘നന്നല്ലാത്ത’തെഴുതി നടന്നു.
ലഹരിയിലേക്ക് വീണു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അകാലത്തില്‍ മരിക്കുകയും ചെയ്തു. ഇങ്ങനേയും പോയി പത്രപ്രവര്‍ത്തനങ്ങള്‍.
ഇപ്പോഴും എറണാകുളത്ത് ഒറ്റഷീറ്റ് പത്രവുമായി എന്തൊക്കയോ കുത്തിനിറച്ചുചേര്ത്ത് നടക്കുന്ന ഒരാളുണ്ട്. ആദ്യകാലത്ത് ഹാസ്യസാഹിത്യമെഴുതുന്ന ഒരാളുടെ പേരുപറഞ്ഞാണ് ആളുകളെ അയാള്‍ പരിചയപ്പെട്ടിരുന്നത്. പിന്നീട് വ്യാജപ്പേരുപയോഗിക്കുന്നത് ആളുകള്‍ മനസ്സിലാക്കി എന്നറിഞ്ഞപ്പോള്‍ അങ്ങനെ പേരുപറയാതായി.
താടി നീട്ടിവളര്‍ത്തി മുഷിഞ്ഞ വേഷത്തില്‍ എപ്പോ വേണമെങ്കിലും നഗരത്തില്‍ അയാള്‍ പ്രത്യക്ഷപ്പെടാം. പരിചയമുണ്ടെങ്കില്‍ നിങ്ങളോട് ഏറ്റവും കുറഞ്ഞത് ഇരുപത് രൂപയെങ്കിലും ചോദിച്ചിരിക്കും. കൈയില്‍ പത്രമുണ്ടെങ്കില്‍ ആ ഷീറ്റ് തരും. പത്രത്തിന്റെ പേരാണ് കാണിക്ക. ആളുടെ പേരാണ് വിജയന്. അനാഥനാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇതും പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍…
എറണാകുളം നഗരത്തിലുള്ളതുപോലെ മറ്റുനഗരങ്ങളിലും ഇതുപോലെ കണ്ടേക്കാം. പല രംഗങ്ങളില്‍…പല താല്പര്യങ്ങള്ക്കായി…പല വേഷത്തില്‍.
എങ്കിലും തത്വചിന്തകനായ താവോ തേ ചിങ് ലാവോത്സു പറയുന്നത് ഓര്‍മിക്കാം.
ആവശ്യത്തേക്കാള്‍ കുറച്ചെടുക്കുന്നത്
വക്കോളം നിറയ്ക്കുന്നതിനേക്കാള്‍ നല്ലത്
കൂടുതല്‍ മൂര്‍ച്ച കൂട്ടിയാല്‍ കത്തിയുടെ
വായ്ത്തല ഇല്ലാതാവുകയേ ഉള്ളൂ
സ്വര്‍ണവും രത്നവും കൊണ്ട് കലവറ നിറച്ചാല്‍
ആര്‍ക്കുമത് സംരക്ഷിക്കാനാവുകയുമില്ല
സമ്പത്തും ബഹുമതിയും കൈവശപ്പെടുത്തുന്നവര്‍ക്ക്
താമസം വിനാ നാശവും വന്നുചേരും
ജോലി പൂര്‍ത്തിയായാല്‍ പിന്‍വാങ്ങുക
അതാണ് ശരിയായ വഴി.
മെന്‍ഷ്യസ് പറഞ്ഞത് ആവര്‍ത്തിക്കാം. ‘ആര് തങ്ങളിലെ ഉദാത്തമായ കഴിവുകളും സ്വഭാവ രീതികളും വളര്‍ത്തി എടുക്കുന്നുവോ അവര്‍ വലിയ മനുഷ്യരായി മാറുന്നു. എന്നാല്‍ ആര് അവരുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നുവോ, അവര്‍ ചെറിയവനായി തീരുന്നു”.
വലിയ കാര്യങ്ങള്‍ ചെറുതായികാണുകയും ചെറിയ കാര്യങ്ങള്‍ വലുതായി കാണുകയും ചെയ്യുന്ന പതിവുശീലം മാറ്റി നിരീക്ഷിച്ചാലോ-പത്രപ്രവര്‍ത്തന തിരശീലയില്‍ ഇവരൊക്കെ ആരായിരുന്നു. ആരാണ്? സ്വധര്മത്തിലെന്തായിരുന്നു സ്ഥാനം?!
പുതുമൊഴി
അഞ്ചുരൂപ കിട്ടില്ലെങ്കില്‍ അന്യരോടെന്തിന്
ചിരിക്കണം പോലും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: