കേരളം സമ്പൂര്‍ണ്ണസാക്ഷരമാകുംമുന്‍പ് സാധാരണ മലയാളി സാക്ഷരനായിരുന്നു. പൈങ്കിളിക്കഥകളും കോട്ടയം വാരികകളും വായിച്ച്. സാധാരണക്കാരന്റെ വായനയുടെ മാനിഫസ്റ്റോയായിരുന്നു അവ. നാട്ടിന്‍പുറത്തുകാരന്റെ മനസു തുറക്കുന്ന വാതിലുകള്‍. സ്വന്തം വികാര വിചാരങ്ങളെ മേയ്ച്ചു നടക്കാനുള്ള ഒരിടം. ആഴ്ചകളിലെ ദിവസങ്ങള്‍ അവര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട വാരികയുടെയോ നോവലുകളുടെയോ പേരു വിളിച്ചു.
ജോലിക്കു പോകുമ്പോഴും തിരിച്ചു വരുമ്പോഴും തങ്ങളുടെ കുറ്റിയായ മാടക്കടകളില്‍ നിന്നും ഇഷ്ടനോവലുകള്‍ അച്ചടിച്ചുവന്ന വാരികകള്‍ അവര്‍ റാഞ്ചിക്കൊണ്ടുപോയി. വാരിക എത്താന്‍ വൈകിയാലും കടതുറക്കാന്‍ വൈകിയാലും വായനക്കാരുടെ വഴക്കും വക്കാണവും കേള്‍ക്കുമായിരുന്നു കടക്കാര്.
ഒരുകാലത്ത് മലയാളിയുടെ ഉള്ളില്‍ വായനയുടെ വസന്തം നട്ടത് പൈങ്കിളിക്കാര്‍ എന്നു പിന്നീട് വിളിപ്പേരുണ്ടായ എഴുത്തുകാരാണ്. ഈ പൈങ്കിളികള്‍ കൊത്തിക്കൊണ്ടുവന്നത് പക്ഷേ,സാധാരണ മലയാളിയുടെ നിത്യജീവിതപാടത്തില്‍ നിന്നുള്ള കഥകളുടെ കതിരുകളും. മലയാളത്തില്‍ ആധുനിക സാഹിത്യം കൊടുമ്പിരികൊണ്ടപ്പോള്‍ വായനയില്‍ ആധുനികരല്ലാത്ത നാട്ടിന്പുറത്തുകാര് സമാന്തരമായി വായിച്ചത് ഇത്തരം പൈങ്കിളികളാണ്.
പരസ്പരം കൊണ്ടുംകൊടുത്തും പൈങ്കിളികളും വാരികകളും ജനകീയമായി. ഇത്തരം പൈങ്കിളി നിരയിലെ ജനപ്രിയനായിരുന്നു കഴിഞ്ഞദിവസം ഓര്‍മയായ മാത്യുമറ്റം. 80കള്‍ മാത്യുമറ്റത്തിന്റെ കാലമായിരുന്നു. മാത്യുവിന്റെ നോവലില്ലാതെ കോട്ടയം വാരികകള്‍ ഇറങ്ങില്ലെന്നായി .മാത്യുവിന്റെ നോവലുകള്‍ക്കായി വായനക്കാര്‍ ആഴ്ചയിലെ എല്ലാ ദിവസങ്ങളും അതു അച്ചടിക്കുന്ന വാരികകള്‍ക്കായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു.
തങ്ങളുടെ ഇഷ്ട കഥാപാത്രങ്ങള്‍ക്കെന്തു സംഭവിച്ചുവെന്നറിയാന്‍ അവരുടെ നെഞ്ചുപിടഞ്ഞു. സ്നേഹവും പ്രണയവും ത്യാഗവും ഒളിച്ചോട്ടവും വേര്‍പാടും ചതിയും പകയുമൊക്കയുള്ളൊരു സമാന്തര ജീവിതം അങ്ങനെ ഭാവനയില്‍ വായനക്കാര്‍കൊണ്ടു നടന്നു.
മാത്യുമറ്റത്തിന്റെ 270 ഓളം നോവലുകളാണ് ചൂടപ്പംപോലെ വായനക്കാരിലെത്തിയത്. നോവലെണ്ണത്തില്‍ ഇതൊരു റെക്കോഡാണ്. കരിമ്പ്, പ്രൊഫസറുടെ മകള്‍, മെയ്ദിനം, ആലിപ്പഴം, മണവാട്ടി, പോലീസുകാരന്റെ മകള്‍, ഒന്‍പതാം പ്രമാണം, റൊട്ടി എന്നിങ്ങനെ സാധാരണ വായനക്കാര്‍ തങ്ങളുടെ ഇഷ്ടനോവലുകളെന്നു വാഴ്ത്തിയവ. ചിലത് സിനിമയായി, സീരിയലായി.
പൈങ്കിളിയെഴുത്തിന്റെ ആശാന്മാരായ മുട്ടത്തു വര്‍ക്കിക്കും കാനത്തിനും പിന്നാലെ അവരുടെ എഴുത്തിന്റെ നേരവകാശിയെപ്പോലെ ജനകീയനായിരുന്നു മാത്യു. എന്നാല്‍ പ്രണയത്തിന്റെ ചങ്കുംകരളുമായ ഇക്കിളികള് കൊണ്ടുമാത്രം തീര്‍ത്തവയായിരുന്നില്ല മാത്യുവിന്റെ നോവലുകള്‍. വൈകാരികപ്പൊരുത്തത്തിന്റെ വര്‍ണ്ണക്കൂട്ടുകള്‍ ചേര്‍ത്ത വാക്കുകള്‍ക്കകത്ത് സത്യത്തിന്റെ നീറുന്ന കണികകളുമുണ്ടായിരുന്നു. കാല്‍പ്പനികതയുടെ തേന്‍പുരട്ടിയ അത്തരം പശ്ചാത്തലങ്ങളാണ് മറ്റത്തെ കൂടുതല്‍ പ്രിയങ്കരനാക്കിയത്.
ജീവിതത്തിന്റെ ദുരന്തത്തിരകള്‍ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞപോലെയുള്ള അനുഭവം തനിക്കുമുണ്ടായിട്ടുണ്ടെന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ ഒരു സാഹിത്യക്യാമ്പില്‍ മാത്യു മറ്റം പറഞ്ഞിരുന്നു. ദെസ്തെയോവ്സ്കി തന്റെ നെഞ്ചിന്റെ ചൂടാണെന്നു പറഞ്ഞ അദ്ദേഹം ഒളിഞ്ഞിരിക്കുന്ന ജീവിതത്തിന്റെ തുറസുകള്‍ യാത്രകളിലെ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.
മുന്‍ഗാമികളെക്കാള്‍ മറ്റൊരു എഴുത്തു പശ്ചാത്തലംകൂടി മാത്യുമറ്റം സ്വീകരിച്ചിരുന്നു, കുടിയേറ്റക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍. പ്രകൃതി ദുരന്തങ്ങളോടുപോലും എതിരുനിന്നു കുടിയേറ്റക്കാര്‍ വെട്ടിപ്പിടിച്ചെടുത്ത അവരുടെ ജീവിതം സംഭവ ബഹുലങ്ങളായ ആകാംക്ഷകളുടേതായിരുന്നു. അതുവായിച്ച് വായനക്കാരും ത്രസിച്ചു. മാത്യുവിന്റെ വായനക്കാരില്‍ ഒരു വിഭാഗം ഇത്തരം കുടിയേറ്റക്കാരായിരുന്നു.
ഇന്നും പൈങ്കിളികളും കോട്ടയം വാരികകളുമുണ്ട്.
പക്ഷേ അത്തരം വിശേഷണങ്ങളില്ലെന്നുമാത്രം. ചാനലുകളില്‍ വരുന്ന സീരിയലുകളെല്ലാംതന്നെ പൈങ്കിളികളാണ്. ഇത്തരം വിശേഷണങ്ങള്‍ നല്കി പരിഹസിച്ചവര്‍ മലയാളത്തിലെ വമ്പന്മാരും അവര്‍ക്കിടയിലെ ആധുനികരുമാണ്. പൈങ്കിളികള്‍ തങ്ങളുടെ വായനയിലെ ആദ്യ സ്കൂളുകളായിരുന്നുവെന്ന് ഇത്തരക്കാര്‍ രഹസ്യമായും പരസ്യമായും പറഞ്ഞിട്ടുണ്ട്. ഇവരില്‍ പലരും പൈങ്കിളി ആശാനായ മുട്ടത്തു വര്‍ക്കി നോവല്‍ പുരസ്കാരം വാങ്ങുകയുമുണ്ടായി. മാത്യുമറ്റം ഓര്‍മയാകുമ്പോള്‍ ആ പൈങ്കിളിക്കാലം വിടപറയുന്നില്ല. കൂടുതല്‍ ഓമനക്കിളിയായി അതു പഴയ വായനക്കാരില്‍ ചിറകടിച്ചുകൊണ്ടേയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: