തിരൂര്‍: അത്യാധുനിക സജ്ജീകരണങ്ങളുമായി മലയാളസര്‍വകലാശാല നിര്‍മിക്കുന്ന ലൈബ്രറി-ഗവേഷണ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 11ന് രാവിലെ 9.30ന് കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. സി. മമ്മുട്ടി എംഎല്‍എയുടെ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.കെ. ഹഫ്സത്ത്, പഞ്ചായത്ത് പ്രസിഡന്റ് മെഹറുന്നീസ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിത കിഷോര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. നസറുള്ള, വാര്‍ഡ് അംഗം നൂര്ജഹാന് തുടങ്ങിയവര്‍ സംബന്ധിക്കും.
ഗവേഷണ കോഴ്സുകള്‍ കൂടി ആരംഭിച്ച സാഹചര്യത്തില്‍ ലൈബ്രറി വിപുലപ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. പതിനായിരം ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ 50000 പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യം, വിദ്യാര്‍ത്ഥികള്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കായി പ്രത്യേകം റീഡിംഗ് റൂമുകള്‍, ആനുകാലികങ്ങളും പത്രങ്ങളും ഡിസ്പ്ലേ ചെയ്യാനുള്ള സംവിധാനം എന്നിവ ഉണ്ടായിരിക്കും.
ഡിജിറ്റല്‍ ലൈബ്രറി, നിലവില്‍ അച്ചടിയില്ലാത്ത പുസ്തകങ്ങളുടെ പ്രത്യേക വിഭാഗം, ഇ-ബുക്ക്, ഇ-ജര്‍ണല്‍ വിഭാഗങ്ങള്‍ എന്നിവ ലൈബ്രറിയുടെ പ്രത്യേകതയായിരിക്കും. പൊതുജനങ്ങള്‍ക്കും ലൈബ്രറി സൗകര്യം ലഭ്യമാക്കും. മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ബിരുദധാരികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്ക് ലൈബ്രറി പ്രയോജനപ്പെടുത്താന്‍ സൗകര്യമൊരുക്കും. 1.78 കോടി രൂപ ചിലവില്‍ മൂന്നു മാസംകൊണ്ട് പണി പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: