തെക്കന്‍ മലബാറിലെ ചരിത്രപ്രസിദ്ധമായതും നിര്‍മ്മാണ വൈദഗ്ധ്യത്താല്‍ ശ്രദ്ധേയവുമായ ക്ഷേത്രങ്ങളില്‍ പെട്ടതാണ് ‘കരിക്കാട്’ സുബ്രഹ്മണ്യ അയ്യപ്പ ക്ഷേത്രം. മഞ്ചേരിയില്‍ നിന്ന് നാലു കിലോമീറ്റര്‍ വടക്കുകിഴക്കായി നിലമ്പൂര്‍ റോഡിലുള്ള ഈക്ഷേത്രം വളരെ പ്രത്യേകതകളുള്ളതാണ്. പഴയപ്രൗഢി വിളിച്ചോതുന്ന വലിയ ആനപ്പള്ള ചുറ്റുമതിലുണ്ട്. ഗ്രാമക്ഷേത്രം എന്ന നിലക്കും പ്രധാന്യമുണ്ട് ഈ ക്ഷേത്രത്തിന്. കേരളത്തിലെ അറുപത്തിനാലുനമ്പൂതിരി ഗ്രാമങ്ങളില്‍ യജുര്‍വേദ പ്രധാനമായ ഗ്രാമമായ കരിക്കാട് ഗ്രാമത്തിലെ ക്ഷേത്രമാണ് കരിക്കാട് സുബ്രഹ്മണ്യക്ഷേത്രം. പ്രധാനമായി ബാലമുരുകന്, വേലായുധസ്വാമി, അയ്യപ്പന് എന്നീ ദേവന്മാരാണ് പ്രതിഷ്ടകള്‍. മൂന്നു ദേവന്മാര്ക്കും കൊടിമരവും ഉണ്ട്. മറ്റുക്ഷേത്രത്തില്നിന്നും വിഭിന്നമായി വെവ്വേറ തന്ത്രിമാരാണെന്നതാണ് ഏറ്റവും വിചിത്രം.
ഗ്രാമപരദേവതയായി പശ്ചിമാഭിമുഖമായി അയ്യപ്പസ്വാമി കുടികൊള്ളുന്നു.ഗജപൃഷ്ഠ ആകൃതിയിലുള്ള ഈ ശ്രീകോവില്‍ താരതമ്യേന പുതുതാണെന്ന്കരുതുന്നു. ഇരിക്കുന്ന രൂപത്തിലാണെങ്കിലും ശബരിമലശാസ്താവില്‍നിന്നും ഏറെമാറ്റം പ്രതിഷ്ഠയ്ക്കുണ്ട്. മലപ്പുറത്ത് മുടപ്പിലാപ്പള്ളി നമ്പൂതിരിയാണ് ഇവിടുത്തെ തന്ത്രി. ഉടച്ച നാളികേരം ആണ് ഇഷ്ടവഴിപാട്. ഏകചക്ര ഗ്രാമത്തില്‍ നിന്നും ഓടിപോന്ന് ആദ്യം മാങ്ങോട്ടിരി കാവില്‍ വന്നുഎന്നും നാളികേരം ഉടച്ച് നിവേദിച്ചു എന്നുമാണ് പറഞ്ഞുകേള്‍ക്കുന്നു. തരിപ്പണം ആണ് പ്രധാന വഴിപാട്. മീനമാസത്തില്‍ നാളികേരം ഏറ്റും പ്രസിദ്ധമാണ്. കിഴക്കോട്ടഭിമുഖമായി വേലായുധസ്വാമി കുടി കൊള്ളുന്നു.
ക്ഷേത്രമതിലകത്ത് രണ്ട് സുബ്രഹ്മണ്യസ്വാമിമാരുടെ ശ്രീകോവിലുള്ളതില് തെക്ക് ഭാഗത്തായി ചതുരാകൃതിയിലുള്ള ശ്രീകോവിലില്‍ വേലായുധസ്വാമി അഥവാ തെക്കുംതേവര് കുടികൊള്ളുന്നു. തൃശ്ശൂര്‍ പെരുമനത്ത് വെള്ളാമ്പറമ്പു നമ്പൂതിരിയാണ് ഇവിടെ തന്ത്രി. ശ്രീകോവിലിന്റെ പ്രത്യേകത പ്രതിഷ്ഠയുടെ കാലവ്യത്യാസം സൂചിപ്പിക്കുന്നു, ഈ ക്ഷേത്രത്തിനും പ്രത്യേകം കൊടിമരം ഉണ്ട്. വട്ടശ്രീകോവിലാണ് ബാലമുരുകന്റേത്. അതുകൊണ്ടുതന്നെ ഏറ്റവും പഴയശ്രീകോവില് ഇതാണെന്നു തീര്ച്ചയാക്കാം.
ടിപ്പുവിന്റെ പടയോട്ടത്തിനുശേഷം തിരികെയെത്തിയ്പ്പോള് ഇവിട്ത്തെ വിഗ്രഹം കാണാത്തതുകാരണം വേറെ വിഗ്രഹമുണ്ടാക്കി എന്നും പിന്നീട് കുളത്തില്‍ നിന്ന് പഴയവിഗ്രഹംകിട്ടി അതാണ് വേലായുധസ്വാമിയുടെ വിഗ്രഹം എന്നും കരുതുന്നു. തളിപ്പറമ്പു ഗ്രാമക്കാരനായ പൂന്തോട്ടത്തില്‍ പുടയൂര്‍ ഇല്ലക്കാരാണ് ഇവിടെ തന്ത്രി. ഭഗവതി, ഗണപതി,ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ഉപദേവന്മാര്.
ബകവധവുമായും ഏകചക്രഗ്രാമവുമായും ബന്ധപ്പെട്ടതാണ് ഈ ഗ്രാമക്ഷേത്രത്തിന്റെ ഐതിഹ്യം. ബകനെ പേടിച്ച് ഏകചക്ര ഗ്രാമത്തി(ഇന്നത്തെ എടക്കര)ല്‍ നിന്നും ജനങ്ങള്‍ അവരുടെ പരദേവതയായ അയ്യപ്പനുമായി ഓടിപോന്ന് ഇവിടെ വന്ന്താമസിക്കുന്നു. സമീപത്തുള്ള ഒരു ബാലമുരുകാലയത്തില്‍ ആ ദേവനെ പടിഞ്ഞാറ് മുഖമായി പ്രതിഷ്ഠിച്ചു അതാണ് വേലായുധസ്വാമി.ഇവിടെ മകരമാസത്തില്‍ തൈപ്പൂയം ആറാട്ട് ആയി തിരുവുത്സവം നടക്കുന്നു. മൂന്ന് ദേവന്മാര്ക്കും തുല്യപ്രാധാന്യമായതിനാല്‍ അവര്‍ മൂന്ന് ആനയുടെ പുറത്തും ഒരുമിച്ച് പുറത്തെഴുന്നള്ളൂന്നു. എല്ലാ ഷഷ്ഠിക്കും വേദഘോഷത്തോടെ വാര(വേദഘോഷം)മിരിക്കല്‍ നടക്കുന്നു. എല്ലാമാസവും കരിക്കാട് ഗ്രാമക്കാരായ നമ്പൂതിരിമാര്‍ ഭഗവതിസേവ നടത്തുന്നു. കരിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായി 6 അയ്യപ്പക്ഷേത്രങ്ങള്‍ കൂടി ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: