രഞ്ജിത്ത് ഏബ്രഹാം തോമസ്
പെരിന്തല്‍മണ്ണ: സിബിഎസ്ഇയില് പത്താം ക്ലാസ് പരീക്ഷ ജയിച്ച വിദ്യാര്‍ത്ഥികള്‍ 50 രൂപ മുദ്രപത്രം കിട്ടാന്‍ നെട്ടോട്ടമോടുന്നു. കേരള സിലിബസ് പ്ലസ് വണ്‍ കോഴ്സിന് ചേരാന്‍ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ 50 രൂപ പത്രത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന നിയമമാണ് വിദ്യാര്‍ത്ഥികളെയും രക്ഷാകര്‍ത്താക്കളെയും വലക്കുന്നത്. സിബിഎസ്ഇ നേരിട്ട് നടത്തിയ പത്താം ക്ലാസ് പരീക്ഷയാണ് വിജയിച്ചതെന്ന് രക്ഷാകര്ത്താക്കള് സത്യവാങ്മൂലം നല്‍കണം. പ്ലസ് വണ്‍ അപേക്ഷയോടൊപ്പം ഇതിന്റെ പകര്‍പ്പ് നല്‍കുകയും പ്രവേശന സമയത്ത് സാക്ഷ്യപത്രം ഹാജരാക്കുകയും വേണം. എന്നാല്‍ ജില്ലയില്‍ തന്നെ 50 രൂപ മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. പ്ലസ് വണ്ണിന് അപേക്ഷ നല്‍കാനുള്ള അവസാന ദിവസം മെയ് 31 ആയിരുന്നു. എന്നാല്‍ സിബിഎസ്ഇ പരീക്ഷയുടെ ഫലം വരാന്‍ വൈകിയതിനാല്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ നാലുവരെ നീട്ടി. നഗരത്തിലെ പ്രധാന വിദ്യാലയങ്ങളില്‍ അപേക്ഷ നല്കാന് വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രവേശനത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്കുമ്പോള് പത്തില്‍പ്പരം വിദ്യാലയങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഹയറ്സെക്കണ്ടറി ഡയറക്ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം ഇങ്ങനെ തെരഞ്ഞെടുത്ത ഏത് വിദ്യാലയത്തില്‍ വേണമെങ്കിലും അവസാന തീയതിക്ക് മുമ്പ് അപേക്ഷയും ഫീസും നേരിട്ട് സമര്‍പ്പിക്കാം. പക്ഷേ, മുദ്രപത്രം കിട്ടാത്തതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് രക്ഷിതാക്കള്‍. അപേക്ഷ നല്കാന് കേവലം ഒരു ദിവസം മാത്രം ശേഷിക്കെ, ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമോയെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: