കാഞ്ഞങ്ങാട്: അറ്റകുറ്റപണിയോ പരിചരണമോ ഇല്ലാത്തതിനാല്‍ തകര്‍ന്നു തുടങ്ങിയ കാഞ്ഞങ്ങാട് നഗരസഭ ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നു. കെട്ടിടത്തിന്റെ പലഭാഗത്ത് നിന്നും കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ദ്രവിച്ച ഇരുമ്പ് കമ്പികള്‍ പുറത്ത് കാണുന്ന നിലയിലാണ്. അടര്‍ന്നു നില്ക്കുന്ന കോണ്‍ക്രീറ്റ് പാളികളാകട്ടെ ഏതുസമയത്തും നിലംപതിക്കാവുന്ന സ്ഥിതിയിലാണുളളത്. ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ നില്ക്കുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് തകര്‍ന്നു വീഴാറായിരിക്കുന്നു. മഴ പെയ്ത് തുടങ്ങിയതോടെ ഇവ ഏതുസമയത്തും താഴെ വിഴും. യാത്രക്കാരിരിക്കുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുളള മേല്ക്കൂരയാണെങ്കില് പഴകി ദ്രവിച്ച് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത് കൂടുതല്‍ അപകട ഭീഷണിയുയര്‍ത്തുന്നു. തലയില്‍ വീഴുമോ എന്ന ഭീതിയിലാണ് യാത്രക്കാര്‍ ഇവിടെയിരിക്കുന്നത്.
യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തുകയോ പെയിന്റിംഗ് നടത്തുകയോ ചെയ്യാത്തതാണ് കെട്ടിടത്തിന്റെ കേടുപാടുകള്‍ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. രണ്ട് വര്‍ഷം മുമ്പ് ബസ് കാത്ത് നിന്ന യാത്രക്കാരിയുടെ തലയില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് തലക്ക് പരിക്കേറ്റിരുന്നു. യാത്രക്കാരിരിക്കുന്ന ഭാഗത്തേക്ക് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുകയായിരുന്നു. പിന്നീട് അത് അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍വ്വ സ്ഥിതിയിലാക്കാനും നഗരസഭക്കായില്ല. 1984ലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട് പെയിന്റിംഗ് നടത്തുകയോ നവീകരിക്കുകയോ ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ പാര്‍ശ്വഭാഗങ്ങളില്‍ വൃക്ഷങ്ങള്‍ വേരുറപ്പിച്ചത് ബലക്ഷയത്തിന് കാരണമായി. വൃക്ഷത്തൈകള്‍ ഇവിടെ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങളുണ്ടാകാനും സാധ്യതയുണ്ട്. രാത്രികാലങ്ങളില്‍ ബസ്സ്റ്റാന്റ്യാര്ഡിലെ ഇരുട്ടിന്റെ മറവില്‍ കഞ്ചാവ് വില്പന നടക്കുന്നതായും പറയുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യവും കൂടിവരികയാണ്. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് കയറുന്ന കവാടത്തില്‍ സ്ഥാപിച്ച ഗ്രില്ലിന്റെ പൂട്ട് ആരോ തകര്‍ത്തിരുന്നു. പട്രോളിംഗ് നടത്തുന്ന പോലീസുകാരുടെ ശ്രദ്ധ ബസ്സ്റ്റാന്റിനകത്തേക്ക് ഉണ്ടാകാറില്ലെന്നത് സാമൂഹ്യവിരുദ്ധരുടെ താവളമാകാനും കാരണമായി. കെട്ടിടത്തിന് മുകളില്‍ വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ വെളിച്ചം കെട്ടിടത്തിന് അടിഭാഗത്തേക്ക് പൂര്‍ണമായും ലഭിക്കുന്നില്ല. രാത്രികാലത്ത് ഇവിടെ ആള്ക്കാര് തമ്പടിക്കാറുണ്ടെന്നും സമീപത്തെ വ്യാപാരികള്‍ പറയുന്നു. രാത്രികാലത്ത് എയ്ഡ്പോസ്റ്റില്‍ പോലീസുകാരില്ലാത്തതും സാമൂഹ്യവിരുദ്ധര്‍ക്ക് സഹായകമാകുന്നു.
ബസ്സ്റ്റാന്റിനകത്തുള്ള ശൗചാലയത്തില്‍ സംഘം ചേര്‍ന്ന് മദ്യസേവ നടക്കുന്നതായും സൂചനയുണ്ട്. ഇതിന് ശൗചാലയ നടത്തിപ്പുകാരന് തന്നെ സൗകര്യമൊരുക്കിക്കൊടുക്കുന്നുവെന്നും പറയുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടഭീഷണിക്കും സാമൂഹ്യവിരുദ്ധ ശല്യത്തിനും കാരണമെന്ന് ആരോപണമുണ്ട്. യാത്രക്കാരിരിക്കുന്ന സ്ഥലത്തെ തകര്‍ന്ന മേല്‍ക്കൂര കനത്ത മഴക്ക് മുമ്പ് മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ പെരുമഴയത്ത് നില്‍ക്കാനായിരിക്കും യാത്രക്കാരുടെ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: