നിശബ്ദതയ്ക്കിടയിലേക്ക് ശബ്ദസൗന്ദര്യമായ് സംഗീതത്തിന്റെ അമൃതധാര തീര്‍ക്കുകയാണ് ആബിദ പര്‍വീണ്‍. സൂഫി സംഗീതത്തിലെ റാണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആബിദ. അവര്‍ പാടുകയാണ്, സ്വയം ലയിച്ച്, മറ്റുള്ളവരെ തന്റെ സംഗീതത്തില്‍ അലിയിച്ച്. ആനന്ദത്തിന്റെ പരകോടിയിലേക്ക് ആ സ്വരമാധുരി ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നു.
സംഗീതത്തിലൂടെ സൂഫിസം എന്ന ആത്മീയധാരയുടെ ദര്‍ശനമാണ് അവര്‍ ലോകത്തോട് സംവദിക്കുന്നത്. മനുഷ്യനും സൃഷ്ടികര്‍ത്താവും ഗുരുവും ശിഷ്യനും പ്രണയിനിയും കാമുകനും തമ്മിലുള്ള സംവാദമാണ് അവര്‍ തന്റെ ഗസലുകളിലൂടെയും ഗീതങ്ങളിലൂടെയും സൃഷ്ടിക്കുന്നത്. പരിപാവനമായ സ്നേഹത്തിന്റേയും ആത്മീയതയുടേയും തത്വം വിശ്വം മുഴുവന്‍ പരത്തുകയാണ് ആബിദ പര്‍വീണ്‍.
ആബിദ എന്ന അറബി പേരിന്റെ അര്‍ത്ഥം അന്വര്‍ത്ഥമാക്കുകയാണ് ആബിദ. ആരാധിക്കുകയെന്നാണ് ആ പേരിന്റെ അര്‍ത്ഥം. തന്റെ സംഗീതത്തിലൂടെ ആബിദ സര്‍വേശ്വരനെ സദാ ആരാധിക്കുകയാണ്.
ജനനം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 1954 ല്‍. പിതാവും സംഗീതജ്ഞനുമായിരുന്ന ഉസ്താദ് ഗുലാം ഹൈദറാണ് സംഗീതത്തില്‍ ആബിദയുടെ ആദ്യ ഗുരു. പാക്കിസ്ഥാനിലും ഭാരതത്തിലും നിറയെ ആരാധകരുണ്ട് സൂഫീ സംഗീതത്തിലെ റാണിക്ക്. സൂഫി സംഗീതത്തോടാണ് ആബിദയുടെ ആദ്യപ്രണയം. അത് മൊട്ടിട്ടതാവട്ടെ മൂന്നാം വയസ്സിലും. താനൊരു പെണ്‍കുട്ടിയാണെന്ന ചിന്ത സൂഫീ സംഗീതത്തിലേക്ക് കൈപിടിച്ചു നടത്തുമ്പോള്‍ തന്റെ പിതാവിനുണ്ടായിരുന്നില്ലെന്ന് ആബിദ പറയുന്നു.
പാടുമ്പോള്‍ ദൈവികതയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാത്ത, തന്റെ സംഗീതം ഈശ്വരന് വേണ്ടിയുള്ളതാണെന്ന് പ്രഖ്യാപിക്കുന്ന ആബിദ പര്‍വീണ്‍. തനിക്ക് ചുറ്റുമുള്ളതെന്തും തന്നെ ആ സര്‍വശക്തനിലേക്ക് രൂപാന്തരപ്പെടുത്തുന്നുവെന്നും ആബിദ പറയുന്നു. കുട്ടിക്കാലത്ത് പിതാവിനൊപ്പം കൂടുതല്‍ സമയവും ചിലവഴിച്ചിരുന്നത് ദര്‍ഹകളിലായിരുന്നു എന്നതും ആബിദയെ സൂഫി സംസ്കാരത്തോട് കൂടുതല്‍ അടുപ്പിച്ചു.
സൂഫി സംഗീതത്തിലേക്ക് തന്നെയാരോ ആകര്‍ഷിച്ചുകൊണ്ടുപോകുന്നതായി ബാല്യത്തിലേ തന്നെ ആബിദ തിരിച്ചറിഞ്ഞിരുന്നു. ആ സംഗീതം കേള്‍ക്കുമ്പോള്‍ ആത്മസംതൃപ്തി നേടുന്നതായും അന്നേ മനസ്സിലാക്കിയ ആബിദ ആ വഴിയില്‍ നിന്നും തിരിഞ്ഞുനടക്കാന്‍ തയ്യാറായിരുന്നില്ല. ദൈവീകമായ, ശാശ്വതമായ ആ അംശത്തെ ഏകാഗ്രമായി മനസ്സിലാക്കി കണ്ടെത്തുകയായിരുന്നു. അത്തരത്തിലൊരു ആത്മീയ ചൈതന്യം എല്ലാവരുടേയും ഉള്ളില്‍ ദൈവം സൂക്ഷിച്ചിട്ടുണ്ടെന്നും അത് കണ്ടെത്തുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു.
അല്ലെങ്കിലും സൂഫിസം തന്നെ ഒരര്‍ത്ഥത്തില്‍ ആത്മാന്വേഷണമാണല്ലോ?. മാനവികതയാണ് സൂഫിസത്തിന്റെ അടിത്തറ. അതേ മാനവികതയുടെ ഭാഗത്തുനിന്നുകൊണ്ടാണ് ആബിദ പാടുന്നതും. ഓരോ വേദിയും പിന്നിടുമ്പോഴും ആദ്യമായി അരങ്ങത്തെത്തുന്നതുപോലെയുള്ള ആകുലതയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും അവര്‍ പറയുന്നു. നിരന്തരമായ പരിശീലനം തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോള്‍ അതിന് പൂര്‍ണത നല്‍കുന്നത് സര്‍വേശ്വരനാണെന്നും ആബിദ പറയുന്നു.
സംഗീതത്തിന് അതിര്‍വരമ്പുകളില്ലെന്നും അവര്‍ വിശ്വസിക്കുന്നു. സൂഫിക്കവിതയെ സംഗീതവല്‍കരിക്കും മുമ്പ് അതില്‍ പ്രയോഗിക്കേണ്ട സംഗീതോപകരണത്തെക്കുറിച്ചും പാടുമ്പോഴുള്ള ശബ്ദവിന്യാസങ്ങള്‍ എത്തരത്തിലായിരിക്കണം എന്നതിനെക്കുറിച്ചും മനസ്സില്‍ ധാരണയുണ്ടാക്കിരിക്കും. സൂഫീ സംഗീതം ലോകത്തിന് നല്കുന്ന സന്ദേശം സമഗ്രമായിത്തന്നെ നിലനില്ക്കുന്നു. അതിന്റെ സംതുലനാവസ്ഥയെ നിലനിര്‍ത്തുകയെന്നത് ദുഷ്കരവുമാണ്.
സൂഫിസത്തില്‍ സംഗീതവും പ്രണയവും അതിന്റേതായ തനിമയില്‍ ഇഴചേര്‍ന്നുനില്‍ക്കുന്നു. സൂഫികള്‍ സംഗീതത്തിലൂടെയാണ് ദൈവത്തോടും മനുഷ്യരോടും സംസാരിക്കുന്നത്. ആബിദ തന്റെ ശബ്ദധാരകൊണ്ടുചെയ്യുന്നതും അതാണ്. അവര്‍ സ്വയം മറന്നുപാടുന്നത് സര്‍വേശ്വരനുവേണ്ടിയാണ്. അവിടെ ഞാന്‍ എന്ന അവസ്ഥയില്ല. ഈശ്വരനാണ് തന്നേയും ആസ്വാദകരേയും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്നും ആബിദ പറയുന്നു.
പാടുമ്പോള്‍ സര്‍വവും മറന്നുപാടുന്ന ആബിദ പക്ഷെ അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത കൂട്ടത്തിലാണ്. മൗനത്തിലായിരിക്കുമ്പോഴും അവര്‍ ദൈവവുമായി സംവദിക്കുകയാവാം. തന്റെ സംസ്കാരം ആത്മീയതയിലും പ്രണയത്തിലും ഊന്നിയതാണെന്ന് അവര്‍ വിശ്വസിക്കുന്നു. സംഗീതം ജീവിതം തന്നെയാണെന്നവര്‍ കരുതുന്നു. എന്തിന്റെയെങ്കിലും പേരില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അത് ശബ്ദത്തിന്റെ പ്രയാണത്തിലൂടെയാണ്. ആ ശബ്ദം ദൈവത്തിന്റേതാണ്- ആബിദ പറയുന്നു.
ആസ്വാദകനെ ഉന്മാദാവസ്ഥായിലേക്ക് കൊണ്ടുപോകുന്നതാണ് സൂഫി സംഗീതം. അതിന്റെ പ്രചാരകയായ ആബിദ, ലോകത്തിന് ആത്മീയമായ പരിവര്‍ത്തനമാണ് ആവശ്യമെന്നും വ്യക്തമാക്കുന്നു. റൂമി, അമീര്‍ ഖുസ്രു തുടങ്ങിയ പ്രമുഖ സൂഫികവികളുടെ വരികളാണ് ഹാര്‍മോണിയത്തിന്റേയും പുല്ലാങ്കുഴലിന്റേയും വിവിധ വാദ്യോപകരണങ്ങളുടേയും താളത്തിലൊത്ത് അവര്‍ ആലപിക്കുന്നത്.
ഉര്‍ദു പ്രണയഗാനങ്ങളോടും ഗസലിനോടുമാണ് പ്രിയം. ഉര്‍ദു, പഞ്ചാബി, ഹിന്ദി, സൈരകി ഭാഷകളിലാണ് ഇവര്‍ ഗാനങ്ങള്‍ ആലപിക്കുക.
ഖവാലി ഇതിഹാസമായ നസ്രത്ത് ഫത്തേ അലിഖാന്റെ പിന്‍ഗാമിയായിട്ടാണ് ആബിദ അറിയപ്പെടുന്നത്. ഉസ്താദ് സലാമത് അലിഖാന്റെ ശിക്ഷണത്തില്‍ സൂഫീ സംഗീതവുമായി കൂടുതല്‍ അടുത്തു. സൂഫിവര്യന്മാരുടെ ആശ്രമത്തില്‍ പാടാന്‍ അവസരം കിട്ടിയ ഏക വനിതയും ആബിദ പര്‍വീണാണ്.
റേഡിയോ പാക്കിസ്ഥാനില്‍ സീനിയര്‍ പ്രൊഡ്യൂസറായ ഗുലാം ഹുസൈന് ഷെയ്ക്കുമായുള്ള വിവാഹത്തിന് ശേഷമാണ് സൂഫി സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 2000ത്തില്‍ ഒരു വിമാനയാത്രയ്ക്കിടെയുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഗുലാം ഹുസൈന് മരണമടഞ്ഞപ്പോഴും ആബിദയ്ക്ക് ഉള്‍ക്കരുത്തേകിയത് സൂഫി സംഗീതവും പിന്നെ മക്കളായ മരിയം ഹുസൈനും പെരേഹ ഇക്രമും സരഞ്ജുമാണ്. സുഫീസംഗീതത്തിന്റെ വശ്യതയിലേക്ക് ലോകത്തെയാകെ ചേര്‍ത്തുനിര്‍ത്തുന്ന ആബിദയ്ക്ക് ഒട്ടനേകം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ പാതയില്‍ നിന്നും സമാധാനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ സൂഫി സംഗീതത്തിന് സാധിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു.
പാടുന്നത് ഏത് ഭാഷയിലും ആയിക്കൊളളട്ടെ, അതിന്റെ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നിരിക്കട്ടെ, പക്ഷെ അത് അനുഭവിച്ചറിയാന്‍ ആത്മാവില്‍ സംഗീതം സൂക്ഷിക്കുന്ന ആര്‍ക്കും സാധിക്കും. അനുഭവം എന്നത് മനസ്സില്‍ സംഭവിക്കുന്നതാണ്. ആ അനുഭവമാണ് ആബിദ ആസ്വാദകരിലേക്ക് പകരുന്നത്.
മുഖത്തിനിരുവശത്തേക്കും വീണുകിടക്കുന്ന ചുരുളന്‍ മുടിയിഴകളെ അതിന്റെ പാട്ടിനുവിട്ട്, മൃദുവായ ശരീര ചലനങ്ങളോടെ ആബിദ പാടുകയാണ്, ആ സംഗീതധാര അനേകം ഹൃദയങ്ങള്‍ ഏറ്റുവാങ്ങുകയാണ്…
ഓ ലാല്‍ മേരീപഥ് രഖിയോ ബലാ ഝൂലേലാലന്‍
സിന്ധ്രീ ദാ സേവന് ദാ സഖി ഷബാസ് കലന്തര്‍
ദമാ ദമ മസ്ത് കലന്തര്‍
അലീ ദം ദംദേ അന്തര്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: