അങ്ങാടിപ്പുറം: അവസാനം ജനത്തിന് മടുത്തു. രാഷ്ട്രീയക്കാരുടെ വാക്ക് വിശ്വസിച്ച് മൗനം പാലിച്ച പൊതുജനങ്ങള്‍ തെരുവിലിറങ്ങുന്നത് വരെയെത്തി കാര്യങ്ങള്‍. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ശ്വാശത പരിഹാരമാകുമെന്ന് കൊട്ടിഘോഷിച്ച് പടുത്തുയര്‍ത്തിയ മേല്‍പ്പാലം കാരണം അതിലേറെ ബുദ്ധിമുട്ടിലായതോടെ ഒരുനാട് മുഴുവന്‍ നിരാശയില്‍ തേങ്ങുകയാണ്.
ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറിയെന്ന് പറയുന്നതു പോലെയാണ് ഗതാഗതക്കുരുക്കിന്റെ അവസ്ഥ. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ച കുരുക്ക് നിയന്ത്രണ വിധേയമാക്കാന്‍ രണ്ട് മണിക്കൂര്‍ സമയമെടുത്തു. നിരവധി ആംബുലന്‍സുകളും ഈ സമയം കുരുക്കില്‍ അകപ്പെട്ടു. പാലത്തിന് മുകളില്‍ വെച്ച് സ്കൂള്‍ വാന്‍ കേടായതാണ് കുരുക്കിന് കാരണം. ഇതുമൂലം ഒരുവശത്ത് വാഹനഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ഫലമോ, തിരൂര്‍ക്കാട് മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള നാല് കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. നാലുവരി പാതയായിരുന്ന ദേശീയപാതയുടെ മുകളില്‍ ദീര്‍ഘവീക്ഷണമില്ലാതെ രണ്ടുവരി പാലം വന്നതു മുതല്‍ ആരംഭിച്ചതാണ് അങ്ങാടിപ്പുറം വഴിയുള്ള യാത്രാദുരിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: