രഞ്ജിത്ത് ഏബ്രഹാം തോമസ്
പെരിന്തല്‍മണ്ണ: അമിത വേഗത്തില്‍ കാതടപ്പിക്കുന്ന ശബ്ദത്തോടെ നിരത്തുകളില്‍ വിലസുന്ന ഇരുചക്ര വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വ്യാപക പരാതി. ജില്ലയില്‍ തന്നെ ഏറ്റവും അധികം ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് പെരിന്തല്‍മണ്ണ താലൂക്കിലാണ്. അവയില്‍ ഏറെയും ആഢംബര വാഹനങ്ങളുമാണ്.
50 ശതമാനത്തിലധികവും വാഹനങ്ങളുടെ ഉടമകളാകട്ടെ 25 വയസ്സില്‍ താഴെയുള്ളവരും. യുവാക്കളില്‍ ഭൂരിപക്ഷവും സഞ്ചാര സൗകര്യം എന്നതിനപ്പുറം സൗഹൃദവേദികളിലെ ആഢംബരത്തിനും പൊങ്ങച്ചത്തിനും വേണ്ടിയാണ് ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. തിരക്കേറിയ റോഡുകളില്‍ അപകടകരമായ വിധത്തില്‍ വാഹനം ഓടിച്ചാണ് പലരും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതും. വളവുകളില്‍ 180 ഡിഗ്രിയില്‍ വാഹനം ചരിക്കുന്നതും തൊട്ടു തൊട്ടില്ല എന്ന തരത്തില്‍ മറ്റു വാഹനങ്ങളെ മറി കടക്കുന്നതും അഭ്യാസങ്ങളിലെ ചിലത് മാത്രം.
എന്നാല്‍, ചില ഇരുചക്ര വാഹനങ്ങളുടെ ശബ്ദമാണ് സഹിക്കാന്‍ കഴിയാത്തതെന്ന് നാട്ടുകാര്‍ പറയുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ചില ന്യൂജന്‍ പയ്യന്മാര്. പെരിന്തല്‍മണ്ണയിലെ ചെറിയ റോഡുകളില്‍ രാത്രി 10 മണി കഴിഞ്ഞാല്‍ ഇത്തരക്കാരുടെ വിളയാട്ടമാണ്. രോഗികളും ചെറിയ കുട്ടികളുമുള്ള വീടുകളില്‍ വലിയ ബുദ്ധിമുട്ട് തന്നെയാണ് ഈ ശബ്ദം സൃഷ്ടിക്കുന്നത്. നാടിനെ നടുക്കി, നാട്ടുകാരെ ഭയപ്പെടുത്തിയുള്ള ഈ യാത്രക്കെതിരെ നിയമപാലകര്‍ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നും ജനങ്ങള്‍ ആരോപിക്കുന്നു.
വിദ്യാലയങ്ങള്‍ തുറക്കാന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കെ അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും ആശങ്കയുടെ നിഴലിലാണ്.
എട്ടാം ക്ലാസ് മുതല്‍ തന്നെ സ്കൂട്ടറിലും ബൈക്കിലും വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ ഉണ്ടെന്ന് അദ്ധ്യാപകര്‍ പറയുന്നു. വിദ്യാലയ മുറ്റത്ത് വാഹനങ്ങള്‍ പ്രവേശിപ്പിക്കാത്തതിനാല്‍ അടുത്തുള്ള വീടുകളാണ് പലരും വാഹനം പാര്‍ക്ക് ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത്. ഇതിന് ‘പാര്‍ക്കിംഗ് ഫീസ് ‘ ഈടാക്കുന്ന വിരുതന്മാരും ഉണ്ടത്രേ. അതേസമയം ബാഗും കുടയും അല്ല ബൈക്കിന് വേണ്ടിയാണ് കുട്ടികളുടെ വാശിയെന്നാണ് മാതാപിതാക്കളുടെ പരാതി. 18 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങി നല്‍കുകയോ യാതൊരു കാരണവശാലും അത്തരം വാഹനങ്ങളില്‍ സ്കൂളുകളില്‍ അയക്കുകയോ ചെയ്യരുതെന്നാണ് അദ്ധ്യാപകരുടെ ഉപദേശം. മറ്റുള്ളവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തുകയാണ് വേണ്ടതെന്നാണ് സന്നദ്ധ പ്രവര്‍ത്തകരുടെ പക്ഷം. എന്തായാലും നിയമം തെറ്റിച്ച് അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെയും അമിത ശബ്ദത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്ന ഇരുചക്ര വാഹനങ്ങളെ പിടികൂടാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് കര്‍ശനമായ നടപടികള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: