അങ്ങാടിപ്പുറം: വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറയുന്നതുപോലെയാണ് അങ്ങാടിപ്പുറത്തെ കാര്യങ്ങള്‍. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ച് നിര്‍മ്മിച്ച റെയില്‍വേ മേല്‍പ്പാലം കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ലെന്ന് മാത്രമല്ല, പാലത്തിന്റെ മുകളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്.
മുമ്പ് നാലുവരി പാതയായിരുന്ന റോഡില്‍ ഗതാഗതം ഇതിലും സുഗമമായിരുന്നെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ നാലുവരിപാത രണ്ടുവരി മാത്രമുള്ള പാലമായി ചുരുങ്ങി. പാലം വന്നതോടുകൂടി സ്ഥിരമായി റെയില്‍വേ ഗേറ്റ് അടച്ചു. അങ്ങാടിപ്പുറത്ത് നിന്ന് ഏറാംതോട് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് വഴിമുട്ടി. ഇവരിപ്പോള്‍ പാലത്തില്‍ കിടന്ന് കറങ്ങേണ്ട അവസ്ഥയാണ്. യു ടേണ്‍ എടുക്കാന്‍ പോലും സാധ്യമല്ല. പോരാത്തതിന് ഹെവി വാഹനങ്ങളെല്ലാം കടന്നു പോകുന്നത് പാലത്തില്‍ കൂടിയാണ്. ഹെവി വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഗതാഗതക്കുരുക്ക് ഉടലെടുക്കുകയാണ്. ഈ സമയം ഇരുവശത്തും ഒരേപോലെ ഗതാഗതം തടസ്സപ്പെടുന്നു.
ഇതിനെല്ലാം പരിഹാരമെന്നവണ്ണം ഓരാടംപാലം മാനത്തു മംഗലം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഎസ് മന്ത്രിസഭയുടെ കാലത്ത് ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായതുമാണ്. എന്നാല്‍ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ശ്വാശത പരിഹാരം മേല്‍പ്പാലം മാത്രമാണെന്ന അഭിപ്രായമായിരുന്നു യുഡിഎഫ് നേതൃത്വത്തിന്. ഇരുമുന്നണികളുടെയും സ്വാര്‍ത്ഥ താല്പര്യങ്ങള് നാടിന്റെ വികസനത്തെ പിന്നോട്ട് നയിക്കുകയാണ്.
അതേസമയം, മേല്‍പ്പാലവും ബൈപ്പാസും അങ്ങാടിപ്പുറത്തിന് അനിവാര്യമാണെന്നാണ് ബിജെപയുടെ നിലപാട്. വികസന കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നും നല്ല തീരുമാനങ്ങളെ പിന്തുണക്കുമെന്നും ബിജെപി മങ്കട നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ അരവിന്ദാക്ഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: