കൊച്ചി: ഏലയ്ക്ക പട്ടണം എന്നറിയപ്പെടുന്ന ബോഡിനായ്ക്കന്നൂരില്‍ രണ്ടാമത്തെ ഇലക്ട്രോണിക് ലേല കേന്ദ്രം സ്പൈസസ് ബോര്‍ഡ് തുടങ്ങും. കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിനു വേണ്ടിയാണ് സ്പൈസസ് ബോര്‍ഡിന്റെ ഈ ഉദ്യമം.
സ്പൈസസ് ബോര്‍ഡ് ചെയര്മാന് ഡോ. എ ജയതിലക് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കും. തമിഴ്നാട് ധനമന്ത്രി ഒ. പനീര്‍ശെല്‍വം, തേനി എംപി പാര്ത്ഥിപന്, ബോഡിനായ്ക്കന്നൂര്‍ മുനിസിപ്പല്‍ ചെയര്മാന് എന്‍. ആര് പളനിരാജ് എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.
ബോഡിനായ്ക്കന്നൂരില്‍ സ്പൈസസ് ബോര്‍ഡിന്റെ രണ്ടേക്കര്‍ സ്ഥലത്താണ് പുതിയ കേന്ദ്രം തുടങ്ങുന്നത്. ഏലത്തിന്റെ വിപണനത്തിനുള്ള എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ളതാണ് കേന്ദ്രം.
ഏലയ്ക്ക ലേലത്തിന്റെ കാര്യത്തില്‍ ഇലക്ട്രോണിക് ലേല കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ സ്പൈസസ് ബോര്‍ഡ് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചതെന്ന് ഡോ. ജയതിലക് പറഞ്ഞു. രാജ്യത്തെ ആദ്യ ഇ – ലേല കേന്ദ്രം 2011 ല്‍ ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള സ്പൈസസ് പാര്‍ക്കിലാണ് തുടങ്ങിയത്. ഏലയ്ക്ക വിപണിയില്‍ സുതാര്യത കൊണ്ടുവരാന്‍ ഇ ലേല കേന്ദ്രത്തിലൂടെ സ്പൈസസ് ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലേലത്തിലെ പരമ്പരാഗത സമ്പ്രദായം മാറ്റിയതോടെ ഏലക്കയുടെ കച്ചവടം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും ഡോ. ജയതിലക് ചൂണ്ടിക്കാട്ടി.
2015-16 ലെ ഏലയ്ക്ക ഉത്പാദനം 22000 ടണ്ണായിരുന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. 5500 ടണ്‍ ഏലയ്ക്ക കയറ്റുമതി ചെയ്തതിലൂടെ 450 കോടിരൂപയുടെ വരുമാനമാണ് ഇക്കാലയളവില്‍ ഉണ്ടായത്. ഇത് രാജ്യത്തെ ഏലക്ക കയറ്റുമതി ചരിത്രത്തിലെ ഏറ്റവും മികച്ച കയറ്റുമതി വരുമാനമാണെന്നും ജയതിലക് പറഞ്ഞു. പുതിയ വിപണന വികസന തന്ത്രങ്ങള്‍ സ്പൈസസ് ബോര്‍ഡ് സ്വീകരിച്ചതാണ് ഏലയ്ക്കയുടെ ഉത്പാദനവും കയറ്റുമതിയും കൂടാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: