പീലിയേഴും വിരിച്ചാടുന്ന മയിലുകളെ എത്രകണ്ടാലും ആര്‍ക്കും മതിവരില്ല. കണ്ണെടുക്കാതങ്ങ് നോക്കിനിന്നുപോകും. ഇത്രത്തോളം ഭംഗിയുള്ള പക്ഷി വേറെയുണ്ടോയെന്നും സംശയമാണ്. മൃഗശാലകളിലും, ചില ക്ഷേത്രങ്ങളിലും, മറ്റും മയിലുകളെ കണ്ടേക്കാമെങ്കിലും കേരളത്തില്‍ മയിലുകള്‍ക്ക് മാത്രമായി ഒരു സംരക്ഷണകേന്ദ്രമുണ്ട്.
തൃശൂര്‍, പാലക്കാട് ജില്ലകളിലെ തലപ്പിള്ളി ആലത്തൂര്‍ താലൂക്കുകളില്‍പ്പെട്ട 342 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി വനംവകുപ്പിനോടു കൂട്ടിച്ചേര്‍ത്ത് 2007-ല്‍ മയിലുകള്‍ക്ക് സംരക്ഷണം കൊടുക്കുന്നതിന് രൂപംകൊണ്ട, കേരളത്തിലെ ഏക മയില്‍ സംരക്ഷണ കേന്ദ്രമാണ് ചൂലന്നൂര്‍ മയില്‍ സംരക്ഷണ കേന്ദ്രം.
2008-ല്‍ സമീപപ്രദേശമായ കാവശ്ശേരി ഗ്രാമത്തില്‍ ജനിച്ച് പിന്നീട് ‘ഇന്ദുചൂഢന്’ എന്ന തൂലികാനാമത്തില്‍ പ്രശസ്തി നേടിയ പ്രമുഖ പക്ഷിശാസ്ത്രജ്ഞനായ കെ.കെ.നീലകണ്ഠനു വേണ്ടി സമര്‍പ്പിച്ച് കെ.കെ. നീലകണ്ഠന് മെമ്മോറിയല്‍ മയില്‍ സാങ്ച്വറി എന്ന് പുനര്‍നാമകരണം ചെയ്തു. 1958 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ (‘കേരളത്തിലെ പക്ഷികള്‍’ ഇന്നും പക്ഷികളെക്കുറിച്ചുള്ള ഒരു അമൂല്യഗ്രന്ഥമായി കണക്കാക്കുന്നു).
140 ഹെക്ടര്‍ വിസ്തൃതിയുള്ള തലപ്പിള്ളി താലൂക്കില്‍ പെട്ട മലേശ്വമംഗലം മലയും 242 ഹെക്ടര്‍ വരുന്ന ചൂലന്നൂര്‍ മലഭാഗവും ചേര്‍ന്നാണ് ചൂലന്നൂര്‍ മയില്‍ സങ്കേതം നിലകൊള്ളുന്നത്. ഇവിടുത്തെ വരണ്ട കാലാവസ്ഥയും ചെറിയ കുന്നുകളും പാറക്കെട്ടുകളും മലഞ്ചരിവുകളും മയിലുകളുടെ ആവാസ വ്യവസ്ഥക്ക് ചേര്‍ന്നതാണ്. ആര്‍ദ്ര ഇലപൊഴിയും വനങ്ങളാണ് ഇവിടെയെന്നതും മയിലുകള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു.
മയില്‍ സങ്കേതത്തിനു വേണ്ടി നിക്ഷിപ്ത വനഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിച്ചപ്പോള്‍ പല കൈവശക്കാരും കോടതിയില്‍പ്പോയി വിധി തങ്ങള്‍ക്ക് അനുകൂലമാക്കിയെങ്കിലും പിന്നീട് സര്‍ക്കാര്‍ ഇവിടം പരിസ്ഥിതി ദുര്‍ബലപ്രദേശമായി പ്രഖ്യാപിച്ചു. ഇപ്പോഴും കൈവശക്കാരും സര്‍ക്കാരും തമ്മിലുള്ള കേസുകള്‍ നടക്കുന്നുണ്ടെങ്കിലും ചൂലന്നൂര്‍ മയില്‍സങ്കേതം ഇതിനോടകം ഭാരതത്തിലെ മികച്ച മയില്‍ സങ്കേതമായി മാറിക്കൊണ്ടിരിക്കുകയാണ്. പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം.
2000 ലെ കണക്കെടുപ്പു പ്രകാരം നൂറില്‍പ്പരം മയിലുകള്‍ ചൂലന്നൂരില്‍ ഉണ്ടായിരുന്നു. പിന്നീടങ്ങോട്ട് കൃത്യമായി കണക്കെടുപ്പ് നടന്നിട്ടില്ലെങ്കിലും അനൗദ്യോഗിക കണക്കു പ്രകാരം രണ്ടോ മൂന്നോ ഇരട്ടി മയിലുകള്‍ ഇവിടെയും പരിസരത്തുമുണ്ടെന്നാണ് കണക്കാക്കുന്നത്.
ഉയരം കൂടിയ മരങ്ങളില്‍ വിശ്രമിക്കുന്ന മയിലുകള്‍ ശത്രുക്കളെ അകലെ നിന്നു കാണുന്നതിനും സ്വയം രക്ഷക്കു വേണ്ടിയും തുറസ്സായ സ്ഥലങ്ങളിലും കുറ്റിക്കാടുകളിലുമാണ് അധികവും കഴിച്ചു കൂട്ടുന്നത്. മനുഷ്യരുമായി ഇണങ്ങാന്‍ കഴിയുന്ന മയിലുകള്‍ മനുഷ്യന്റെ സാമിപ്യവും സംരക്ഷണവും ഇഷ്ടപ്പെടുന്നുവെന്നാണ് ചൂലന്നൂര്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.ജി ബാബുവിന്റെ അനുഭവ സാക്ഷ്യം.
മനുഷ്യ സാമിപ്യമുള്ള പരിസരത്താണ് മയിലുകള്‍ അധികവും മുട്ടയിടുന്നത്.
മയില്‍ സങ്കേതത്തിനു പുറത്ത് ധാരാളം വീടുകള്‍ ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യം അനുഭവപ്പെടുമ്പോള്‍ മയിലുകള്‍ വീടുകളിലെ നിത്യ സന്ദര്‍ശകരാകുന്നത് ഇവിടുത്തെ പതിവ് കാഴ്ച. വിളഞ്ഞ പാടങ്ങളിലെ നെല്മണികള് ഭക്ഷിക്കാന്‍ വരുന്ന മയിലുകള്‍ കര്‍ഷകര്‍ക്ക് ദോഷം ചെയ്യുന്നുണ്ടെങ്കിലും പരിസരവാസികള്‍ക്ക് പരാതിയൊന്നുമില്ല. മയിലുകള്‍ കര്‍ഷകര്‍ക്ക് വരുത്തുന്ന നഷ്ടം കണക്കാക്കുന്നതിന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ.ജെയ്സണ്‍ ഒരു പഠനം നടത്തിയിരുന്നു. ജലക്ഷാമം അനുഭവപ്പെടുന്നതിനാല്‍ മയിലുകള്‍ക്കു വേണ്ടി മയില്‍സങ്കേതത്തിന്റെ പലയിടങ്ങളിലായി ധാരാളം കോണ്‍ക്രീറ്റ് ജലസംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ട്.
2015 മെയ് മാസം മുതല്‍ ചൂലന്നൂരില്‍ പ്രകൃതിപഠന ക്ലാസുകള്‍ ആരംഭിച്ചു. താമസവും ഭക്ഷണവും അടക്കം സൗജന്യമായി നടത്തുന്ന മൂന്നു ദിവസത്തെ ക്ലാസില്‍ ട്രക്കിങും ഔട്ടിങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍, കോളേജ്, അംഗീകാരമുള്ള മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്കു വേണ്ടിയാണ് ക്ലാസുകള്‍ നടത്തുന്നത്. 45 ല്‍ അധികം ക്ലാസുകള്‍ ഇതുവരെ നടത്തിക്കഴിഞ്ഞു.
പഠനത്തിന്റെ ഭാഗമായി കാടിനെ അടുത്തറിയാന്‍വേണ്ടി ചൂലന്നൂര്‍-ചിലമ്പത്തോട്-ചൂലന്നൂര്‍-നെച്ചോട്-വാച്ച്വര്‍ എന്നീ റൂട്ടുകളിലൂടെ ട്രക്കിങ് സംഘടിപ്പിച്ചിട്ടുണ്ട്. പുറമേ ഔട്ടിങിന്റെ ഭാഗമായി പരിസരത്തെ ചരിത്രപ്രധാനമായ നിളാ സംഗമം , ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, വരിക്കാശ്ശേരി മന, നെയ്ത്തുഗ്രാമമായ കുത്താംമ്പുള്ളി, തിരുവില്വാമല പുനര്‍ജ്ജനി ഗുഹ എന്നിവിടങ്ങിലേക്കും സന്ദര്‍ശനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിരാവിലെയും വൈകുന്നേരങ്ങളിലും മയില്‍ സങ്കേതത്തിലൂടെ സഞ്ചരിച്ചാല്‍ സന്ദര്‍ശകര്‍ക്ക് മയിലുകളെ കാണാം. ഉച്ചക്ക് കുറ്റിക്കാടുകളിലെ മരങ്ങളില്‍ മയിലുകള്‍ വിശ്രമിക്കുന്നു.
എങ്ങനെ എത്തിച്ചേരാം
പാലക്കാട് ഭാഗത്തു നിന്നും വരുന്നവര്‍ തൃശൂര്‍ എന്‍ എച്ച് 47 ലൂടെ ആലത്തൂര്‍ ഇറങ്ങി കാവശ്ശേരി തരൂര്‍ പള്ളി – ചൂലന്നൂര്‍ റോഡിലൂടെ അല്പദൂരം സഞ്ചരിച്ചാല്‍ മയില്‍ സങ്കേതത്തിലെത്താം. തൃശൂര്‍ തിരുവില്വാമല നടുവത്തുംപാറ- ചൂലന്നൂര്‍ റോഡിലൂടെയും ഇവിടെ എത്തിച്ചേരാനാകും.
മയിലെണ്ണക്കും മാംസത്തിനും മയില്പ്പീലിക്കും വേണ്ടി അസംഖ്യം മയിലുകള്‍ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുമ്പോള്‍ ഭാരതത്തിന്റെ ദേശീയപക്ഷിയായ മയിലിനെ സംരക്ഷിക്കുന്നതിനുവേണ്ടി നിലകൊള്ളുന്ന ചൂലന്നൂര്‍ മയില്‍ സങ്കേതം ഇതര സംസ്ഥാനത്തിനു തന്നെ മാതൃകയാകുകയാണ്. ചൂലന്നൂര്‍ മയില്‍ സങ്കേതമായതോടു കൂടി ഇവിടെ വസിക്കുന്ന മറ്റു ജീവ-സസ്യജാലങ്ങളുടെ ആവാസവ്യവസ്ഥയും പരിരക്ഷിക്കപ്പെടുന്നു. മാനം കറുക്കുമ്പോള്‍, നൃത്തമാടാന്‍ വെമ്പല്‍കൊള്ളുന്ന മയിലുകളുടെ സ്വന്തം ലോകം ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്.
ചൂലന്നൂര്‍ മയില്‍ സംരക്ഷണകേന്ദ്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: