എനിക്ക് മാത്രമായി ഒരു കഥയില്ല. ജനിച്ചുവളര്‍ന്ന
നാടും അവിടെയുള്ള ജനതയുമായി ബന്ധപ്പെട്ടതാണ് ഓരോ ആളുടെയും കഥ”
ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഇങ്ങനെ വിളംബരം ചെയ്ത ചെറുകാടു തന്നെയാണോ ‘ജീവിതപ്പാത’യുടെ കര്‍ത്താവ്? ആണെങ്കില്‍, ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയ ദിവസം എങ്ങനെ ആ ചെറുകാട് അറിയാതെ പോയി? ഉത്തരം ലളിതം. ‘ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി’ എന്ന മൂന്നു വാക്കുകള്‍, വിശ്വാസിക്കു മതനിന്ദപോലെ, കമ്മ്യൂണിസ്റ്റിനു വര്‍ജ്യമാണെന്നു ‘ജീവിതപ്പാത’ വിളിച്ചുപറയുന്നു. ഈ മൂന്നുവാക്കുകള്‍ തന്റെ ആത്മകഥയില്‍ ചെറുകാട് ശ്രദ്ധാപൂര്‍വം ഒഴിവാക്കിപ്പോന്നു. എന്നിട്ടും കരുതാത്ത ഒരു നിമിഷത്തില്‍, ആ വിലക്കപ്പെട്ട വാക്കുകള്‍ ആത്മകഥില്‍ കയറിപ്പറ്റി. ഞരമ്പുകള്‍ ചതിച്ചതുകൊണ്ടു വേശ്യയ്ക്ക് വേഴ്ചയില്‍ സംഭവിച്ച രതിമൂര്‍ച്ഛപോലെ. ചെറുകാട് പഠിപ്പിക്കുന്ന ക്ലാസില്‍ വിദ്യാഭ്യാസ വകുപ്പിലെ ഇന്‍സ്പെക്ടര്‍ എത്തി. മുമ്പിലിരിക്കുന്ന കുട്ടിയില്‍നിന്നു ഒരു പുസ്തകം വാങ്ങി തുറന്നു, ആദ്യം കണ്ട പദ്യത്തില്‍നിന്നു രണ്ടുവരി വായിച്ചു:
‘വിട്ടയക്കുക കൂട്ടില്‍നിന്നെന്നെ, ഞാ-
നൊട്ടുവാനില്‍പ്പറന്നു നടക്കട്ടെ’
നടുക്കിരിക്കുന്ന ഒരു കുട്ടിയോട് ഇന്‍സ്പെക്ടര്‍ ഈ വരികളുടെ സന്ദര്‍ഭം പറഞ്ഞു അര്‍ത്ഥം പറയാന്‍ ആവശ്യപ്പെട്ടു. കുട്ടി എണീറ്റ്, ‘അതോ സര്, പിന്നെ… പിന്നെ എന്ന് ഏങ്ങി മൂളി, ചെറുകാട് പറഞ്ഞുകൊടുത്തതു അതേപടി ഛര്‍ദ്ദിച്ചു:
‘ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയിട്ടും
എ.കെ.ഗോപാലനെ ജയിലില്‍
നിന്നുവിട്ടയക്കാഞ്ഞിട്ട്
ബാലാമണിയമ്മ കരയുകയാണ്.’
ഇപ്പോഴാണ്, ‘ജീവിതപ്പാത’യുടെ വായനക്കാരന്, വര്‍ഷങ്ങള്‍ക്കുശേഷമാണെങ്കിലും, ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി എന്ന് അറിയുന്നത്. ഇതൊന്നും സ്വാതന്ത്ര്യമല്ല, റഷ്യയില്‍ സഖാക്കള്‍ നേടിയെടുത്ത സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യമെന്ന് ചെറുകാട് ആ കുട്ടികളെ ധരിപ്പിച്ചിരിക്കുന്നു. ഇനി, മുമ്പുപറഞ്ഞ ‘മൂന്നോ മൂന്നരയോ’ വാക്യങ്ങളുടെ സ്വഭാവം ഒന്നുനോക്കാം.
”അപ്പോഴേയ്ക്കാണു മാപ്പിളലഹള വന്നത്. കുഞ്ഞമ്മാമന്‍ ഒഴിച്ചുള്ള എന്റെ വീട്ടുകാര്‍ മുഴുവനും മാപ്പിളലഹളയെ ഭയപ്പെട്ട് ചെറുകാട്ടുനിന്നും കുറുവട്ടൂര്‍ക്ക് മാറിത്താമസിച്ചു… മാപ്പിളമാര്‍ ഇപ്പോള്‍ വരും എന്നുപേടിച്ച് രാത്രി ഭാണ്ഡങ്ങളും കെട്ടി വീട്ടുകാരാകെ പരിഭ്രമിച്ചിരിക്കുന്നതു ഉറക്കത്തില്‍ ഉണരുന്ന ഞാന്‍ കണ്ടതു ഓര്‍മിക്കുന്നു. കുറുവട്ടൂര് ഭാഗത്തേക്ക് പറയത്തക്ക ഒരാക്രമണവും നടക്കുകയുണ്ടായില്ല.
(അച്ഛന്റെ വീട്ടില്‍)
‘പറയത്തക്ക’ എന്ന വിശേഷണം നിരുപദ്രവം എന്നുതള്ളാം. ‘ഇന്നലെ പുഴയുടെ അക്കരയ്ക്ക് നല്ലപോലെ മഴ പെയ്തു, ഇക്കരയ്ക്കു ചാറിയതുപോലുമില്ല’ എന്നുപറയുന്ന ലാഘവത്തോടെയാണ് ചെറുകാട് ആ കൊടുംഭീകരാവസ്ഥയെ ചൂണ്ടിക്കാട്ടുന്നത്. ആശാനും ഉറൂബിനും കക്ഷി രാഷ്ട്രീയങ്ങളുടെ കൈവിലങ്ങുകളില്ലായിരുന്നു.
‘ജീവിതപ്പാത’യുടെ ഈ പ്രശ്നത്തിനോടുള്ള സമീപനത്തിനു ഒരു മറുവശം കൂടിയുണ്ട്. മറ്റൊരു സന്ദര്‍ഭത്തില്‍ കൂടി വീണ്ടും ചെറുകാട് മാപ്പിള ലഹളയെ സ്മരിക്കുന്നുണ്ട്:
”പ്ലാമന്തോളിന് ഒരു ഖിലാഫത്ത് പാരമ്പര്യമുണ്ടായിരുന്നു. ഒരക്രമത്തിലും പങ്കെടുക്കാത്ത കാഞ്ഞിരക്കടവത്ത് കുഞ്ഞുണ്ണീന്‍ എന്ന മുസ്ലിം കാരണവരെ വീട്ടില്‍നിന്നു വിളിച്ചിറക്കി റോഡില്‍ വെച്ചു പട്ടാളം വെടിവെച്ചു കൊല്ലുകയുണ്ടായി.”
തികച്ചും ദാരുണം; വായനക്കാരന് ധര്മരോഷം കൊള്ളുന്ന കൊലപാതകം. ഇവിടെ എഴുത്തുകാരന്റെ ധര്‍മം ചെറുകാട് വേണ്ടപോലെ നിര്‍വഹിച്ചു. എന്നാല്‍ ആ സംഭവത്തിലേക്കു നയിച്ച കൂട്ടക്കുരുതികളുടെ ഇരകളെക്കുറിച്ച് ഏതെങ്കിലും സന്ദര്‍ഭത്തില്‍, അനുകമ്പയുടെയെങ്കിലും ഒരു വാക്ക്? അതു തന്റെ പേനത്തുമ്പില്‍നിന്നു വീഴാതെ ചെറുകാട് സൂക്ഷിച്ചിട്ടുണ്ട്. കൊലയ്ക്കും കൊള്ളിവയ്പ്പിനും, ബലാത്സംഗത്തിനും കൊള്ളയ്ക്കും മതപരിവര്‍ത്തനത്തിനും വിധേയരാകേണ്ട അധമരാണു അക്കൂട്ടര്‍ എന്നു വിശ്വസിക്കാനേ തനിക്കനുവാദമുള്ളൂ എന്നാണ് ചെറുകാട് പറയാതെ പറയുന്നത്. ഇനി, പൊറ്റകെട്ടാന്‍ തുടങ്ങിയ വ്രണങ്ങള്‍ എന്തിനു കുത്തിച്ചെനക്കുന്നു എന്ന സദുദ്ദേശം കൊണ്ടാണ് ആ ഭാഗത്തേക്ക് നോക്കാത്തത് എന്നൊന്നും പറഞ്ഞൊഴിയാനാവില്ല. വെട്ടുവരുമ്പോള്‍ ഒഴിഞ്ഞുമാറാന്‍ പോലും കഴിവില്ലാത്ത, സംഘടിക്കാനറിയാത്ത, ഒരു സമൂഹമാണോ ഓര്‍മകള്‍ സജീവമാകുമ്പോള്‍ പ്രതികരിക്കാന്‍ പോകുന്നത്? ആട്ടുമ്പോള്‍ പിണ്ണാക്കു തരാത്തേടത്തുനിന്ന് വില്ക്കുമ്പോള് മെഴുക്കു പ്രതീക്ഷിക്കരുത്.
വശക്കാഴ്ചകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വശ്യമായ ദിനസരിക്കുറിപ്പുകള്‍ എന്ന നിലയ്ക്കല്ല ജീവിതപ്പാത നിലനില്ക്കുക, മറിച്ച് പോയ കാലത്തിലെ ഗ്രാമജീവിതത്തിന്റെ ഗന്ധവും ചൂടും ആവാഹിച്ചെടുത്ത് പകര്‍ന്നുതരുന്ന സ്മൃതിയുടെ യജ്ഞ ശിഷ്ടം എന്ന നിലയ്ക്കായിരിക്കും. ചെറുകാടിനെക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുദ്രാവാക്യങ്ങളും തുള്ളല്‍ കോമാളിത്തരങ്ങളും പടപ്പിച്ചു. ചെറുകാടിനെക്കൊണ്ട് ക്ഷേത്രകലയായ പാഠകത്തിനെ മാനഭംഗം ചെയ്യിപ്പിച്ചു; പരുപരുക്കന്‍ രാഷ്ട്രീയ നാടകങ്ങള്‍ രചിപ്പിച്ചു. എന്നാല്‍ ആത്മകഥയില്‍ ഉടനീളം കൈപിടിച്ചെഴുതിപ്പിക്കാന്‍ അഭിമാനിയായ ചെറുകാട് വഴങ്ങിക്കൊടുത്തു കാണില്ല. എങ്കിലും ചില മര്‍മ്മങ്ങള്‍ ചെറുകാടിനു സംരക്ഷിക്കേണ്ടിവന്നിരിക്കുന്നു. ഇല്ലായിരുന്നെങ്കില്‍, പോലീസിനു കീഴടങ്ങുന്നതിനുമുമ്പ് ചെറുകാട് പാര്‍ട്ടി നേതൃത്വത്തിനു അയച്ച എഴുത്തു ‘ജീവിതപ്പാത’യില്‍ പ്രതിഫലിക്കുമായിരുന്നു. അതു വിസ്ഫോടകം തന്നെയായിരിക്കണമെന്നു സാഹചര്യത്തെളിവുകള്‍ വെച്ച് അനുമാനിക്കാം.
ചെറുകാട് യഥാര്‍ത്ഥത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. ഇതു കണ്ടെത്താന്‍ ഭൂതക്കണ്ണാടി ഒന്നും വേണ്ട. ജീവിതപ്പാത ഒന്നോടിച്ചു വായിച്ചാല്‍ മതി. ചെറുകാട് ജ്യോതിഷത്തില്‍ വിശ്വസിച്ചു; ചെറുകാട് സസ്യമാത്ര ഭക്ഷണത്തിന് പിടിവാശി കാണിച്ചു; ചെറുകാട് ശ്രദ്ധയോടെ പിതൃകര്‍മങ്ങള്‍ അനുഷ്ഠിച്ചു; ചെറുകാട് ഭാര്യാമാതാവിനോട്, പോലീസിനെ ഭയമുണ്ടെങ്കില്‍ ഭരദേവതയോടു പ്രാര്‍ത്ഥിക്കാന്‍ ഉപദേശിച്ചു; ക്ഷേത്രത്തിന്റെ ബലിക്കല്‍പ്പുരയിലിരുന്നു മതില്ക്കകത്തേയ്ക്ക് മുറുക്കിത്തുപ്പിക്കൊണ്ടിരുന്ന പാര്‍ട്ടി നേതാവിനെ ചെറുകാട് വിലക്കി; ക്ഷേത്രത്തിലെ തിടപ്പള്ളിയിലെ അടുപ്പിലേക്കു കുലുക്കിത്തുപ്പി നിറച്ച പാര്‍ട്ടി നേതാവിനെ ചെറുകാട് ശപിച്ചു; തലേന്നുവരെ യുദ്ധത്തിനെ എതിര്‍ത്ത പാര്‍ട്ടി ഒറ്റ രാത്രികൊണ്ട് യുദ്ധത്തിന് അനുകൂലമായി തിരിഞ്ഞതു കണ്ട് ചെറുകാട് ആത്മനിന്ദകൊണ്ടു ചൂളി; നേതാജി സുഭാഷ് ചന്ദ്രബോസിനെ ദുഷ്ടന് എന്നു ശകാരിച്ചു താന്‍ എഴുതിയ പ്രതിഷേധക്കുറുപ്പില്‍, ആ വാക്കു മാറ്റി ‘ചെറ്റ’ എന്നാക്കിയ പാര്‍ട്ടിയുടെ പ്രവൃത്തിയില്‍ താന്‍ ക്ഷോഭിച്ചു; പിന്നീട് ‘ദുഷ്ടന്’ എന്നു വിളിച്ചതിനെച്ചൊല്ലിപ്പോലും നിശ്ശബ്ദമായി പശ്ചാത്തപിച്ചു.
ഇവിടെ ഒരു വിശദീകരണം വേണ്ടിവരുന്നു. 2016 മാര്‍ച്ച് 30 ന് മോദി സര്‍ക്കാര്‍ പുറത്തുവിട്ട ഒരു നേതാജി ഫയലില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വയം സമ്മതിച്ച ഒരു രഹസ്യമുണ്ട്. ബ്രിട്ടന് ഇത്ര തിരക്കിട്ട് ഭാരതത്തിന് സ്വാതന്ത്ര്യം നല്കിയതു ഗാന്ധിജിയുടെ ഉപവാസത്തെയോ നിസ്സഹകരണത്തെയോ ഭയന്നിട്ടല്ല; അവര്‍ക്കതു നിസ്സാരമായിരുന്നു. പ്രത്യുത സുഭാഷ് ചന്ദ്രബോസ്, ഐഎന്‍എ വഴി കുത്തിവെച്ച സ്വദേശാഭിമാനത്തിന്റെ വീറില്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥരായിക്കൊണ്ടിരുന്ന ഭാരത സൈനികരെ ഭയന്നിട്ടായിരുന്നു. ആ നേതാജിയെയാണ് ചിന്താശേഷിയുള്ള കമ്മ്യൂണിസ്റ്റായ ചെറുകാട് അറിഞ്ഞുകൊണ്ട് ദുഷ്ടന് എന്നു വിളിച്ചത്; തന്റെ ചെലവില്‍ പാര്‍ട്ടിയെക്കൊണ്ടു ‘ചെറ്റ’ എന്നുവിളിപ്പിച്ചതും!
അടര്‍ത്തിമാറ്റാനാവാത്ത തരത്തില്‍ കമ്മ്യൂണിസ്റ്റ് ചോപ്പു കുപ്പായത്തില്‍ അകത്തുപെട്ടുപോയ ഒരു ഭാരതീയ ഹൃദയം എന്നു ചെറുകാടിനെ നിര്‍വചിച്ചാല്‍ ആ നിര്‍വചനത്തില്‍ സത്യത്തിന്റെ അംശമായിരിക്കും കൂടുതല്‍. വെറുതേയല്ല ആരോ വീക്ഷിച്ചത്. കമ്മ്യൂണിസ്റ്റിനു ഹൃദയം ഒരന്ധവിശ്വാസമാണ് എന്ന്.
‘ജീവിതപ്പാത’ അവസാനിക്കുന്നത് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണന് നായരും സംഘവും ചെറുകാടിനെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ചിത്രത്തിലാണ്. ‘എന്നോടു കാട്ടുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ’ എന്നാണ് നിശ്ശബ്ദമായ ആ രോദനം. മൃഗീയമാണ് ആ മര്‍ദ്ദനം. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു: അവസരം കിട്ടിയാല്‍ സ്റ്റാലിന് റഷ്യയില്‍ ചെയ്തപോലെ, ഇങ്ങനെയൊ ഇതിലധികമോ മൃഗീയമായി ജനാധിപത്യ സ്വാതന്ത്ര്യത്തെ കശാപ്പു ചെയ്യണമെന്നാഗ്രഹിക്കുന്ന ഒരു പ്രസ്ഥാനത്തിലെ അംഗത്തെ, അത്തരം ഉദ്യമങ്ങളില്‍നിന്നു തടയാന്‍ ചുമതലപ്പെട്ട താന്‍, വെറുതെവിട്ടാല്‍ തന്റെ പ്രവൃത്തി ദേശദ്രോഹമാവില്ലേ എന്ന ധര്‍മസങ്കടത്താല്‍ പ്രചോദിതനായിട്ടല്ല ആ പോലീസുകാരന് അങ്ങനെ പെരുമാറിയതു എന്നു തറപ്പിച്ചു പറയാനാവുമോ?
‘ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം’
ചെറുകാടിന്റെ ആത്മാവുതന്നെ വിധി പറയട്ടെ!
വാല്‍ക്കഷ്ണം
‘തുടര്‍ച്ചയായി രണ്ടു പെണ്മക്കളെ പ്രസവിച്ച് എട്ടുകൊല്ലത്തിനുസേഷം അമ്മ ഗര്‍ഭം ധരിച്ചു. പ്രജ ആണാവാന്‍ മഹാബ്രാഹ്മണരെക്കൊണ്ടു ജപിപ്പിച്ചു മന്ത്രപൂതമാക്കിയ വെണ്ണയും തീര്‍ത്ഥവും കഴിച്ച് അമ്മ ചെറാട്ടെ തേവരോട് പ്രാര്‍ത്ഥിച്ചു’ ഇങ്ങനെയാണ് ചെറുകാട് സ്വന്തം പിറവിയെ വിവരിക്കുന്നത്. തന്റെ ഉയര്‍ച്ചയ്ക്ക് ഇതെല്ലാമുപകരിച്ചിട്ടുണ്ട് എന്നു ചെറുകാടിന്റെ ഉപബോധ മനസ്സ് വിശ്വസിക്കുന്നു.
ഈ അവസ്ഥയ്ക്ക് ഒരു സമാന്തരം: പോയ പട്ടത്താനത്തില്‍ പ്രതിയോഗികളെ വാദത്തില്‍ തോല്‍പ്പിച്ചു ആറുകിഴികളും കൈയടക്കിയ, സാമൂതിരിയുടെ സദസ്സിലെ മുഴുവന്‍ കവിയായ ഉദ്ദണ്ഡ ശാസ്ത്രികള്‍, പന്ത്രണ്ടുവര്‍ഷം കഴിഞ്ഞുവന്ന, പിറ്റത്തെ പട്ടത്താനത്തില്‍, വെറും പന്ത്രണ്ടു വയസ്സായ കാക്കശ്ശേരി പട്ടേരിയോടു വാദത്തില്‍ തോറ്റുകൊണ്ടിരുന്നപ്പോള്‍, ചൊല്ലി:
‘അനാരാധ്യകാളി, മനാസ്വാദ്യ ഗൗളീ, മൃതേ മന്ത്രശക്തിം……”
(എന്റെ സിദ്ധികള്‍ (നിന്നെപ്പോലെ) കാളിയെ ഭജിച്ചോ, ശര്‍ക്കര ജപിച്ചു കഴിച്ചോ, മന്ത്രശക്തി പ്രയോഗിച്ചോ നേടിയതല്ല.) ഗര്‍ഭത്തിലിരുന്ന കാക്കശ്ശേരിക്കുവേണ്ടി, അമ്മയെക്കൊണ്ടു നമ്പൂതിരിമാര്‍ ജപിച്ച നെയ്യു സേവിപ്പിച്ചിരുന്നു എന്നു പ്രസിദ്ധി. നേരമ്പോക്ക് അതല്ല, കാക്കശ്ശേരി പട്ടേരി വളര്‍ന്നതോടെ സന്ധ്യാവന്ദനങ്ങളും ശുദ്ധാശുദ്ധങ്ങളും വിഗണിച്ചു, മാമൂലുകളെയും ചിട്ടകളെയും വെല്ലുവിളിച്ചു, അതേ നമ്പൂതിരിമാരെ അമ്പരപ്പിച്ചു.
ചെറുകാട് ചെയ്തതും ഏതാണ്ട് അങ്ങനെയൊക്കെത്തന്നെ ആയിരുന്നുവല്ലോ!
ഇവിടെ ജയിച്ചതു രണ്ടുഘടകങ്ങള്‍: മനസ്സും തപസ്സും. രണ്ടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ചതുര്‍ത്ഥി!
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: