കവിതയില്‍ കാലുറപ്പിന്റെ നടത്തത്തിനായുള്ള കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി അയ്മനം രവീന്ദ്രന്റെ സാരസ്വതം സൂചിപ്പിക്കുന്നു. വിവിധ സന്ദര്‍ഭങ്ങളില്‍ എഴുതപ്പെട്ട ഒരുകൂട്ടം കവിതകളുടെ ഈ സാരസ്വതം കവിതാ പ്രതീക്ഷകളുടെ നാെളയിലേക്കു കണ്ണു തുറക്കുന്നു. പരസ്പരം ചൊറിഞ്ഞ് തമ്മില്‍ തമ്മില്‍ മാര്‍ക്കറ്റ് ചെയ്യുന്ന സാഹിത്യ സംഘങ്ങളില്പ്പെടാത്ത എഴുത്തുകാരില്‍ ഒരാളാണ് രവീന്ദ്രന്. എഴുത്തിന്റെ കാമ്പുകൊണ്ട് ഇത്തരം തന്ത്രങ്ങളെ മറികടക്കാനാവുമെന്ന് അദ്ദേഹം വിചാരിച്ചിട്ടുണ്ടാവും. പരിണാമം പോലുള്ള ഇതിലെ കവിത ഈ മറികടക്കലിനു സാധ്യതകൂട്ടുന്നുണ്ട്.
വലിയ ദാര്‍ശനികത പറയാതെ കാര്യങ്ങള്‍ നേരെ ചൊവ്വേ പറയുന്നതിന്റെ തെളിമയും സത്യസന്ധതയും സാരസ്വതത്തിനുണ്ട്.അതുകൊണ്ടാണ് പരിചിത പ്രമേയത്തിലും ചുറ്റുവട്ടത്തിലും മഷിമുക്കി രവീന്ദ്രന് എഴുതുന്നത്. വായനക്കാരന് അറിയാവുന്ന വിഷയമായതുകൊണ്ട് കവിത കൂടുതല്‍ ഗ്രാഹ്യമാകുന്നു. ഉത്സവങ്ങള്‍,ആചാരാനുഷ്ഠാനങ്ങള്‍,പ്രാദേശിക വിശേഷങ്ങള്‍ തുടങ്ങിയവയിലേക്കുള്ള കാഴ്ചകളില്‍ നിന്നാണ് രവീന്ദ്രന്റെ കവിതയ്ക്കു കാഴ്ചപ്പാടുകളുണ്ടാകുന്നത്.
സര്‍വസാധാരണ വിഷയങ്ങള്‍ തന്റെതായ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ വേറിട്ടതാക്കാനുള്ള ശ്രമമുണ്ട്. അതിനായി തന്റെ ചൊല്‍പ്പടിക്കു നില്ക്കുന്ന സാധാരണ പദങ്ങളെ തന്നെ കൂട്ടുപിടിക്കുന്നു. മാധവിക്കുട്ടി,ചങ്ങമ്പുഴ,എ.അയ്യപ്പന് തുടങ്ങിയവരുടെ വികാര വിചാര ലോകത്തെക്കുറിച്ചാകുമ്പോള് പദതെരഞ്ഞെടുപ്പുകള്ക്ക് കുറെക്കൂടി ഗൗരവം കിട്ടുന്നു.
ഭക്തിയുടേയും സനാതന മൂല്യങ്ങളുടേയും ധാര്മികക്കൂട്ടായ്മകളെ മനസില്‍ ചേര്‍ത്തു പിടിക്കുന്ന ഒരു പഴയ-പുതിയ മനുഷ്യന് രവീന്ദ്രനിലുണ്ടെന്നു തോന്നുന്നു. പക്ഷേ ഇത്തരം പുതിയ മനുഷ്യന് ഈ വിഷയങ്ങളില്‍ തന്നെ പുതിയ പരിസരം കണ്ടെത്താന്‍ കഴിയണം. പലരും പറഞ്ഞതിന്റെ ഒരുഘോഷണമാകാതെ തനിയെ നില്‍ക്കാനുള്ള ആര്‍ജവം രവീന്ദ്രനു സാധിക്കാവുന്നതേയുള്ളു. താളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ടാവണം ഉള്ളടക്കത്തിനു അധികം കനപ്പുകിട്ടാത്തത്.
താളബോധത്തിന്റെ സമ്മര്ദംമൂലമാവണം ഇത്്. ഭാഷയിലോ പ്രമേയത്തിലോ പുതുമയുടെ ആക്കം കാണിക്കാന്‍ രവീന്ദ്രന് കവിത ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഓരോ സന്ദര്‍ഭത്തിനനുസരിച്ച് കവിത എഴുതുന്നതിന്റെ തിടുക്കംകൊണ്ടാവണം എഴുതിയ കവിതയില്‍ കുറേക്കാലം അടയിരിക്കുകയെന്ന ധ്യാനശീലം ഇല്ലാതെ പോയത്. ചങ്ങമ്പുഴയുടെ നാട്ടുകാരനായ രവീന്ദ്രന് പുതുഭാവുകത്വത്തിന്റെ ഗൗരവതരമായൊരു അനിവാര്യത എഴുത്തിന്റെ കൂടപ്പിറപ്പായി കൊണ്ടുനടക്കണമെന്നുകൂടി സാരസ്വതം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: