മലപ്പുറം: പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികളോട് ഒരുതരത്തിലുള്ള വിവേചനവും പാടില്ലെന്നും മറ്റ് യാത്രക്കാര്‍ക്കുള്ള എല്ലാ അവകാശങ്ങളും വിദ്യാര്‍ഥികള്‍ക്കും നല്‍കണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന് നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സിറ്റിങിലായിരുന്നു കമ്മീഷന്റെ നിര്‍ദേശം. പൊന്നാനി ഐ.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നില്‍ ബസ്സുകള്‍ നിര്‍ത്തുന്നില്ലെന്ന പരാതിയില്‍ ഇവിടെ ബസ്സ്റ്റോപ് അനുവദിക്കാന്‍ കമ്മീഷന് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് നിര്‍ദേശം നല്കി. ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിവേചനം നേരിടുന്ന സാഹചര്യമുണ്ടായാല്‍ കമ്മീഷനെയോ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയെയോ സമീപിക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും മടിക്കരുതെന്ന് കമ്മീഷന് അറിയിച്ചു.
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊന്മുണ്ടം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുതിയ സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്തിന് നിര്‍ദേശം നല്കി. നിലവില്‍ സ്കൂളിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ചത് വയല്‍ ആണ്. വയല്‍ നികത്തി സ്കൂള്‍ നിര്‍മിക്കാന്‍ നിരവധി തടസ്സങ്ങള്‍ ഉണ്ട്. അതിനാലാണ് പുതിയ സ്ഥലം കണ്ടെത്തി സ്കൂള്‍ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് കാലാവസ്ഥ മാറിവരുന്ന സാഹചര്യത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ക്ലാസ് നടത്തുന്നതിന് ഈ വര്‍ഷം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് എല്ലാ വര്‍ഷവും തുടരുന്ന കാര്യത്തില്‍ സാമൂഹികനീതി വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് കമ്മീഷന് അറിയിച്ചു. ബാലാവകാശ കമ്മീഷന് അംഗങ്ങളായ ബാബു നരിക്കുനി, ഗ്ലോറി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങില്‍ 12 പരാതികള്‍ പരിഗണിച്ചു. എട്ട് പരാതികള്‍ തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: