തിരൂരങ്ങാടി: മുന്നിയൂര്‍ കളിയാട്ടക്കാവ് അമ്മാഞ്ചേരി ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന്റെ പന്ത്രണ്ടാം നാള് പകല്‍ കളിയാട്ടത്തിന് വന്‍ ജനപങ്കാളിത്തം. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ പൊയ്കുതിര സംഘങ്ങള്‍ തലവന്മാര്ക്കൊപ്പം ദേവീചരിതംപാടി നൃത്തച്ചുവടുകള്‍ വെച്ചു. രാവിലെ 10 മണിയോടെ സാംബവ മൂപ്പന് സംഘത്തോടൊപ്പം എത്തി. തുടര്‍ന്ന് നിരവധി സംഘങ്ങള്‍. ബാന്‍ഡ് മേളം, ശിങ്കാരിമേളം, ചെണ്ടവാദ്യം എന്നിങ്ങനെ ശബ്ദഘോഷങ്ങളാല്‍ തട്ടകം ഉത്സവഛായയിലമര്ന്നു.
കളിയാട്ടത്തിന്റെ സുഗമമായ നടത്തിപ്പിനായി ക്ഷേത്രംഭാരവാഹികളും ദേശതലവന്മാരും പോലീസും സംയുക്തമായെടുത്ത തീരുമാനങ്ങള്‍ ഫലം കണ്ടു. പൊയ്കുതിര സംഘങ്ങളുടെ പേരെഴുതിയ ബാനര്‍ മുന്നില്‍ പിടിച്ച് ഓരോ സംഘവും കാവിലെത്തി. പൊയ്കുതിരകളുടെ വലിപ്പം ദേവപ്രശ്നവിധിയുടെ അടിസ്ഥാനത്തില്‍ നിയന്ത്രിച്ചിരുന്നു. കൊല്ലന്‍പുറായ മുതല്‍ റോഡില്‍ വഴിയോര കച്ചവടങ്ങള്‍ അനുവദിച്ചിരുന്നില്ല. തലപ്പാറ മുതല്‍ മൂന്ന് കിലോമീറ്ററോളം വാഹനഗതാഗതവും അനുവദിച്ചില്ല. പക്ഷേ ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കാനാവുന്നില്ലായിരുന്നു. ആളുകളുടെ ബാഹുല്യം പ്രദേശത്തെ ശരിക്കും വീര്‍പ്പുമുട്ടിച്ചു. ഇടവപ്പാതിയുടെ ലക്ഷണമില്ലാതിരുന്ന കളിയാട്ടനാളില്‍ ചുട്ടുപൊള്ളുന്ന വെയിലിനെ അതിജീവിച്ച് നടന്ന് നീങ്ങിയത് നാനാജാതി മതസ്ഥരാണ്. പരാശക്തി പരിലസിക്കുന്ന മതമൈത്രിയുടെ ദിവ്യസങ്കേതം തേടി കിലോമീറ്ററുകള്‍ താണ്ടിയാണ് ആയിരങ്ങളെത്തിയത്. കാവിലെത്തിയ എല്ലാവര്ക്കും മണ്ണിനും മനസ്സിനും കുളിരുപകരുന്നതായിരുന്നു കളിയാട്ട അനുഭവം.
കാര്‍ഷിക വിപണിയും ദേവീകടാക്ഷത്തില്‍ പൂത്തുലഞ്ഞു. ഇതോടെ മധ്യമലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് പരിസമാപ്തിയായി. ഇനി കടലുണ്ടി പേടിയാട്ട് ഭഗവതി നട തുറക്കുംവരെ ജനം ഉത്സവമേളത്തിന് കാത്തിരിക്കും.
കഴിഞ്ഞ തവണത്തെ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന വന്‍ സുരക്ഷ സന്നാഹത്തിലാണ് ഉത്സവം നടന്നത്. മുന്നൂറോളം പോലീസുകാരുള്‍പ്പടെ ഫയര്‍ഫോഴ്സ്, ആംബുലന്‍സ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. സൗജന്യ കുടിവെള്ള ഭക്ഷണ വിതരണവുമായി സംഘടനകളും സജീവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: