കാലിഫോർണിയ: അമിതമായി ലഹരി മരുന്നുകൾക്ക് അടിമപ്പെട്ട നായക്കുട്ടിയെ ലഹരി മുക്ത ചികിത്സക്കായി പോലീസ് കസ്റ്റഡിയിലെടുത്തു. കാലിഫോർണിയയിലാണ് കൗതുകകരമായ സംഭവം നടന്നത്.
കിഴക്കൻ കാലിഫോർണിയയിലെ വാടക ഹോട്ടലിലാണ് യജമാനായ ജോഷുവയും നായക്കുട്ടിയായ ബൂബയും കഴിഞ്ഞിരുന്നത്. ജോഷുവ പൂർണ്ണമായും ലഹരി വസ്തുക്കൾക്ക് അടിമയായിരുന്നു. തുടർന്ന് ഇയാൾ ഹെറോയിൻ, മെത് തുടങ്ങിയ ലഹരി മരുന്നുകൾ നായക്കുട്ടിയായ ബൂബയ്‌ക്ക് മേൽ ഇഞ്ചക്റ്റ് ചെയ്യുകയായിരുന്നു. ഇത്തരത്തിൽ ഇഞ്ചക്റ്റ് ചെയ്ത ലഹരി മരുന്നുകൾ മൂലം ബൂബയുടെ പ്രവർത്തികളിലെ വൈരുധ്യം സമീപ വാസികൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ഹോട്ടൽ മുറിയിൽ പോലീസ് നടത്തിയ പരിശോധയിൽ ഹെറോയിൻ, മെത് തുടങ്ങിയ ലഹരി വസ്തുക്കളും നിരവധി സൂചികളും സിറിഞ്ചുകളും കണ്ടെത്തി. തുടർന്ന് പോലീസ് ബൂബയെ കസ്റ്റഡിയിലാക്കുകയും യജമാനായ ജോഷുവയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആദ്യമായിട്ടാണ് ഒരു മൃഗത്തെ ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ട് കസ്റ്റഡിയിലെടുക്കുന്നതെന്ന് പോലീസ് മേധാവി റോബർട്ട് പറഞ്ഞു.
ലഹരി മുക്ത ചികിത്സക്കായി ബൂബയെ ഇപ്പോൾ ഓറഞ്ച് കൗണ്ടിയിലെ മൃഗ സംരക്ഷണ വകുപ്പിന് വിട്ട് നൽകിയിരിക്കുകയാണ്. ബൂബ ഇപ്പോൾ മിടുക്കനായി വരുന്നുണ്ട്, എന്നിരുന്നാലും കുറച്ച് ദിവസം കൂടി ഡോക്ടർമാരുടെ ശ്രദ്ധ ബൂബക്ക് ആവശ്യമാണ്, ചികിത്സ കഴിഞ്ഞാൽ ബൂബയെ പുതിയ യജമാന് നൽകാൻ സാാധിക്കുമെന്നാണ് കരുതുന്നതെന്ന് പോലീസ് മേധാവി ഫെയ്‌സ്ബുക്ക് സന്ദേശത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: