എന്നാണ് നമ്മുടെ തീന്മേശയിലും ഭക്ഷണക്രമത്തിലും കോണ്ടിനെന്റല് മെനു വന്നു കയറിയത്. ഭക്ഷണത്തിലുമുണ്ട് ചില ഹിഡന്‍ അജണ്ടകള്‍. ആരൊക്കെയോ നമ്മെ ആവശ്യമില്ലാത്തത് തീറ്റിയ്ക്കുന്നുണ്ട്. അങ്ങനെ അറിയാത്ത ഭക്ഷണം അകത്താക്കി പുറമേ അതിശക്തിയുള്ള മരുന്നും കഴിച്ചാലേ ഉറങ്ങാനാവൂ എന്നും ഉണരാനാവൂ എന്നും ആയിട്ടുണ്ട്.
ജീവിതശൈലീ രോഗമെന്ന് അതിനെ നമ്മള് ഓമനപ്പേരിട്ടു വിളിക്കുകയും ചെയ്യുന്നു. പക്ഷേ ഭക്ഷണത്തിന്റെ നാട്ടുവഴിയും പഴങ്കാല മാതൃകകളും പിന്തുടര്‍ന്നവര്‍ക്കും പിന്തുടരുന്നവര്ക്കും ഇന്നും ആനക്കരുത്താണ്. അവരുടെ ആഹാര മര്യാദകളു രീതികളും കേട്ടാല്‍ ഇന്നത്തെ തലമുറയ്ക്ക് അത്ര പിടിയ്ക്കില്ല. പക്ഷേ, എന്തുകൊണ്ടാണ് തലസ്ഥാനത്തെ ഈ പഴങ്കഞ്ഞിക്കടയില്‍ ഈ തിരക്ക്.
പഴങ്കഞ്ഞി ഇന്ന് മലയാളികളുടെ ഒരു ഗൃഹാതുരത്വത്തിന്റെ പ്രതീകമാണ്. തലേദിവസത്തെ മീന്‍ വറ്റിച്ച ചട്ടിയില്‍ പഴങ്കഞ്ഞിച്ചോറും തൈരും തലേദിവസത്തെ തന്നെ ചക്കയോ കപ്പയോ എന്തെങ്കിലും ഇടകലര്‍ത്തി വെള്ളവും ഒഴിച്ച് ഒരു മുളകും പൊട്ടിച്ച് ചേര്‍ത്ത് കഴിച്ചിരുന്ന കാലം മുതിര്‍ന്നവരില്‍ പലര്‍ക്കും നല്ലോര്മ്മയും പുതുതലമുറയ്ക്ക് ഒരു സ്വപ്നവുമാണ്. ആ ഓര്‍മ്മകളും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കുകയാണ് വിജയകുമാരി എന്ന വീട്ടമ്മ തലസ്ഥാന നഗരിയിലെ ‘മൂപ്പിലാന്‍സ് കിച്ചന്’ എന്ന പഴങ്കഞ്ഞി കടയിലൂടെ.
തിരുവനന്തപുരം കിളിപ്പാലത്ത് ബണ്ട് റോഡിലുള്ള മൂപ്പിലാന്‍സ് കിച്ചന് എന്ന വ്യത്യസ്തമായ പേരുള്ള കട ഇന്ന് യുവാക്കളുടെ ഇഷ്ടഭക്ഷണശാലയാണ്. മൂപ്പിലാന്സിലെ പഴങ്കഞ്ഞിയുടെ രുചിയറിയാന്‍ സമയഭേദമില്ലാതെ ജനങ്ങളെത്തുന്നു. മണ്ചട്ടിക്കുള്ളിലെ പഴമയുടെ രുചിയറിഞ്ഞ് അവര്‍ തിരിച്ചു പോകുന്നു. കാത്തുനിന്ന് കഴിക്കാന്‍ സമയമില്ലാത്തവര്‍ പാഴ്സലാക്കി കൊണ്ടുപ്പോകുന്നു. രാവിലെ 11 മണിമുതല്‍ വൈകുന്നേരം അഞ്ചു മണിവരെ മൂപ്പിലാന്‍സില്‍ തിരക്കോടുതിരക്കാണ്.
കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചാണ് മൂപ്പിലാന്‍സിന്റെ പിറവി. കിള്ളിപ്പാലം സ്വദേശിനിയായ വിജയകുമാരിയാണ് ഇതിനു പിന്നില്‍. എന്തെങ്കിലും ഒരു ബിസിനസ് സംരംഭം തുടങ്ങണമെന്ന അതിയായ മോഹമാണ് വിജയകുമാരിയെ മൂപ്പിലാന്‍സിന്റെ സാരഥ്യത്തിലേക്ക് എത്തിച്ചത്. വിജയകുമാരിയുടെ മരുമകനും തിരക്കഥാകൃത്തുമായ ശ്യാമാണ് പഴങ്കഞ്ഞിയുടെ സാധ്യതയെപ്പറ്റി വിജയകുമാരിയോട് പറഞ്ഞത്.
കേട്ടപ്പോള്‍ ശരിയാണെന്ന് വിജയകുമാരിക്കും തോന്നി. പിന്നെയൊന്നും ആലോചിച്ചില്ല. ആറ്റുകാല്‍ ഉത്സവത്തോടനുബന്ധിച്ച് അങ്ങനെ മൂപ്പിലാന്‍സ് കിച്ചന് എന്ന പഴങ്കഞ്ഞിക്കട ആരംഭിച്ചു. പിതാവ് ചായക്കട നടത്തിയിരുന്നതിനാല്‍ ചെറുപ്രായത്തില്‍തന്നെ പാചകം ചെയ്യാന്‍ പഠിച്ചത് ഇന്ന് പ്രയേജനപ്പെട്ടു എന്ന് വിജയകുമാരി പറയുന്നു. അച്ഛന്റെ ചായക്കടയെ ഓര്മ്മിയ്ക്കാനാണ് ചെറുമകന് ഈ കടയ്ക്ക് മൂപ്പിലാന്‍സ് എന്ന പേരിട്ടതെന്ന് വിജയകുമാരി.
ഭക്ഷണത്തിന്റെ വ്യത്യസ്തതകൊണ്ട് ഈ കുറഞ്ഞ കാലംകൊണ്ടുതന്നെ മൂപ്പിലാന്സിന് ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു.
മൂപ്പിലാന്‍സിന്റെ മറ്റൊരു പ്രത്യേകത, വിജയകുമാരിയെ സഹായിക്കാനും സുഹൃത്തുകളായ സ്ത്രീകളാണുള്ളത്.
ദിവസവും രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് മൂപ്പിലാന്‍സില്‍ പഴങ്കഞ്ഞി സമയം. ഒരു ചട്ടി പഴങ്കഞ്ഞിക്കും കറികള്‍ക്കുമായി 60 രൂപയാണ് വില. പിറ്റേ ദിവസമുള്ള പഴങ്കഞ്ഞിക്കുള്ള ചോറ് തലേദിവസമാണ് മൂപ്പിലാന്‍സില്‍ തയ്യാറാക്കുന്നത്. അതിനുശേഷം അത് തൈരുമായി കൂട്ടിക്കലര്‍ത്തി വയ്ക്കുന്നു. പിറ്റേന്ന് പത്ത് മണിയോടെ അതില്‍ സവാള, ഉപ്പ്, മല്ലിയില, പച്ച മുളക് എന്നിവ ചേര്ത്തുവയ്ക്കുന്നതോടെ പഴങ്കഞ്ഞി വിതരണം ചെയ്യാന്‍ തയ്യാറാകും.
പഴങ്കഞ്ഞിക്കൊപ്പം കപ്പ വേവിച്ചതും മീന്‍കറിയും ഉണക്കമീന്‍ വറുത്തതും കീടിയാകുമ്പോള് രുചിച്ചിട്ടുള്ളവര്‍ പറയുന്നു, ഭക്ഷണം അടിപൊളി.
സാധാരണയായി കാന്താരി മുളകും, കിളിക്കണ്ണന് മുളകുമാണ് വിജയകുമാരി പഴങ്കഞ്ഞിയിലിടാന് ഉപയോഗിക്കുന്നത്. ഇത് രണ്ടുമല്ലാതെ മറ്റ് മുളകുകളൊന്നും ഉപയോഗിക്കാറില്ല. വൈകുന്നേരം അഞ്ചു മണിവരെ മാത്രമേ മൂപ്പിലാന്‍സില്‍ പഴങ്കഞ്ഞി ലഭിക്കുള്ളു. അതിനുശേഷം പുട്ടും ചിക്കന്‍ പെരട്ടും കിട്ടും. ഇത് കഴിക്കാനും മൂപ്പിലാന്‍സില്‍ സാമാന്യം തിരക്കുണ്ട്.
പഴങ്കഞ്ഞിയുടെ പാഴ്സലിന് കുറച്ച് വില കൂടും 80 രൂപ. രണ്ടു പെണ്മക്കളെ വിവാഹം കഴിപ്പിച്ചതിന്റെ കടം വീട്ടാനായി ഇതില്‍ നിന്നുകിട്ടുന്ന ലാഭം ഉപയോഗിക്കുന്നു. നാടന്‍ ഭക്ഷണത്തെ സ്്നേഹിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടായും പഴയ പുതുതലമുറയ്ക്ക് നല്ല ഭക്ഷണത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനും തന്റെ എളിയ സംരംഭത്തിലൂടെ ശ്രമിക്കുകയാണെന്ന് വിജയകുമാരി പറയുന്നു.
വിജയകുമാരിക്ക് ഇനി തിരിഞ്ഞു നോക്കേണ്ട. കരമനയ്ക്ക സമീപം കൂടുതല്‍ സ്ഥലസൗകര്യത്തോടെ പഴങ്കഞ്ഞിക്കട വിപുലമാക്കനൊരുങ്ങുകയാണ് ഈ വീട്ടമ്മ. ഒപ്പം യുവാക്കളെ ഫാസ്റ്റ് ഫുഡ് ഭക്ഷണ സംസ്കാരത്തില്‍നിന്ന് തിരിച്ചുകൊണ്ടു വരാനുള്ള എളിയ ശ്രമവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: