പതിവുപോലെ രക്ഷിതാക്കള്‍ക്ക് മക്കളുടെ ഈ അവധിക്കാലം ആധിക്കാലമായില്ല. മധ്യവേനലില്‍ വേനല്‍ ദയയില്ലാതെ നിറഞ്ഞു കത്തിയപ്പോള്‍ കുട്ടികള്‍ക്ക് വീട്ടിനു പുറത്തിറങ്ങാതെ വീട്ടിനകത്ത് ഒതുങ്ങേണ്ടി വന്നു. വെയിലൊന്ന് കനം കുറഞ്ഞപ്പോഴേക്കും ദാ മഴയെത്തി. അപ്പഴും പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതി. ഇതുപോലൊരു അവധിക്കാലം അടുത്തൊന്നുമുണ്ടായിട്ടില്ലെന്ന് കുട്ടികള്‍ പറയുന്നു.
വെയിലത്ത് കളിക്കാമെന്ന് വെച്ചാല്‍ സൂര്യാഘാതവും സൂര്യാതപവുമൊക്കെ പറഞ്ഞ് വീട്ടുകാര്‍ വീട്ടിനകത്തേക്ക് പിടിച്ചുകയറ്റും. പിന്നെ ടിവി കണ്ടിരുന്ന് സമയം കളയും. അവധിക്കാല ക്ലാസുകളും കൊടുംവേനല്‍ കാരണം ഉണ്ടായില്ല.
ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങളേയുള്ളൂ… അതെങ്കിലും അടിച്ചുപൊളിക്കാനുള്ള തിരക്കുകൂട്ടത്തിലാണ് ചെറുബാല്യങ്ങള്‍ എന്ന് എം.ടി. വാസുദേവന്‍ നായര്‍ വിശേഷിപ്പിക്കാറുളള കുട്ടികള്‍.
മുമ്പൊക്കെ ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ കേരളത്തിലെ കുട്ടിക്കൂട്ടത്തിന് ഉല്ലാസത്തിന്റെ കാലമായിരുന്നു. പരീക്ഷ ചൂട് കഴിഞ്ഞ് കളി ചൂടിലേയ്ക്ക് കുതിച്ചുചാടുന്ന ആവേശത്തിന്റെ ബാല്യകാലം. അന്ന്, പുലരിയെത്തും മുമ്പ് വീട്ടില്‍ നിന്നിറങ്ങി സൂര്യന് മടങ്ങിയാലും തിരികെ പോകാതെ രാവേറെയായിട്ടും കൂടണയാത്ത കുട്ടിക്കൂട്ടങ്ങള്‍. ഏറെ പറഞ്ഞിട്ടും വിട്ടിലെത്താത്തവരെ വഴക്കു പറയുന്ന രക്ഷിതാക്കള്‍ പതിവ് കാഴ്ചയായിരുന്നു.
മേലാകെ മണ്ണും ചളിയുമായി സന്ധ്യയ്ക്ക് വന്നുകേറി ഷര്‍ട്ടും ട്രൗസറും അലക്കാനായി അമ്മയ്ക്ക് എറിഞ്ഞുകൊടുത്ത് കിണറ്റിന്കരയിലേക്കോ കുളിമുറിയിലേക്കോ ഓടുന്ന കുട്ടികള്‍ കഴിഞ്ഞ കാലം വരെയുണ്ടായിരുന്നു. ഇത്തവണ പക്ഷേ കളി ആകെ മാറി. സൂര്യനെ പേടിച്ചാരും പകല്‍ സമയങ്ങളില്‍ മൈതാനങ്ങളില്‍ കളിക്കെത്തിയില്ല. ഉച്ചവെയിലിന്റെ ശക്തിമൂലം പുറത്തിറക്കാതെ വീട്ടുകാരവരെ വീട്ടിനകത്ത് സൂക്ഷിച്ചു.
വീട്ടിനകത്തിരുന്ന കളിക്കാവുന്ന കുട്ടികളികള്‍ക്ക് നമ്മുടെ കുട്ടികള്‍ക്ക് പരിചയം കുറവ്. അതുകൊണ്ടുതന്നെ വീട്ടിനകത്ത് ടിവിയും കംപ്യൂട്ടര്‍ ഗെയിമും മാത്രമായി തുണ. കുട്ടികള്‍ നാടുചുറ്റു പറമ്പുചുറ്റി വീണ് കൈയും കാലുമൊടിച്ച് മേലാകെ ചേറും ചളിയും പുരണ്ട് രാവിരുട്ടുമ്പോള്‍ കയറിവരുന്ന കുട്ടികളില്ലാഞ്ഞതിനാല് ആധിയില്ലാതെ രക്ഷകതാക്കള് രക്ഷപ്പെട്ടു.
ഇപ്പോള്‍ വെയിലും മഴയും മാറിമാറി വരുന്നു. വലിയ ചൂടില്ല, കനത്ത മഴയുമില്ല. കുട്ടികള്‍ക്ക് കളിക്കാനായി പ്രകൃതി അനുവദിച്ച കൊച്ചവധിക്കാലത്തുള്ള അവശേഷിക്കുന്ന ദിവസങ്ങള്‍.. മഴയും വെയിലും തട്ടിയെടുത്ത അവധിക്കാലത്തിന് പകരം കിട്ടിയ ഈ നാളുകള്‍ അവര്‍ ആഘോഷിക്കുകയാണിപ്പോള്‍. ഈഡന്ഗാര്ഡന്സിനും സാള്‍ട്ട്ലെയ്ക്ക് സിറ്റി സ്റ്റേഡിയത്തിനും തുല്യമാകാറുളള പാടങ്ങളിലെല്ലാം മഴപെയ്ത് വെള്ളം കെട്ടിനില്‍ക്കുന്നു.
ഗ്രൗണ്ടുണക്കാന്‍ അത്യാധുനിക യന്ത്രങ്ങളില്ലാത്തതുകൊണ്ട് കളിയിപ്പോള്‍ ഈ വെള്ളത്തിലാണ്. പരസ്പരം ചെളിവെള്ളംതെറിപ്പിച്ച് കുട്ടിക്കാലത്തിന്റെ ത്രില്ലടിപ്പിക്കുന്ന ആഘോഷം!!
തിരകഥാകൃത്ത് ലോഹിതദാസ് മരിക്കുന്നതിന് ഏതാനും ദിവസംമുമ്പ് തൃശൂരിലെ ഒരു അവധിക്കാല ക്യാമ്പില്‍ വന്ന് കുട്ടികളോടൊത്ത് സംവദിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന രക്ഷിതാക്കളോട് പറഞ്ഞു
”കുട്ടികളെ മണ്ണില്‍ കളിക്കാന്‍ അനുവദിക്കുക, അവര്‍ നമ്മുടെ നാട്ടുമാമ്പഴങ്ങളുടേയും പുളിയുടേയും മണവും രുചിയും അറിയട്ടെ, തണുത്ത കാറ്റുവീശുമ്പോള്‍ ദൂരെയെവിടെയോ മഴപെയ്യുന്നുവെന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കുക, കാറ്റില്‍ വീട്ടുമുറ്റത്തെത്തുന്ന മാങ്ങയുടെയും ചക്കയുടെയും മണം അവര്‍ക്ക് മനസിലാക്കിക്കൊടുക്കുക… അവരുടെ അവധിക്കാലങ്ങളില്‍ അവരെ സ്വതന്ത്രരായി മണ്ണിലേക്ക് വിടുക… അവിടെ അവര്‍ക്കൊരു അപകടവും സംഭവിക്കില്ല”
പക്ഷേ ഇത്തവണ അവധിക്കാലം വേനലും മഴയും കട്ടുകൊണ്ടുപോയപ്പോള്‍ കുട്ടികള്‍ക്ക് നോക്കിനില്ക്കാനെ കഴിഞ്ഞുള്ളു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: