പത്തനംതിട്ട: ഡിസിസി വൈസ് പ്രസിഡന്റടക്കം മൂന്ന് ഭാരവാഹികള്‍ക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ആറന്മുള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ. ശിവദാസന്‍ നായര്‍ ഡിസിസി നേതൃത്വത്തിനെതിരേ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയതിനെതിരേ രംഗത്തെത്തിയ വൈസ് പ്രസിഡന്റ് അനില്‍ തോമസ്, ജനറല്‍ സെക്രട്ടറിമാരായ എം.സി. ഷെരീഫ്, ഷാം കുരുവിള എന്നിവര്‍ക്ക് ഇന്നലെ പ്രസിഡന്റ് വി.എം. സുധീരന് നോട്ടീസ് അയച്ചത്.
ആറന്മുളയിലെ ശിവദാസന്‍ നായരുടെ തോല്‍വിയെ തുടര്‍ന്ന് ഡിസിസി നേതൃത്വത്തിനെതിരേ രംഗത്തെത്തിയതാണ് പരസ്യ വാദ പ്രതിവാദങ്ങളുടെ തുടക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭാര്യയെ പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ ആക്കാന്‍ കൂട്ടു നില്കാഞ്ഞതിനാല് ഷെരീഫ് തനിക്കെതിരെ പ്രവര്‍ത്തിച്ചു, ഷാം കുരുവിള ക്രിസ്റ്റിയന്‍-പെന്തക്കോസ്ത് വിഭാഗങ്ങളിലെ വോട്ടുകള്‍ മറിച്ചു തുടങ്ങിയ ആരോപണങ്ങളുമായി ശിവദാസന്‍ നായര്‍ രംഗത്തെത്തിയിരുന്നു. ആറന്മുളയിലെ തോല്‍വി സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ് ഉള്‍പ്പടെയുള്ള നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കെപിസിസിക്ക് ശിവദാസന്‍ നായര്‍ പരാതിയും നല്‍കിയിരുന്നു. ഇതിനെതിരേ പരസ്യപ്രതികരണം നടത്തിയതിനാണ് അനില്‍ തോമസ്, എം.സി. ഷെരീഫ്, ഷാം കുരുവിള എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: