കോഴിക്കോട്: ജില്ലയിലാദ്യമായി തപാല്‍വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് എടിഎം ഇന്നു മുതല്‍ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കും. മാനാഞ്ചിറയിലെ ഹെഡ് പോസ്റ്റോഫീസിലും സിവില്‍സ്റ്റേഷനിലുമാണ് പ്രാരംഭഘട്ടത്തില്‍ എടിഎമ്മുകള്‍ വരുന്നത്.
രാവിലെ ഒമ്പതിന് ഹെഡ് പോസ്റ്റോഫീസിലേയും 10 മണിക്ക് സിവില്‍സ്റ്റേഷനിലേയും എടിഎമ്മുകള്‍ ഉദ്ഘാടനം ചെയ്യപ്പെടും. നോര്‍ത്തേണ്‍ റീജ്യണ്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അഞ്ജലി ആനന്ദ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും.
ഏത് പോസ്റ്റോഫീസിലും അക്കൗണ്ടുള്ളവര്‍ക്ക് എടിഎം വഴി പണം പിന്‍വലിക്കാം. സ്വന്തം പേര് ചേര്‍ത്തതും അല്ലാത്തതുമായ എടിഎം കാര്‍ഡുകള്‍ പോസ്റ്റോഫീസില്‍ നിന്ന് ലഭിക്കും. പേരില്ലാത്ത ഇന്‍സ്റ്റന്റ് കാര്‍ഡുകള്‍ പോസ്റ്റോഫീസില്‍ ചെന്ന് ആവശ്യപ്പെട്ടാലുടന്‍ നല്‍കാവുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്.
ഇതിനകം രാജ്യത്തെ 25000ത്തിലധികം പോസ്റ്റോഫീസുകളെ നെറ്റ്‌വര്‍ക്കിലൂടെ പരസ്പരം ബന്ധിപ്പിച്ച കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍സിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് തപാല്‍ വകുപ്പ് ഇന്ത്യ പോസ്റ്റ് എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ തുടങ്ങിയ നഗരങ്ങളില്‍ തപാല്‍ വകുപ്പ് നേരത്തേ എടിഎമ്മുകള്‍ ആരംഭിച്ചിരുന്നു.
















