പത്തനംതിട്ട: മേധാവിത്വമുണ്ടെന്ന് അവകാശപ്പെടുന്നെങ്കിലും യുഡിഎഫിന് അപ്രാപ്യമായി റാന്നി മണ്ഡലം. നിയമസഭാ തെരഞ്ഞെടുപ്പില്‍. തുടര്‍ച്ചയായ അഞ്ചാമത്തെ പരാജയമാണ് ഇത്തവണ ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസിലേയും യുഡിഎഫിലേയും കാലുവാരല്‍ രാഷ്ട്രീയം കൊണ്ട് ഏറെക്കാലമായി ശ്രദ്ധേയമാണ് റാന്നി. 1996 മുതലാണ് റാന്നി കോണ്‍ഗ്രസിന് കൈമോശം വന്നത്. എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസിലെ എം.സി.ചെറിയാന്റെ മരണത്തെതുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം ഉടലെടുത്തു. അന്നത്തെ ഡിസിസി പ്രസിഡന്റ് അഡ്വ.പിലീപ്പോസ് തോമസിനാണ് റാന്നിയിലേക്ക് നറുക്ക് വീണത്. എ ഗ്രൂപ്പ് നേതാവായിരുന്ന പിലിപ്പോസ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ മറ്റ് രണ്ട് ഗ്രൂപ്പുകളും എതിര്‍പ്പുമായി രംഗത്തെത്തി. ലീഡര്‍ കെ.കരുണാകരന്റെ വാക്ക് അനുസരിച്ചാണ് അന്ന് പിലീപ്പോസ് സ്ഥാനാര്‍ത്ഥിയായത്. എം.സി.ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാനേയും ഐ ഗ്രൂപ്പിലെ ബിജിലി പനവേലിയേയും അന്ന് സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചിരുന്നു. ആറന്മുള മണ്ഡലത്തില്‍ എം.ബി.രാഘവന് മത്സരിക്കാന്‍ സാഹചര്യം ഒരുക്കാന്കൂടിയാണ്. പിലിപ്പോസ് തോമസിന് റാന്നിയിലേക്ക് മാറേണ്ടിവന്നത്. രാജു എബ്രഹാം സിപിഎമ്മിലെ പുതുമുഖ സ്ഥാനാര്‍ത്ഥിയായിട്ടാണ് അന്ന് രംഗത്തു വന്നത്. സിപിഎം ഏരിയാ സെക്രട്ടറി എന്ന പദവിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി എത്തിയ രാജു എബ്രഹാമിനോട് കോണ്‍ഗ്രസ് പരാജയപ്പെട്ടു. പിലിപ്പോസിന്റെ പരാജയം കാലുവാരല്മൂലമെന്ന് അഭിപ്രായം ഏറുന്നു. സ്ഥാനാര്‍ത്ഥിത്വം മോഹിച്ചവരടക്കം കാലുവാരിയെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. 2001 ല്‍ റാന്നിക്കാരനായ ബിജിലി പനവേലി മത്സരിച്ചെങ്കിലും 487 വോട്ടുകള്‍ക്ക് പരാജയമായിരുന്നു ഫലം. 2006 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും പിലിപ്പോസ് തോമസ് ഏറെ പ്രതീക്ഷകളോടെ സ്ഥാനാര്‍ത്ഥിയായെങ്കിലും രാജു എബ്രഹാമിന്റെ ഭൂരിപക്ഷം 14971 ലേക്ക് ഉയര്‍ന്നു. ഇതിനിടെ നടന്ന ലോകസഭാ, തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളില്‍ റാന്നി മണ്ഡലത്തില്‍ യുഡിഎഫ് മുന്നിലെത്തിയെന്നതും ശ്രദ്ധേയമാണ്. 2010 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലം പുനര്‍ നിര്‍മ്മിക്കപ്പെട്ടു. പഴയ കല്ലൂപ്പാറ മണ്ഡലത്തിലെ എഴുമറ്റൂര്‍, കോട്ടാങ്ങല്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തുകള്‍ റാന്നിയിലേക്ക് ചേര്‍ക്കപ്പെട്ടു. യുഡിഎഫിന് മേല്‍ക്കോയ്മയുള്ള ഈ പഞ്ചായത്തുകള്‍ക്കൊപ്പം ആറന്മുളയിലെ അയിരൂരും പത്തനംതിട്ടയിലെ ചെറുകോലും റാന്നിമണ്ഡലത്തിന്റെ ഭാഗമായി. എല്‍ഡിഎഫിനെ പിന്തുണച്ചിരുന്ന ചിറ്റാറും സീതത്തോടും കോന്നിയോട് ചേര്‍ക്കപ്പെട്ടു. തുടര്‍ന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 15696 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആന്റോആന്റണിക്ക് ലഭിച്ചത്. ഇതിന്റെ പിന്‍ബലത്തില്‍ പിലിപ്പോസ് തോമസ് 2011 ല്‍ വീണ്ടും മത്സരത്തിനിറങ്ങിയെങ്കിലും പരാജയം തന്നെയായിരുന്നു ഫലം. 6614 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാജു എബ്രഹാം ജയിച്ചു. ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് യുഡിഎഫ് നേതൃത്വം മറിയാമ്മ ചെറിയാനെ രംഗത്തിറക്കിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മത്സരത്തിനെത്തിയത് ഗുണകരമാകുമെന്നായിരുന്നു യുഡിഎഫിന്റെ കണക്കൂകൂട്ടല്‍. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ നിലവിലുണ്ടായിരുന്ന വോട്ടുകള്‍ പോലും സംരക്ഷിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. പാളയത്തില്‍ നിന്നുതന്നെയുള്ള വോട്ട് ചോര്‍ച്ച റാന്നി മണ്ഡലത്തില്‍ യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: