കൊച്ചി: നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി. കെ ജോസ് ഐഎഎസ് അഞ്ചു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കേരള കേഡറിലേയ്ക്ക് മടങ്ങി. ശക്തമായ നിലപാടുകള്‍ കൊണ്ട് നാളികേര മേഖലയില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുകയും അവ വേഗത്തില്‍ നടപ്പാക്കിയതും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയുടെ പ്രത്യേകതയായിരുന്നു. നാളികേരത്തിന് വിപണിയില്‍ ആദായകരവും സ്ഥിരവുമായ വിലയും അതുവഴി നാളികേര കര്‍ഷകര്‍ക്ക് സമൂഹത്തില്‍ മാന്യതയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
നാളികേര കര്‍ഷകര്‍ നേരിട്ട പ്രധാന വെല്ലുവിളികളിലൊന്നായ തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമത്തിനു ശാശ്വത പരിഹാരമായി അദ്ദേഹം ചങ്ങാതിക്കൂട്ടം രൂപീകരിച്ചു. സംസ്ഥാനത്തെ നാളികേര വൃക്ഷങ്ങളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി നാളികേര പുനരുജ്ജീവന പദ്ധതി നടപ്പാക്കിയത് ജോസിന്റെ നേട്ടങ്ങളിലൊന്നു മാത്രം.
കേരളത്തിന്റെ 112 വര്‍ഷത്തെ പഴക്കമുള്ള അബ്കാരി നിയമം ഭേദഗതി ചെയ്യാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ നിര്‍ണായകമാണ്. അങ്ങിനെയാണ് നൂറ്റാണ്ടുകളായി കൊപ്ര, വെളിച്ചെണ്ണ എന്നീ പരമ്പരാഗത ഉത്പ്പന്നങ്ങളില്‍ മാത്രം കുടുങ്ങിക്കിടന്ന ഇന്ത്യന്‍ നാളികേര വിപണിയില്‍ മാറ്റത്തിന്റെ ശംഖനാദമായി നീരയും ഇതര ഉത്പന്നങ്ങളും കടന്നുവരുന്നത്. നീര ഉത്പാദിപ്പിക്കുന്നതിന് ഗ്രീന്‍ കോളര്‍ തൊഴിലാളികളെ പരിശീലിപ്പിക്കാന്‍ രാജ്യമെമ്പാടും നീര ടെക്നീഷ്യന് പരിശീലന പരിപാടികള്‍ക്ക് ബോര്‍ഡ് രൂപം നല്കിയതും ജോസിന്റെ നേതൃത്വത്തിലായിരുന്നു.
ബോര്‍ഡിന്റെ സാങ്കേതിക വിദ്യാ വികസന കേന്ദ്രമായി സൗത്ത് വാഴക്കുളത്തുള്ള ടെക്നോളജി ഡവലപ്മെന്റ് സെന്ററിനെ അദ്ദേഹം ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: