ഹൈദരാബാദ്: ടെക്ക് ഭീമന്മാരായ ആപ്പിള്‍ കമ്പ്യൂട്ടേഴ്സിന്റെ ഭാരതത്തിലെ ആദ്യ ഡവലപ്മെന്റ് സെന്റര്‍ ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യാത്രകള്‍ക്ക് സഹായിക്കുന്ന ഡിജിറ്റല്‍ മാപ്പും നാവിഗേഷന്‍ സേവനങ്ങളുമാണ് ഹൈദരാബാദില്‍ നിന്നും വികസിപ്പിക്കുന്നത്. ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് ആപ്പിള്‍ പുറത്തിറക്കുന്നതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് ഹൈദരാബാദില്‍ പറഞ്ഞു.
നാലായിരത്തോളം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും ടിം കിക്ക് അവകാശപ്പെട്ടു. ബെംഗളൂരുവിലാണ് ഇതിനുവേണ്ട ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നത്. ആപ്ലിക്കേഷന്‍ ഡെവലപ്പ്മെന്റ് രംഗത്ത് ഭാരതത്തെ ഒരു പങ്കാളിയാക്കാനും പദ്ധതിയിടുന്നതായി ടിം കുക്ക് അഭിപ്രായപ്പെട്ടു.
ആദ്യമായാണ് ആപ്പിള്‍ മേധാവി ഭാരത സന്ദര്‍ശനം നടത്തുന്നത്. ഹൈദരാബാദിലെ വേവ് റോക്ക് കാമ്പസിലാണ് ലോകോത്തര നിലവാരത്തിലുള്ള കേന്ദ്രം. ഭാരതത്തില്‍ നിരവധി ആപ്പ് ഡെവലപ്പര്‍മാര്‍ ഉണ്ടെന്നും അവരുടെ സേവനങ്ങള്‍ ആപ്പിളിന് വേണ്ടി ഉപയോഗിക്കണമെന്നും കുക്ക് സൂചിപ്പിച്ചു.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആപ്പിള്‍ ഉത്പന്നങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ക്ഷണപ്രകാരമാണ് കുക്ക് എത്തിയിരിക്കുന്നത്. ആപ്പിള്‍ സ്ഥാപകനും മുന്‍മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്സ് ഭാരതവുമായി കച്ചവടത്തിന് താത്പര്യം കാണിച്ചിരുന്നില്ല. ആപ്പിളിനെ വേണ്ടവിധം ഉപയോഗിക്കുന്നതിനായുള്ള സാങ്കേതിക വിദ്യ ഭാരതത്തില്‍ ഇല്ലാത്തതായിരുന്നു സ്റ്റീവ് ജോബ്സിനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് വഴിതെളിച്ചത്. എന്നാല്‍ ഭാരതത്തില്‍ അന്നത്തെ അവസ്ഥയല്ല നിലവിലുള്ളത്. സാങ്കേതിക വിദ്യയില്‍ മികച്ച മുന്നേറ്റത്തിന് ഭാരതത്തിന് സാധിച്ചു അതിനാലാണ് ഭാരതവുമായി ബന്ധങ്ങള്‍ക്ക് ആപ്പിള്‍ തയ്യാറെടുക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: