കൊച്ചി: ആഭ്യന്തര വിലയേക്കാള്‍ വളരെ താഴ്ന്ന് നിന്നിരുന്ന അന്താരാഷ്ട്ര വെളിച്ചെണ്ണ വില കഴിഞ്ഞ മൂന്നു മാസമായി ഉയര്‍ന്നു. ഇത് വെളിച്ചെണ്ണ, കൊപ്ര ഉത്പന്നങ്ങളുടെ ഇറക്കുമതി സാധ്യതകള്‍ ഇല്ലാതാക്കുകയും കയറ്റുമതിക്ക് അനുകൂല സ്ഥിതി ഉണ്ടാക്കുകയും ചെയ്തതായി നാളികേര വികസന ബോര്‍ഡ് വ്യക്തമാക്കി. വിലയിലുണ്ടായിട്ടുള്ള ഈ മത്സരാനുകൂല്യം നാളികേരം, വെളിച്ചെണ്ണ, കൊപ്ര എന്നീ ഉത്പന്നങ്ങളുടെ കയറ്റുമതി ഏപ്രില്‍ ആദ്യവാരം മുതല്‍ ഗണ്യമായി വര്‍ദ്ധിക്കാന്‍ വഴിയൊരുക്കി. മെയ് ആദ്യവാരത്തോടെ പുതിയതായി വിപണിയിലെത്തിയ പുതിയ നാളികേര പാല് ഷെയ്ക്കിന് വന്‍ ആവശ്യകതയുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാജ വെളിച്ചെണ്ണയ്ക്കെതിരെ എടുത്തിരിക്കുന്ന ശക്തമായ നടപടിയെ തുടര്‍ന്ന് ഗുണനിലവാരം പുലര്‍ത്തുന്ന വെളിച്ചെണ്ണയ്ക്ക് ആവശ്യം വര്‍ദ്ധിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് കൂടുതല്‍ ശക്തമായ പരിശോധനകള്‍ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വ്യാജ ബ്രാന്‍ഡുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ശുദ്ധമായ വെളിച്ചെണ്ണയുടെ ആവശ്യകത വന്‍തോതില്‍ വര്‍ദ്ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നാളികേര വിപണി വില ജൂണ്‍ ആദ്യവാരത്തോടെ ഉയരാനുള്ള സാധ്യത തെളിയുന്നതായും ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: