വാഷിങ്ടണ്‍: ചൈനയില്‍ നിന്നുളള ഉരുക്ക് ഇറക്കുമതിക്ക് അമേരിക്ക വന്‍ നികുതി വര്‍ദ്ധിപ്പിച്ചു. ചൈനയില്‍ നിന്നുളള ഉരുക്കാണ് അമേരിക്കയില്‍ ഷിപ്പിങ് കണ്ടെയ്നറുകളുടെയും കാറുകളുടെയും നിര്‍മ്മിതിക്ക് ഉപയോഗിക്കുന്നത്. 522ശതമാനം വര്‍ദ്ധനയാണ് നികുതിയില്‍ വരുത്തിയിട്ടുളളത്. തെറ്റായ സബ്സിഡികളിലൂടെയാണ് ചൈനീസ് കമ്പനികള്‍ രാജ്യത്ത് കുറഞ്ഞ വിലയ്ക്ക് സ്റ്റീല്‍ വില്‍ക്കുന്നതെന്ന് അമേരിക്കന്‍ വാണിജ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ചൈനയും അമേരിക്കയും തമ്മിലുളള വാണിജ്യ സംഘര്‍ഷം കടുത്തു.
ചൈനീസ് കമ്പനികള്‍ വിപണി വിലയെ അസ്ഥിരപ്പെടുത്തുന്നുവെന്ന് യൂറോപ്യന്‍ കമ്പനികള്‍ നേരത്തെ തന്നെ ആരോപണം ഉയര്‍ത്തിയിരുന്നു. കുറഞ്ഞ വിലയ്ക്ക് ചൈന ഉരുക്ക് എത്തിക്കുന്നതിനാല്‍ ആഭ്യന്തര കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലാണ്.
കഴിഞ്ഞ കൊല്ലം അമേരിക്കയിലേക്കുളള ഉരുക്ക് കയറ്റുമതിയിലൂടെ ചൈനയ്ക്ക് 272.3 മില്യന്‍ ഡോളറിന്റെ വരുമാനമുണ്ടായി. ചൈനയില്‍ നിന്നുളള കടുത്ത മത്സരം മൂലം അമേരിക്കന്‍ ഉരുക്ക് വ്യവസായത്തില്‍ നിന്ന് 12000 തൊഴിലാളികളെ പിരിച്ച് വിടേണ്ടി വന്നുവെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.
വിദേശ കമ്പനികള്‍ വളരെ താഴ്ന്ന വിലയില്‍ രാജ്യത്ത് ഉരുക്ക് വില്‍ക്കുന്നുവെന്ന കാട്ടി അമേരിക്കയിലെ പ്രമുഖരായ അഞ്ച് കമ്പനികള്‍ രാജ്യാന്തര വാണിജ്യ കമ്മീഷന് പരാതി നല്‍കിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ് സ്റ്റീല്‍, എകെ സ്റ്റീല്‍ കോര്‍പ്, അഴ്സലേറ്റര് മിത്തര്‍ യുഎസ്എ, ന്യൂകോര്‍ കോര്‍പ്, സ്റ്റീല്‍ ഡയനമിക്സ് ഇന്ക് തുടങ്ങിയ കമ്പനികളാണ് പരാതി നല്‍കിയത്.
എന്നാല്‍ വിപണിയിലെ പ്രതിസന്ധിക്ക് കാരണം ദുര്‍ബലമായ സമ്പദ്ഘടനയാണെന്നാണ് ചൈനയുടെ വാദം. തങ്ങളുടെ സ്റ്റീല്‍ ഉത്പാദനം കുറച്ചതായും ചൈന പറയുന്നു. മേഖലയിലെ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചൈനയുടെ ഉരുക്ക് കയറ്റുമതിയെക്കുറിച്ച് യൂറോപ്യന്‍ യൂണിയന് കഴിഞ്ഞാഴ്ച അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. ചൈനീസ് കമ്പനികളില്‍ നിന്നുളള കടുത്തമത്സരത്തെ തുടര്‍ന്ന് ബ്രിട്ടനിലെ തങ്ങളുടെ കമ്പനികള്‍ വിറ്റഴിക്കുന്നതായി ടാറ്റാ സ്റ്റീലും പ്രഖ്യാപിച്ചിരുന്നു. ഇരുപതിനായിരം തൊഴിലാളികളാണ് ടാറ്റയുടെ വിവിധ പ്ലാന്റുകളിലായി ജോലി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: