ന്യൂദല്‍ഹി: ബാറ്റ് കൊണ്ട് മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയെ ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുമായി താരതമ്യപ്പെടുത്തുന്നവരാണേറെ. അതില്‍ ആരാധകരെന്നോ, വിദഗ്ധരെന്നോയില്ല. എന്നാല്‍, ഇത്തരം താരതമ്യങ്ങള്‍ അതിരു കടക്കുന്നുവെന്നാണ് വിരാട് കോഹ്ലിയുടെ പക്ഷം. സച്ചിനെ ആരുമായി താരതമ്യം ചെയ്യാനാകില്ലെന്ന് വിരാട് പറയുന്നു.
അത്തരം താരതമ്യം ശരിയല്ല. സച്ചിന് 24 വര്‍ഷം രാജ്യത്തിനായി കളിച്ചു. ഞാനാകട്ടെ അഞ്ചു വര്‍ഷമേ ആയിട്ടുള്ളു. ക്രിക്കറ്റ് കളത്തിലൂടെയുള്ള യാത്രയ്ക്ക് പ്രചോദനം സച്ചിനെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വിരാട് പറഞ്ഞു.
”കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്ക് ഞാന്‍ എത്തിയിട്ടുണ്ടോയെന്നറിയില്ല. ഏതാനും മാസമേ ആയിട്ടുള്ളു ഇത്തരമൊരു ഫോമിലേക്ക് എത്തിയിട്ട്. സച്ചിന് ജന്മനാ കഴിവുള്ള വ്യക്തിത്വം. എനിക്ക് അത്ര കഴിവുകളൊന്നുമില്ല. കഠിനധ്വാനം ചെയ്താണ് ഞാന്‍ അത്തരം കഴിവുകളിലേക്ക് എത്തിയത്. കളത്തില്‍ പലപ്പോഴും എനിക്ക് ദേഷ്യം നിയന്ത്രിക്കാനായിട്ടില്ല. ഇപ്പോള്‍ ഞാന്‍ വളരെ ശാന്തനാണ്. ആക്രമണോത്സുകത വേണ്ട സമയത്ത് പുറത്തെടുക്കും”- വിരാട് പറഞ്ഞു.
ക്രിക്കറ്റിനെ ഞാന്‍ കൂടുതല്‍ ബഹുമാനിക്കുന്നുവെന്നും അറിയാവുന്ന കളി മൈതാനത്ത് പുറത്തെടുക്കുകയാണെന്നും വിരാട് പറഞ്ഞു. ഓരോ കളിയിലും എന്നെ തന്നെയാണ് സമര്‍പ്പിക്കുന്നതെന്നും വിരാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: