വിശാഖപട്ടണം: തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്കുശേഷം റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിന് ആശ്വാസജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 19 റണ്‍സിനാണ് പൂനെ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരാജയപ്പെടുത്തിയത്. പരാജയം ദല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടിയായി. 12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്താണ് ഡെയര്‍ ഡെവിള്‍സ്. രണ്ട് മത്സരങ്ങളാണ് ദല്‍ഹിക്ക് ബാക്കിയുള്ളത്. റോയല്‍ ചലഞ്ചേഴ്സുമായും സണ്‍റൈസേഴ്സ് ഹൈദരാബാദുമായും. ഈ രണ്ട് മത്സരങ്ങളും ജയിച്ചാലേ ദല്‍ഹിക്ക് നേരിയ സാധ്യതയുള്ളൂ.
മത്സരത്തിനിടെ പൂനെ താരം ജോര്‍ജ് ബെയ്ലിയുടെ ഹെല്‍മറ്റ് പന്തുകൊണ്ട് തെറിച്ചുവീണത് എല്ലാവരിലും പരിഭ്രാന്തി സൃഷ്ടിച്ചു. നേരിയ വ്യത്യാസത്തിനാണ് ബെയ്ലി അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത്. പൂനെ ഇന്നിങ്സിലെ ഏഴാം ഓവറിലായിരുന്നു സംഭവം. കള്‍ട്ടര്‍ നീല്‍ എറിഞ്ഞ ബൗണ്‍സര്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച ബെയ്ലിക്കു പിഴക്കുകയായിരുന്നു. ബാറ്റിന്റെ സൈഡില്തട്ടിയ പന്ത് ബെയ്ലിയുടെ ഹെല്‍മറ്റും കൊണ്ടാണ് പറന്നത്.
ഇതോടെ ദല്‍ഹി താരങ്ങളും അമ്പയര്‍മാരും പെട്ടെന്നു തന്നെ ബെയ്ലിയുടെ ചുറ്റും കൂടിയെങ്കിലും പരിശോധനയില്‍ താരത്തിനു കാര്യമായ പ്രശ്നമൊന്നും കണ്ടെത്തിയില്ല. ഒരു ട്രക്ക് വന്ന് ഇടിച്ചതുപോലെ തോന്നിയെന്നാണ് ആ നിമിഷത്തെക്കുറിച്ച് ബെയ്ലി പിന്നീട് പറഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത ഡെയര്‍ ഡെവിള്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് മാത്രമാണെടുത്തത്. 41 റണ്‍സെടുത്ത കരുണ്‍ നായര്‍ ടോപ് സ്കോറര്‍.
20 പന്തില്‍ നിന്ന് പുറത്താകാതെ 38 റണ്‍സെടുത്ത ക്രിസ് മോറിസും മികച്ച ബാറ്റിങ് നടത്തി. സഞ്ജു സാംസണ് (10), ജെ.പി. ഡുമ്നി (14) എന്നിവര്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെക്ക് രഹാനെയും (36 പന്തില്‍ പുറത്താകാതെ 42) ഉസ്മാന് ഖവാജയും (19) ചേര്‍ന്ന് 3.4 ഓവറില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഖവാജയെ മോറിസ് പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു.
പൂനെ ഇന്നിങ്സ് എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ മഴയെത്തുകയായിരുന്നു. ശക്തമായി മഴയെ തുര്‍ന്ന് നിര്‍ത്തിവച്ച മത്സരം വീണ്ടും ആരംഭിച്ചെങ്കിലും പൂനെ സ്കോര്‍ 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 76ല്‍ എത്തിയപ്പോള്‍ വീണ്ടും മഴ ശക്തിപ്രാപിച്ചു. തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലക്ഷ്യം 11 ഓവറില്‍ 58 റണ്‍സായി കുറച്ചു. ഇതേ തുടര്‍ന്നാണ് പൂനെയെ 19 റണ്‍സിന് വിജയിയായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: