െകാല്‍ക്കത്ത: ഐപിഎല്ലില്‍ ഒരു സീസണില്‍ മൂന്ന് സെഞ്ചുറികളുമായി റെക്കോര്‍ഡിട്ടതിനു പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തൊപ്പില്‍ മറ്റൊരു പൊന്‍തൂവല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 51 പന്തുകളില്‍ നിന്ന് പുറത്താകാതെ 75 റണ്‍സ് നേടിയതോടെയാണ് കോഹ്ലി റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഐപിഎല്ലിന്റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയാണ് കോഹ്ലി സ്വന്തം പേരിലാക്കിയത്.
12 കളികളില്‍ നിന്ന് 752 റണ്‍സ്. ഇതില്‍ മൂന്ന് സെഞ്ചുറികളും അഞ്ച് അര്‍ദ്ധസെഞ്ചുറികളും ഉള്‍പ്പെടും. കോഹ്ലി പിന്തള്ളിയത് മൈക്ക് ഹസ്സിയെയും സാക്ഷാല്‍ ക്രിസ് ഗെയ്ലിനെയും. ഇരുവരും 733 റണ്‍സാണ് ഒരു സീസണില്‍ നേടിയിട്ടുള്ളത്. ക്രിസ് ഗെയില്‍ 2012ലും മൈക്ക് ഹസ്സി 2013ലും.
83.55 എന്ന ശരാശരിയോടെയാണ് കോഹ്ലി പുതിയ നേട്ടം സ്വന്തമാക്കിയത്. സ്ട്രൈക്ക് റേറ്റ് ആകട്ടെ 148.03. ഈ സീസണില്‍ ബൗണ്ടറികളുടെ എണ്ണത്തിലും കോഹ്ലിയാണ് മുന്നില്‍. 60 എണ്ണം. 28 സിക്സുകള്‍ പറത്തിയ കോഹ്ലി ഇക്കാര്യത്തില്‍ സ്വന്തം ടീമംഗം സാക്ഷാല്‍ എ.ബി.ഡിവില്ലിയേഴ്സിന് നാലെണ്ണം മാത്രം പിന്നില്‍. ഈ സീസണില്‍ കളിച്ച 12 ഇന്നിങ്സില്‍ അഞ്ചിലും അര്‍ദ്ധസെഞ്ചുറി നേടിയതാരമാണ് കോഹ്ലി.
ഈ സീസണില്‍ കോഹ്ലിയുടെ സ്കോറുകള്‍: 75, 79, 33, 80, പുറത്താകാതെ 100, 14, 52, 108, 20, 7, 109, പുറത്താകാതെ 75. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍. മൂന്നു സീസണുകളില്‍ 500 റണ്‍സ് നേട്ടം പിന്നിടുന്ന ആദ്യ ക്യാപ്റ്റനായും കോഹ് ലി മാറിയിരുന്നു. സച്ചിനെയാണ് കോഹ്ലി പിന്തള്ളിയത്. ഇതിന് പുറമെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോഹ്ലി സ്വന്തം പേരിലെഴുതി. 2014-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം റോബിന് ഉത്തപ്പ നേടിയ 660 റണ്‍സാണ് കോഹ്ലി മറികടന്നത്.
കോഹ്ലിയുടെ കരുത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. അഞ്ച് ഫോറും മൂന്ന് സിക്സറുമടങ്ങിയതാണ് കോഹ്ലിയുടെ ഇന്നിങ്സ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തപ്പോള്‍ കോഹ്ലിപ്പട 8 പന്തുകള്‍ ബാക്കിനില്‍ക്കേ ഒരു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്ത് വിജയം നേടി.
വിജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കാനും ബെംഗളൂരുവിന് കഴിഞ്ഞു. 12 മത്സരങ്ങളില്‍ നിന്ന് ആറ് വിജയത്തോടെ 12 പോയിന്റുമായി റോയല്‍ ചലഞ്ചേഴ്സ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ റോയല്‍ ചലഞ്ചേഴ്സിന് പ്ലേ ഒാഫ് കളിക്കാം. തോറ്റെങ്കിലും 14 പോയിന്റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാമത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അര്‍ദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഗംഭീറിന്റെയും (34 പന്തില്‍ 51), മനീഷ് പാണ്ഡെയുടെയും (35 പന്തില്‍ 50) കരുത്തിലാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 19 പന്തില്‍ നിന്ന് പുറത്താകാതെ 39 റണ്‍സെടുത്ത ആന്ദ്രെ റസ്സലും 11 പന്തില്‍ നിന്ന് പുറത്താകാതെ 18 റണ്‍സെടുത്ത ഷക്കിബ് അല്‍ ഹസ്സനും മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സിന് കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ക്രിസ് ഗെയില്‍ മിന്നുന്ന തുടക്കം സമ്മാനിച്ചു. ഒന്നാം വിക്കറ്റില്‍ ഗെയ്ലും (31 പന്തില്‍ 49) കോഹ്ലിയും ചേര്‍ന്ന് 7.3 ഓവറില്‍ 71 റണ്‍സ് അടിച്ചുകൂട്ടി.
തുടര്‍ന്ന് നരേയ്ന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഗെയ്ല് മടങ്ങിയെങ്കിലും മികച്ച അടിത്തറ ടീമിന് ലഭിച്ചു. ഗെയ്ലിന് പകരം ക്രീസിലെത്തിയ ഡിവില്ലിയേഴ്സ് തന്റെ മികച്ച ഫോം തുടര്‍ന്നു. 31 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും മൂന്നു സിക്സറുമടക്കം പുറത്താകാതെ 59 റണ്‍സ് നേടിയ ഡിവില്ലിയേഴ്സ് കോഹ്ലിക്കൊപ്പം 11.1 ഓവറില്‍ 115 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് തീര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: