സ്ത്രീയെ ദേവിയായി കരുതി ആദരിക്കുന്നതാണ് ഭാരതീയ സംസ്കാരം. സമൂഹത്തില്‍ അവര്‍ക്ക് അത്രമേല്‍ പ്രാധാന്യം കല്പ്പിച്ചിരുന്നു. എന്നാലിന്ന് പ്രായമായ അമ്മമാര്‍ക്കുപോലും വേണ്ട പരിഗണന നല്‍കാതെ നമ്മുടെ സമൂഹം അവരെ അവഗണിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉത്തമ മാതൃകയാവുകയാണ് അമ്മൂമ്മമാരെ പൂജിച്ചുകൊണ്ട് ഒരു അമ്മൂമ്മക്കാവ് ദേവീക്ഷേത്രം. അമ്പലപ്പുഴ തുണ്ടുപറമ്പ് അമ്മൂമ്മക്കാവ് ദേവീക്ഷേത്രത്തിലാണ് അമ്മൂമ്മമാരെ ദേവിയായി സങ്കല്പിച്ച് പൂജ നടത്തുന്നത്. മാസപൂജ മാത്രമുള്ള ഭദ്രകാളീ ക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കലാണ് പ്രധാന ചടങ്ങ്എന്ന നിലയില്‍ അമ്മൂമ്മമാരെ ദേവിയായി സങ്കല്പിച്ച് പൂജ നടത്തുന്നത്.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് അമ്മൂമ്മമാരെ കണ്ടെത്തലാണ് ആദ്യ ചടങ്ങ്. ഇങ്ങനെ കണ്ടെത്തുന്ന അറുപതു വയസിനു മുകളിലുള്ള അമ്മൂമ്മമാര്‍ക്ക് ബ്ലൗസ് പീസ് നല്‍കും. ഇതുകൊണ്ട് തയ്ച്ച ബ്ലൗസ് ധരിച്ചുവേണം ക്ഷേത്രത്തിലെത്താന്‍. ഇവിടെ എത്തിക്കഴിഞ്ഞാല്‍ ആദ്യം ഇവര്‍ക്ക് പുതുവസ്ത്രം നല്‍കും. പുതുവസ്ത്രമണിഞ്ഞ് ക്ഷേത്രനടയില്‍ സ്ഥാപിച്ച പ്രത്യേക പന്തലില്‍ കസേരകളിലായി ഇവരെ ഇരുത്തും. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി ഇവരുടെ കാലുകള്‍ തൊട്ടു വന്ദിച്ച് പൂജ ആരംഭിക്കും.
ക്ഷേത്രത്തിലെ ദേവിയെ പൂജിക്കുന്ന അതേ സങ്കല്പത്തോടെയാണ് അമ്മൂമ്മമാരെ പൂജിക്കുക. ഇതിനുശേഷം ചടങ്ങ് ദര്‍ശിക്കാന്‍ ക്ഷേത്രത്തിലെത്തുന്ന എല്ലാഭക്തരും അമ്മൂമ്മമാരുടെ കാലുകള്‍ തൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങും. അമ്മൂമ്മമാര് അവഗണിക്കപ്പെടേണ്ടവര്‍ അല്ല, ആദരിക്കപ്പെടേണ്ടവരാണെന്ന സന്ദേശമാണ് ക്ഷേത്രഭരണ സമിതി ഇതിലൂടെ കാട്ടിത്തരുന്നത്. ക്ഷേത്രത്തില്‍ എത്തുന്ന അമ്മൂമ്മമാരില്‍ ഇതിലൂടെ ദേവീചൈതന്യം എത്തുമെന്നാണ് വിശ്വാസം.
കഴിഞ്ഞ അഞ്ചുവര്‍ഷം മുമ്പാണ് ഇത്തരത്തില്‍ ഒരു ചടങ്ങ് ക്ഷേത്രത്തില്‍ ആരംഭിച്ചത്. അന്ന് നൂറ്റമ്പതില്പരം അമ്മൂമ്മമാരായിരുന്നു പങ്കെടുത്തത്. എന്നാല്‍ ഈ വര്‍ഷം അറുന്നൂറില്പരം അമ്മൂമ്മമാരാണ് ദേവിമാരായി ഇവിടെ എത്തിയത്. പൂജ കഴിഞ്ഞ് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയാണ് ചടങ്ങ് അവസാനിക്കുക.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു വടക്ക് കോമനയിലാണ് അമ്മൂമ്മക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ത്തന്നെ ഇത്തരം ഒരു ചടങ്ങ് അപൂര്‍വ്വമാണ്. അമ്മൂമ്മക്കാവ് ദേവീക്ഷേത്രം എന്നു പറഞ്ഞാലും പ്രത്യേകം ക്ഷേത്രമൊന്നും ഇവിടെ കാണാനില്ല. ദേവീസങ്കല്ങ്ങളോടു സ്ഥാപിച്ചിരിക്കുന്ന പീഠങ്ങള്‍ മാത്രമാണ് ക്ഷേത്രഭൂമിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: