ഈ നിയമസഭാ തിരഞ്ഞെടുപ്പ് കേരള ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിക്കുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവാനിടയില്ല. ബിജെപിയും ജനാധിപത്യ സഖ്യവും വന്‍ ശക്തിയായെന്ന വസ്തുത പ്രതിയോഗികളും അംഗീകരിക്കുന്നു. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് സമ്മതിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ബന്ധിതനായി. ബിജെപിയാണ് പ്രധാന പ്രതിയോഗി എന്ന് തുറന്നുപറയാന്‍ എ.കെ. ആന്റണിയെ പ്രേരിപ്പിച്ചു. തെരഞ്ഞെടുപ്പിനുശേഷം കേരളം ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നത് ദേശീയ ജനാധിപത്യ സഖ്യമാവും.
അറുപതു വര്‍ഷം കേരളം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ ഈ സംസ്ഥാനത്തിന് എന്താണ് സംഭാവന ചെയ്തത് എന്ന വിലയിരുത്തലിന് ഈ തെരഞ്ഞെടുപ്പ് വഴിവെക്കുന്നു. ഒരു കാലത്ത് വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും മറ്റും കാര്യത്തില്‍ നാം വളരെ മുന്നിലായിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ക്ക് അവ കൊടുക്കാന്‍ നമുക്ക് കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് വൈദ്യുതിയ്‌ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലായിട്ട് കാലമേറെയായി. കുടിവെള്ളത്തിന് കഷ്ടപ്പെടുന്ന നാടായിമാറി നമ്മുടെ നാട്.
അരി മുതല്‍ പച്ചക്കറി വരെ ഇന്ന് തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടകം തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തണം. വ്യവസായ സ്ഥാപനങ്ങളുടെ സ്ഥിതി പറയാതിരിക്കയാണ് ഭേദം. ജനസംഖ്യയുടെ പത്തു ശതമാനത്തിലേറെ പേര്‍ ഇന്നിപ്പോള്‍ എന്‍ആര്‍ഐമാരാണ്; 24 ലക്ഷത്തോളം. വിദ്യാസമ്പന്നരായ, കഴിവുള്ള നാലിലൊന്നോളം മലയാളികള്‍ കേരളത്തില്‍ ജീവിക്കാന്‍ കഴിയാതെ അന്യനാടുകളില്‍ എത്തിപ്പെട്ടിരിക്കുന്നു. മറുവശംകൂടി ഇതിനുണ്ട്. ഇതൊക്കെയിങ്ങനെയാവുമ്പോള്‍ത്തന്നെ ഏതാണ്ട് 40 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്നിവിടെയുണ്ട്. അവര്‍ കേരളത്തിന് പുറത്തേക്ക് പ്രതിമാസം അയക്കുന്നത് ഏതാണ്ട് 25 കോടിരൂപയാണ്. പ്രതിവര്‍ഷം ഏതാണ്ട് 300 കോടി രൂപ കേരളത്തില്‍നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു. ആറുപതിറ്റാണ്ടിന്റെ ദുരവസ്ഥയുടെ രത്‌നച്ചുരുക്കമാണിത് .
ഇതൊക്കെയാണെങ്കിലും കേരളത്തില്‍ ഒരു മാറ്റത്തിന് ജനങ്ങള്‍ പലപ്പോഴും മടികാണിച്ചു. 1982 മുതല്‍ ബിജെപി ഇവിടെ ഒരു മൂന്നാം ബദലിനായി ശ്രമിച്ചുവരികയാണ്. പലപ്പോഴും വിജയത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്താനും കഴിഞ്ഞു. എന്നാല്‍, ബിജെപിയെ വിജയിപ്പിക്കാതിരിക്കാന്‍ മറ്റു രണ്ടു മുന്നണികളും കൈകോര്‍ക്കുന്നതാണ് അപ്പോഴൊക്കെ കണ്ടത്. ബിജെപിയെ ജയിപ്പിക്കരുത് എന്നതായിരുന്നു അവരുടെ രണ്ടുകൂട്ടരുടെയും ഏക ചിന്ത.
തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇത്തവണ ദേശീയ ജനാധിപത്യ സഖ്യം ആദ്യമേ തയ്യാറായിട്ടുണ്ടായിരുന്നു. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒരുകുടക്കീഴില്‍ അണിനിരത്താന്‍ ബിജെപിക്കായി എന്നതാണ് അതില്‍ പ്രധാനം. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പിന്തുണയോടെ രൂപമെടുത്ത ബിഡിജെഎസ് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിച്ചു. സാമുദായിക ഐക്യത്തോടൊപ്പം സാമൂഹ്യനീതിയും ഉറപ്പാക്കാന്‍ അവര്‍ക്കിവിടെ കഴിഞ്ഞു. പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും ഏറ്റവുമൊടുവില്‍ ആദിവാസി മേഖലയില്‍ സജീവ സാന്നിധ്യമായ സി.കെ. ജാനുവും എന്‍ഡിഎയുടെ ഭാഗമായതോടെ ഒരു യഥാര്‍ഥ രാഷ്‌ട്രീയ ബദലായി.ഗുജറാത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണമേര്‍പ്പെടുത്താനുള്ള തീരുമാനവും കേരള രാഷ്‌ട്രീയത്തില്‍ എന്‍ഡിഎക്ക് സഹായകരമാവുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ കാര്യത്തില്‍ കാണിച്ച പ്രത്യേക താല്‍പര്യവും മലയാളിയെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് അടുപ്പിച്ചു. മലയാളികള്‍ക്ക് പ്രതീക്ഷിക്കാന്‍ വകയുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുക മാത്രമല്ല, അത്തരമൊരു ആത്മവിശ്വാസം അദ്ദേഹം കേരള ജനതയില്‍ ഉണ്ടാക്കുകയും ചെയ്തു.
എന്‍ഡിഎ കേരള മണ്ണില്‍ കരസ്ഥമാക്കിയ സ്വാധീനം കോണ്‍ഗ്രസിനേയും അവരുടെ മുന്നണിയെയും ഇടതുകക്ഷികളെയും വല്ലാതെ അലട്ടുന്നുണ്ട്. അതാണ് കഴിഞ്ഞ ദിവസങ്ങളില്‍ എ.കെ. ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും ഇടതുപക്ഷ നേതാക്കളെയും ഒരേപോലെ അസ്വസ്ഥരാക്കിയത്.
തങ്ങളുടെ കാല്‍ചുവട്ടിലെ മണ്ണാണ് എന്‍ഡിഎയിലേക്ക് ഒലിച്ചുപോകുന്നത് എന്നത് രണ്ടുകൂട്ടരും തിരിച്ചറിയുന്നുമുണ്ട്. എന്നാല്‍ ഇതൊന്നും എതിര്‍ മുന്നണിയെയാണ് ബാധിക്കുകയെന്ന് ഇരുകൂട്ടരും സ്വയം ആശ്വസിക്കുകയാണ്. എന്നാലിവിടെ കാണാന്‍ പോകുന്നത് രണ്ടു മുന്നണികളെയും നിരാകരിക്കാനുള്ള മലയാളികളുടെ സുചിന്തിതമായ നീക്കമാണ്. അതിനായാണ് കേരളം കാത്തിരിക്കുന്നത്.
















