അന്ന് മാറാട് കടപ്പുറം അശാന്തമായിരുന്നു. കുടില്‍ കഴിയാനുള്ള വക തേടിക്കൊണ്ടുവരുമായിരുന്ന എട്ട് അരയന്മാരാണ് കൊല ചെയ്യപ്പെട്ടത്. എന്തിനായിരുന്നുവെന്ന് അവരുടെ ഉറ്റവര്‍ ഇപ്പോഴും അങ്കലാപ്പോടെ നിറഞ്ഞ കണ്ണുകളുമായി ചോദിക്കുന്നുണ്ട്. ആരും അതിന് ഉത്തരം ഇന്നേവരെ പറഞ്ഞിട്ടില്ല. മരണത്തോട് പോരാടി അലമാലകളോട് മല്ലിട്ട് ജീവിതം കെട്ടിപ്പടുത്ത എട്ട് മനുഷ്യര്‍… എട്ട് മലയാളികള്‍, എട്ട് കുടുംബങ്ങള്‍ക്ക് നാഥരായിരുന്നവര്, എട്ട് സാധാരണക്കാര്‍, വോട്ട് ചെയ്യാന്‍ അവകാശമുണ്ടായിരുന്ന എട്ട് പൗരന്മാര്…. എന്നിട്ടും അവര്‍ക്ക് വേണ്ടി കേരള നിയമസഭയില്‍ ഒരു ദീര്‍ഘശ്വാസം പോലും ഉയര്‍ന്നില്ല.
എറണാകുളത്തെ ചിത്രപ്പുഴയില്‍ എട്ട് എരുമകള്‍ ചത്തുപൊന്തിയപ്പോള് ഒന്നിച്ച് അലമുറയിട്ട 140 നിയമസഭാ സാമാജികരില്‍ ഒരാള്‍പോലും മാറാടിന്റെ കണ്ണീരിന് ഒപ്പം നിന്നില്ല. കൊലയാളികള്‍ക്ക് വേണ്ടിയായിരുന്നു അവര്‍ കൈയുയര്‍ത്തിയത്. സഭയ്ക്ക് അകത്തും പുറത്തും അവര്‍ കൊലയാളികള്‍ക്ക് വേണ്ടി ഒച്ചയുണ്ടാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും ഒരുമിച്ച് മാറാടെത്തി. ഒരേ വേദിയില്‍ അടുത്തടുത്തിരുന്നു. കൊലയാളികുടുംബങ്ങളിലെ വോട്ടെണ്ണത്തിലേക്ക് ആര്‍ത്തിയുടെ കണ്ണുകള്‍ പായിച്ച് ചോരക്കൊതിയന്മാരെപ്പോലെ അവര്‍ മാറാട്ടെ സാധാരണക്കാര്‍ക്ക് നേരെ ആക്രോശിച്ചു. മാറാട്ടെ അരയസ്ത്രീകള്ക്കെതിരെ ഏറ്റവും തരംതാണ പ്രയോഗങ്ങള്‍ കൊണ്ടാണ് കെ. മുരളീധരന് അന്ന് അസഭ്യവര്‍ഷം ചൊരിഞ്ഞത്.
ഇരകള്‍ക്കൊപ്പമായിരുന്നില്ല ഇടതും വലതും. വേട്ടക്കാര്‍ക്ക് മുന്നേ അവര്‍ വേട്ടയാടാനിറങ്ങി. അവര്‍ക്ക് പ്രിയം ഒരുമിച്ച് വീഴുന്ന കുറേ വോട്ടുകള്‍ മാത്രമായിരുന്നു.
ഇരകള്‍ക്കൊപ്പമായിരുന്നില്ല ഒരിക്കലും അവര്‍. എന്നാല്‍ വേട്ടയാടാന്‍ എന്നും ഒരുമിച്ചായിരുന്നുതാനും. ഭൂപരിഷ്കരണവും ഭൂതാനുകമ്പയും പറഞ്ഞ ആറ് പതിറ്റാണ്ട്… അതിനിടയില്‍ നടന്ന സമരങ്ങളേറെയും ഭൂമിയ്ക്ക് വേണ്ടിയായിരുന്നു.
ആറളത്തും മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലുമൊക്കെ ആയിരങ്ങള്‍ കുടില്‍കെട്ടി സമരമിരുന്നത് അന്തിയുറങ്ങാനൊരു കൂരയ്ക്ക് വേണ്ടിയായിരുന്നു. മരിച്ചാല്‍ അടക്കാന്‍ ആറടി മണ്ണിന് വേണ്ടിയായിരുന്നു. മുത്തങ്ങയില്‍ അടിയും വെടിയുമാണ് അന്നത്തെ ആന്റണി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് നല്‍കിയത്. തല്ലുകൊണ്ട് വീര്‍ത്തുകെട്ടിയ മുഖവുമായി ഇരകളുടെ സമരനായിക സി. കെ. ജാനു നില്ക്കുന്ന ചിത്രത്തിന് പിന്നില്‍ നിലയ്ക്കാത്ത നിലവിളികളുണ്ടായിരുന്നു. ഭൂമിക്കായി മുദ്രാവാക്യം വിളിച്ചവരെ തല്ലിച്ചതച്ചിട്ട് എ. കെ. ആന്റണിയും വി. എസ്. അച്യുതാനന്ദനും ശീതികരിച്ച സഭാ മണ്ഡലത്തില്‍ ഇരുന്ന് ആദര്‍ശപ്രസംഗം നടത്തി. സമരം ചെയ്ത വനവാസികളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാനായിരുന്നു അസുരഭരണകൂടത്തിന് വ്യഗ്രത.
ചെങ്ങറയില്‍ ളാഹ ഗോപാലന്റെ നേതൃത്വത്തിലായിരുന്നു സമരം. അധികാരകേന്ദ്രങ്ങള്‍ക്ക് സമരക്കാര്‍ ശല്യക്കാരായി. അവരുടെ ഒത്തുതീര്‍പ്പ് ഭരണത്തിനും കൂട്ടുകച്ചവടത്തിനും ഇടയിലെ ഉടങ്കൊല്ലികളായി. മര്‍ദ്ദിതജനതയുടെ മിശിഹയായി വേഷംകെട്ടിയാടിയ വിഎസിന് ചെങ്ങറയിലെ സമരക്കാരെ സഹിക്കാനായില്ല. അവിടത്തെ റബര്‍തോട്ടങ്ങളിലെ ഷീറ്റ് അടിച്ചുമാറ്റി വില്‍ക്കുന്നവരാണ് സമരത്തിന്റെ നേതാക്കളെന്ന പരിഹാസമായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. കഴുത്തില്‍ കുരുക്കിട്ട്, മണ്ണെണ്ണ കാനുകളുമായി മരക്കൊമ്പില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ പാവം വനവാസി ജനതയെ അപമാനിക്കുകയായിരുന്നു ഇരുമുന്നണികളും.
ഒടുവില്‍ അവര്‍ ഒത്തുചേര്‍ന്ന് ചര്‍ച്ചയായി, കരാറായി… സമരക്കാരെ വിളിച്ചുചേര്‍ത്ത് ഭൂമി വീതം വെച്ചുനല്‍കി. കിട്ടിയ പട്ടയവുമായി കൊതിച്ചിരുന്ന മൂന്ന് സെന്റ് ഭൂമി തേടി ഓടിയവര്‍ എത്തിച്ചേര്‍ന്നത് കരിങ്കല്മേടുകളില്, ചിലര്‍ ശവപ്പറമ്പുകളില്‍… തലചായ്ക്കാന്‍ ഇടം തേടി സമരമിരുന്നവരോട് സര്‍ക്കാര്‍ കാട്ടിയ വഞ്ചന. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുമായി ഭൂമിഗീതം പാടിയായിരുന്നു ചാണ്ടിസര്‍ക്കാരിന്റെ ചതി. തിരുവനന്തപുരത്ത് വമ്പന്‍ പന്തലിട്ട് പട്ടയമേള നടത്തിയാണ് പാവങ്ങളെ അവര്‍ പറ്റിച്ചത്.
ആറളത്തും അരിപ്പയിലും ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിലാണ് സന്ധിയില്ലാത്ത സമരമുഖം തുറന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഭൂമിപിടിച്ചെടുക്കല്‍ നാടകവുമായി സിപിഎമ്മുകാരന് അരങ്ങിലെത്തിയ കാലത്താണ് ആയിരത്തി നാനൂറ് കുടുംബങ്ങള്‍ അരിപ്പയിലെ റബര്‍ എസ്റ്റേറ്റിലേക്ക് കുടിയേറിയത്. നാലായിരത്തോളം മനുഷ്യജീവികള്‍. ചെങ്ങറയില്‍ ചതി പറ്റിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. വര്‍ഷം നാല് പിന്നിട്ടു. സമരഭൂമിയില്‍ മരണം നടന്നു. ജനനവും. ജനിച്ച കുഞ്ഞിന് അവര്‍ സമരജ എന്ന് പേരിട്ടുവിളിച്ചു.
അരിപ്പയിലെ സമരത്തെ തല്ലിത്തോല്പിക്കാനായിരുന്നു ഇടതുവലതു കുബുദ്ധികളുടെ നീക്കം. അതിനവര്‍ ഗുണ്ടാസംഘങ്ങളെ ഇറക്കി. സമരക്കാര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി. സമരഭൂമിയിലേക്ക് പച്ചക്കറിയും പലവ്യഞ്ജനവും നല്‍കരുതെന്ന് പ്രദേശത്തെ വ്യാപാരികളെ ഭീഷണിപ്പെടുത്തി. സമരക്കാരെ എവിടെക്കണ്ടാലും കൈയും കാലും തല്ലിയൊടിച്ചേക്കാന് ആഹ്വാനം ചെയ്യാന്‍ എംഎല്‍എമാരുണ്ടായി.
അന്നംമുട്ടിച്ച് തോല്പിക്കാനുള്ള പരിശ്രമത്തെ സമരക്കാര്‍ ഇച്ഛാശക്തി കൊണ്ട് ചോദ്യം ചെയ്തു. അവര്‍ പട്ടിണി കിടക്കാന്‍ തയ്യാറായി. ആറന്മുളയുടെ സമരനായകന് കുമ്മനം രാജശേഖരന്റെ അരിപ്പയിലേക്കുള്ള വരവോടെ അവര്‍ ആത്മവിശ്വാസം വീണ്ടെടുത്തു. അതിനിടയില്‍ പ്രളയമഴ വന്നു. സര്‍വ്വം കരിയ്ക്കുന്ന വേനല്‍ വന്നു. നാല് കമ്പില്‍ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് കൂരകളില്‍ അവര്‍ ഉറങ്ങിയും ഉണര്‍ന്നും ജീവിച്ചു. പട്ടിണി കിടക്കാതിരിക്കാന്‍ കൈയേറിയ മണ്ണില്‍ അവര്‍ കൃഷിയിറക്കി. ചതുപ്പ് നിലം പാടമാക്കി വിത്തെറിഞ്ഞു. പാവലും പടവലവും പയറും നട്ടുവളര്‍ത്തി. മദ്യപാനത്തിന് സമരഭൂമിയില്‍ വിലക്കേര്‍പ്പെടുത്തി. ഈ നാലുവര്‍ഷം സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് വിളിച്ചുചേര്‍ത്ത ചര്‍ച്ചകളില്‍ മൂന്ന് സെന്റ് കോളനിയെന്ന പഴകിയ വാഗ്ദാനം മാത്രം.
ചോദിക്കുന്ന അളവില്‍ ഭൂമി നല്കാന് സര്‍ക്കാരിന്റെ പക്കലില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. ഭൂമിക്കായി പതിനായിരങ്ങള്‍ സമരമിരിക്കുമ്പോള്‍ അതേ ചാണ്ടി പലര്‍ക്കും അവിഹിതമായി ഭൂമി പതിച്ചുനല്‍കി. മെത്രാന് കായല്‍ പതിച്ചുനല്‍കി. കൈയേറിയ ഭൂമിക്ക് കരമൊടുക്കാന്‍ കരുണ എസ്റ്റേറ്റിന് അനുമതി നല്കി. കൊടും കുറ്റവാളിയായ സന്തോഷ്മാധവന് പോലും ഭൂമി നല്കി. തലചായ്ക്കാന്‍ ഇടമില്ലാത്ത മനുഷ്യപുത്രന് അപമാനവും അവഗണനയും പരിഹാസവും പകരം നല്കി….
തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കൊല്ലത്തുകാരോട് ഇരുമുന്നണികളും പറയുമായിരുന്നു കാഷ്യൂകോര്‍പ്പറേഷന്‍ ആസ്ഥാനം ഇപ്പക്കൊണ്ടെത്തരാം എന്ന്. കൊല്ലത്തല്ലെങ്കില് പിന്നെവിടെയാ കോര്പ്പറേഷന് ആസ്ഥാനമുണ്ടാവുക എന്നായിരുന്നു ചോദ്യം. ഇപ്പോള്‍ ആസ്ഥാനം പോയിട്ട് ഉണ്ടായിരുന്ന അണ്ടിയാപ്പീസുകളെങ്കിലും തുറന്നാല്‍ മതിയായിരുന്നുവെന്നാണ് കഞ്ഞി കുടിക്കാന്‍ വകയില്ലാതായ തൊഴിലാളികളുടെ പ്രാര്‍ത്ഥന….
പകലന്തിയോളം അണ്ടിതല്ലി നടുവൊടിഞ്ഞ് കിട്ടുന്ന നക്കാപ്പിച്ചയുമായി പുറത്തിറങ്ങുമ്പോള്‍ ഫാക്ടറിപ്പടിക്കല്‍ അത് പിടിച്ചുപറിക്കാന്‍ കൈനീട്ടി നില്ക്കുമായിരുന്നു നേതാക്കന്മാര്. ക്ഷേമനിധിയും പിഎഫും തുടങ്ങി എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ജാഥകള്‍ക്കും സമ്മേളനങ്ങള്‍ക്കും എഴുന്നെള്ളിക്കുമായിരുന്നു അവര്‍. ഞങ്ങളെക്കൊണ്ട് ഓരോ തെരഞ്ഞെടുപ്പ് കാലത്തും അവര്‍ സമരം ചെയ്യിച്ചു. സമരമത്രയും മുതലാളിമാര്‍ക്ക് എതിരെയായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ക്കറിയാം ഞങ്ങളെ കട്ടുമുടിച്ച മുതലാളിമാര്‍ അവര്‍ തന്നെയായിരുന്നുവെന്ന്. ഇപ്പോള്‍ ശമ്പളമില്ല, തൊഴിലില്ല, പിഎഫില്ല, ആനുകൂല്യങ്ങളൊന്നുമില്ല. യൂണിയനുകള്‍ ഭരിച്ചുമുടിച്ച കമ്പനികള്‍ പൂട്ടിപ്പോയിട്ട് മാസം എട്ടാവുന്നു. ഞങ്ങള്‍ ഇനി ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് പറയുന്നത്…?
ഇടതിനും വലതിനും വോട്ട് ചെയ്ത് വോട്ട് ചെയ്ത് ഓട്ടക്കലമായിപ്പോയ കൊല്ലം ജില്ലയിലെ കശുവണ്ടിത്തൊഴിലാളികളുടെ ദീനരോദനമാണിത്. ഐഎന്‍ടിയുസിയും സിഐടിയുവും യുടിയുസിയും എഐടിയുസിയും ഒക്കെ ഒത്തുചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡുണ്ടാക്കി ഭരിച്ച കാഷ്യൂകോര്‍പ്പറേഷന്റെ കമ്പനികളാണ് എട്ടുമാസമായി അടഞ്ഞുകിടക്കുന്നത്. അണ്ടിയാപ്പീസുകളുണ്ടായിരുന്നപ്പോള് എന്തായിരുന്നു യൂണിയന് നേതാക്കളുടെ പിടപ്പ്. ഓണക്കാലമാവുമ്പോഴേക്ക് ഓടിയെത്തും. ബോണസിന് വേണ്ടി സമരം… ആപ്പീസ് പടിക്കല്‍ പന്തലുകെട്ടി ഇരിക്കും. ബോണസു കിട്ടിയാല്‍ അതത്രയും ലെവിയായി പിടിക്കും. സമരം ചെയ്യിച്ചതിന്റെ കൂലി വേറെ. സമരം അവസാനിപ്പിക്കുന്നതിന് മുതലാളിമാരുടെ കൈയില്‍ നിന്ന് ലക്ഷങ്ങള്‍… ഇടതന് ഭരിച്ചാലും വലതന് ഭരിച്ചാലും കോരന് കുമ്പിളില്‍ കഞ്ഞി എന്നതാണ് കശുവണ്ടിത്തൊഴിലാളിയുടെ പരിദേവനം.
മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ഉയര്‍ന്നുകേട്ട പെമ്പിളൈ ഒരുമയുടെ വിപ്ലവകാഹളവും പറയുന്നത് തൊഴിലാളി വര്‍ഗം അധികാരമേറ്റാല്‍ അവരായി പിന്നെ അധികാരി വര്‍ഗം എന്ന് തന്നെയാണ്. കൊട്ടാരങ്ങളാണ് തൊഴിലാളിയുടെ വിയര്‍പ്പ് വിറ്റ് നേതാക്കള്‍ പടുത്തുയര്‍ത്തിയത്. അധ്വാനിക്കുന്നവന്റെ പേരിലായിരുന്നു കൊടിപിടുത്തവും വോട്ടുതെണ്ടലുമെല്ലാം. എല്ലാം കഴിഞ്ഞ് അധികാരം തൊഴിലാവുകയും അതിനുള്ള കൂലി എണ്ണിവാങ്ങുകയും ചെയ്യുന്ന ചതിയുടെ മുഖങ്ങളെയാണ് തൊഴിലാളികള്‍ കണ്ടത്. അത് കശുവണ്ടിയായാലും കയറായാലും കൃഷിയായാലും തേയിലായായാലും എല്ലായിടത്തും നേതാക്കള്‍ക്ക് ഒരു മുഖമായിരുന്നു…
അട്ടപ്പാടിയില്‍ ശിശുമരണം, പേരാവൂരില്‍ മാലിന്യങ്ങള്‍ ഭക്ഷണമാക്കുന്ന ആദിവാസി ബാലന്മാര്, കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, നാടെങ്ങും പൂര്‍ത്തിയാകാത്ത പദ്ധതികളുടെ പേരില്‍ കിടപ്പാടം വിട്ടിറങ്ങേണ്ടിവന്ന അഭയാര്‍ത്ഥികള്‍, തുടങ്ങിയിട്ടുപോലുമില്ലാത്ത പുനരധിവാസ പാക്കേജുകള്‍, മണ്ണും മാനവും നഷ്ടമായവര്‍… എന്തിലും ഏതിലും കോഴയുടെ മണം, ചോരക്കൊതി… റിയല്‍ എസ്റ്റേറ്റ് മാഫിയകളെ തോല്പിക്കും മട്ടിലാണ് ഭൂമികുംഭകോണം. ആറന്മുളയില്, പാറ്റൂരില്‍, ടൈറ്റാനിയത്തില്‍, സോളാറില്‍, ബാറില്‍, ചക്കിട്ടപ്പാറയില്‍… മണ്ണ് വിറ്റുണ്ണുന്ന ദുഷ്പ്രഭുത്വം.
അതിനപ്പുറം തീരാത്ത ചോരക്കൊതിയും കുടിപ്പകയുമായി മറ്റ് ചിലര്‍. വെട്ടിയരിഞ്ഞിടുന്നത് മനുഷ്യജീവനുകളെയാണെന്ന ബോധമില്ലാത്ത നരാധമന്മാര്, വെട്ടിന്റെ എണ്ണം പൊലിപ്പിച്ചുപാടുന്ന പാണന്മാര്, നുണ പ്രചരിപ്പിച്ച്, കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുമ്പെട്ടിറങ്ങുന്നവര്‍, കൊന്നിട്ടും പകതീരാതെ കൊല്ലപ്പെട്ടവന്റെ ഓര്‍മ്മകളെയും അപമാനിക്കാന്‍ നായകളെ കൊന്ന് കെട്ടിത്തൂക്കുന്ന രാക്ഷസീയത…..
വര്‍ഷം അറുപതായി. അഴിമതിക്കും അക്രമത്തിനും കണക്കേയില്ല. എല്ലാവര്ക്കും എല്ലാമറിയാം. ആരെന്നും എന്തെന്നും അറിയാം. എന്നിട്ടും ആരും ശിക്ഷിക്കപ്പെട്ടില്ല. ആരുടെ പേരിലും നടപടികളുണ്ടായില്ല. അഞ്ചാണ്ടുവീതം പങ്കിട്ടെടുക്കുന്ന അധികാരം ഓരോ അഞ്ചാണ്ടിലും കൊള്ളയടിക്കുന്ന മുതല്‍… കുറ്റപത്രമില്ല, നടപടികളില്ല. എന്തുചെയ്താലും ഇത് ഇങ്ങനെതന്നെ പോകുമെന്ന വിശ്വാസം. ചോദിക്കാനാരാണുള്ളതെന്ന ധാര്‍ഷ്ട്യം… ഇനിയാരെങ്കിലും കടന്നുവന്നാല്‍ ഒത്തുചേര്‍ന്ന് തോല്പിച്ചുകളയാമെന്ന അഹന്ത….
ഇരുട്ട് എത്ര കട്ടപിടിച്ചുരുണ്ടുകൂടിയാലും വിണ്ണിന്റെ കല്പ്പലകമേല് പുതിയ പ്രഭാതം കോറിയിട്ട് സൂര്യന് ഉദിക്കാതിരിക്കില്ല. പുലരിയെത്തുംമുമ്പ് ലോകം അഗാധനിദ്രയിലാണ്ടിരിക്കുമ്പോള് കള്ളന്മാര് വിഹരിക്കുക സ്വാഭാവികമാണ്. അത് പ്രകാശത്തിന്റെ ആദ്യകിരണം പതിക്കുമ്പോള്‍ തന്നെ ഇല്ലാതാവുകയും ചെയ്യുമല്ലോ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: