വരള്‍ച്ചയുടെ പിടിയിലാണ് മഹാരാഷ്ട്രയിലെ ഒട്ടുമിക്ക ഗ്രാമങ്ങളും. അവിടെ ഒന്നും വിളയുന്നില്ല. മഴ കനിയുന്നതും കാത്ത് ഇരിക്കുകയാണ് ഇവിടുത്തെ കര്‍ഷകര്‍. എന്നാല്‍ ഇതൊന്നും കണ്ട് വെറുതെയിരിക്കാന്‍ ഇവിടുത്തെ ഒരുകൂട്ടം വനിതകള്‍ തയ്യാറല്ല. കുടുംബത്തിന്റെ വിധിയെ ഏറ്റെടുത്ത് അവര്‍ക്കൊപ്പം നില്‍ക്കുകയാണ് ഒസ്മനബാദിലെ സ്ത്രീകള്‍. വരള്‍ച്ച സമ്മാനിച്ച കെടുതികള്‍ കാരണം ജീവിതം ഉപേക്ഷിച്ച കര്‍ഷകരുടെ വഴി പിന്തുടരാന് ഏതായാലും തയ്യാറല്ല എന്ന് തീരുമാനിച്ചുറപ്പിച്ചുതന്നെയാണ് ഇവിടുത്തെ വനിതകള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്, അതും കൃഷിയിലേക്ക്.
കൃഷിചെയ്യുന്നതിനാവശ്യമായ അത്യാവശ്യം കാര്‍ഷിക ജ്ഞാനവുമായിട്ടാണ് ഇവര്‍ പച്ചക്കറി കൃഷിക്കിറങ്ങിയത്. അതേതായാലും വിഫലമായില്ല. വീട്ടിലേക്കാവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കുകയെന്നതായിരുന്നു ഒസ്മനാബാദിലെ സ്ത്രീകളുടെ ലക്ഷ്യം. ആ ലക്ഷ്യം അവര്‍ നേടി. ആവശ്യം കഴിഞ്ഞ് ബാക്കിവരുന്ന പച്ചക്കറികള്‍ അടുത്തുള്ള ചന്തയില്‍ കൊണ്ടുചെന്ന് വിറ്റു. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചുവെന്നത് മാത്രമല്ല, സ്വന്തമായി അധ്വാനിച്ച് അധിക വരുമാനം നേടാനായതിലും ഇവിടുത്തെ സ്ത്രീകള്‍ സന്തോഷിക്കുന്നു.
വീട്ടില്‍ പച്ചക്കറി ഉത്പാദിപ്പിക്കുക വഴി 300 രൂപ ഓരോ ആഴ്ചയും ലാഭിക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ അനുഭവം. വരള്‍ച്ച തളര്‍ത്തിയ തങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരു കൈത്താങ്ങാവുകയാണ് ഒസ്മനാബാദിലെ സ്ത്രീകള്‍.
ഇപ്പോള്‍ ഇവിടുത്തെ പുരുഷ കര്‍ഷകരും സ്ത്രീകളുടെ ഉപദേശം തേടുകയാണ്. വിത്ത് എങ്ങനെ വിതയ്ക്കണം, രാസവളങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്നീകാര്യങ്ങളിലെല്ലാം അവര്‍ അഭിപ്രായം തേടുന്നതായി അനിത കുല്‍കര്‍ണി പറയുന്നു. ജൈവവളമാണ് കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതെന്നും ഇവര്‍ പറയുന്നു.
2012 ല്‍ തുടങ്ങിയതാണ് ഇവരുടെ പരിശ്രമം. കൃഷിയില്മികവുതെളിയിച്ച സ്ത്രീകള്‍ പുരസ്കാരങ്ങള്‍ക്കും അര്‍ഹരായിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ കൃഷിയിലൂടെ വിപ്ലവം ഒന്നും തന്നെ സൃഷ്ടിക്കുന്നില്ലെന്ന് ഗോദാവരി ക്ഷീരസാഗര്‍ പറയുന്നു. അടിസ്ഥാന കൃഷിരീതിയിലേക്ക് മടങ്ങുകമാത്രമാണ് ചെയ്തതെന്നും ജൈവവളമാണ് ഉപയോഗിക്കുകയെന്നും ഇതിലൂടെ ഭക്ഷ്യസുരക്ഷയും അധികവരുമാനവും നേടുന്നുവെന്നുമാണ് ഇവരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: