ആലപ്പുഴ: കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും കേരളത്തില്‍ പന്തുകളിച്ച് രസിക്കുകയാണെന്നും ഭരണം എന്ന പന്തിന്റെ പിന്നാലെ ഓടി ഫോര്‍വേഡ് കളിച്ച് കേരളത്തെ ഫൗളാക്കിയെന്നും കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു. ആലപ്പുഴ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎ നേതൃത്വം നല്കുന്ന നരേന്ദ്രമോദിയുടെ കേന്ദ്രഭരണത്തില്‍ മറ്റു സംസ്ഥാനങ്ങളെല്ലാം പുരോഗതി പ്രാപിക്കുമ്പോള്‍ കേരളത്തില്‍ മാത്രം അതുണ്ടാകുന്നില്ല. ഇവിടെ പുരോഗതി ഉണ്ടാകണമങ്കില് ഇടതിന്റേയും വലതിന്റേയും ഈ പന്തുകളി അവസാനിപ്പിക്കണം. പ്രത്യയശാസ്ത്രത്തെ കഷണങ്ങളാക്കി കാറ്റില്‍പറത്തി ബംഗാളില്‍ എല്‍ഡിഎഫ് കോണ്‍ഗ്രസിന്റെ വാലായി മാറിയെന്നും ഇവര്‍ കേരളത്തില്‍ രഹസ്യബാന്ധവം ഉണ്ടാക്കി സാധാരണജനവിഭാഗത്തെ പടുകുഴിയിലാക്കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വ്വം കേട്ട് പരിഗണിച്ച മോദിസര്‍ക്കാര്‍ വേണ്ടതുചെയ്യുന്നു വീടുകളില്‍ ഭക്ഷണം പാചകം ചെയ്യാന്‍ എല്‍പിജി സംവിധാനം നല്കി ലക്ഷക്കണക്കിന് പാവപ്പെട്ട വീട്ടമ്മമാരെ കരിയില്‍നിന്നും പുകയില്‍നിന്നും രക്ഷപ്പെടുത്തി. മേക്ക് ഇന്ഇന്ത്യാ പദ്ധതിയിലൂടെ നിരവധി തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിച്ച് യുവാക്കള്‍ക്ക് വരുമാന മാര്‍ഗ്ഗം സൃഷ്ടിച്ചു. മേക്ക് ഇന്‍ ഇന്ത്യയുടെ വിജയമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോളാര്‍ റയില്എഞ്ചിന്, ഇതുപോലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് എന്‍ഡിഎ നേതൃത്വം നല്‍കുന്നത്.
രണ്ടുവര്‍ഷംമുമ്പുവരെ ഇന്ത്യ ഇറക്കുമതി രാജ്യമായിരുന്നുവെങ്കില്‍ എന്‍ഡിഎ ഭരണം വന്നതിനുശേഷം കയറ്റുമതി രാഷ്ട്രമായി മാറി പുരോഗതി കൈവരിക്കുകയാണ്. കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി സമസ്തമേഖലകളിലും മോദിഭരണം വിജയം നേടുമ്പോള്‍ കേരളം മാത്രം പിന്നോട്ടുപോകുന്നത് ഇവിടുത്തെ എല്‍ഡിഎഫിന്റേയും യൂഡിഎഫിന്റേയും മാറിമാറിയുള്ള ഭരണപോരായ്മയാണ്
കേന്ദ്രഭരണത്തിന്റെ ഗുണങ്ങള്‍ കേരളത്തിലും ലഭിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ആര്. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.വാസുദേവന്‍, ജില്ലാ സെക്രട്ടറി റ്റി.കെ.അരവിന്ദാക്ഷന്, സ്ഥാനാര്‍ത്ഥി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസ്, ഗീതാരാമദാസ്, മേജര്‍ ധനപാലന്, ആര്.സിന്ധു, റെജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: